ശാന്തിയും സമാധാനവും മാത്രമല്ല നമ്മുടെ വഴി എന്ന് വ്യക്തമാക്കി മോഡി

ലഡാക്ക്: ഓടക്കുഴല്‍ വായിക്കുന്ന ശ്രീകൃഷ്ണനെ മാത്രമല്ല സുദര്‍ശന ചക്രമേന്തിയ ശ്രീകൃഷ്ണനേയും ആരാധിക്കുന്നവരാണ് നാം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ലഡാക്കിലെ അതിര്‍ത്തി പോസ്റ്റ് ആയ നിമുവില്‍ സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘര്‍ഷത്തില്‍ വീരമൃത്യവരിച്ച സൈനികര്‍ക്ക് പ്രധാനമന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. രാജ്യം മുഴുവന്‍ സൈന്യത്തില്‍ പൂര്‍ണമായും വിശ്വാസമര്‍പ്പിച്ചിരിക്കുകയാണ്. ധീരരായ ജവാന്‍മാരുടെ കൈകളില്‍ രാജ്യം സുരക്ഷിതമാണെന്നും സ്വയം പര്യാപ്തത നേടുന്നതിനുള്ള രാജ്യത്തിന്റെ പരിശ്രമത്തിന് സൈന്യം ഉത്തമ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

ദുര്‍ബലരായവര്‍ക്ക് ഒരിക്കലും സമാധാനത്തിന് തുടക്കം കുറിക്കാന്‍ കഴിയില്ല. അതിന് ധൈര്യം വേണം. സൈന്യത്തിന്റെ ധീരത എന്തെന്ന് രാജ്യത്തിന്റെ ശത്രുക്കള്‍ കണ്ടുകഴിഞ്ഞു. ധീരതയും ത്യാഗവും ആണ് സമാധാനത്തിന് വേണ്ടുന്ന കാര്യങ്ങള്‍. യുദ്ധമായാലും സമാധാനം ആയാലും നമ്മുടെ സൈനികരുടെ പ്രകടനം എങ്ങനെയെന്ന് ലോകം കണ്ടു കഴിഞ്ഞുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യന്‍ ജനതയുടെ സ്വാഭിമാനത്തിന്റെ പ്രതീകമാണ് ലഡാക്ക്. ശത്രുക്കളുടെ കുടിലശ്രമങ്ങളൊന്നും വിജയിക്കില്ല. ആരെയും നേരിടാന്‍ രാജ്യം സജ്ജമാണ്. ശത്രിക്കളെ സൈന്യം പാഠം പഠിപ്പിച്ചു. നിങ്ങളുടെ പ്രവൃത്തി ലോകത്തിനാകെ സന്ദേശമാണ്. സൈനികരുടെ ശക്തി ലോകം തിരിച്ചറിയുന്നുവെന്നും മോഡി കൂട്ടിച്ചേര്‍ത്തു.