എം.എൻ.കാവ്യപുരസ്ക്കാരം സി.പി. ബൈജുവിന്

പുരോഗമന കലാ -സാഹിത്യ സംഘത്തിന്റെ സ്ഥാപക നേതാവും പ്രമുഖ പത്രപ്രവർത്തകനും കവിയും നാടകകാരനുമായിരുന്ന എം.എൻ.കുറുപ്പിന്റെ സ്മരണ നിലനിർത്തുന്നതിനായി പുരോഗമന കലാസാഹിത്യസംഘം യുവ എഴുത്തുകാർക്കായി ഏർപ്പെടുത്തിയിട്ടുള്ള പതിനായിരത്തി ഒന്ന് രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന ഈ വർഷത്തെ എം.എൻ കാവ്യപുരസ്ക്കാരത്തിന് മലപ്പുറം തിരൂർകാട് സ്വദേശി ബൈജു.സി.പി.അർഹനായി. പ്രമുഖ കവി എസ്.രമേശൻ ജൂറി ചെയർമാനും ഡോ.എസ്.രാജശേഖരൻ, ഡോ.എസ് അജയകുമാർ, ഡോ.സുനിൽ മർക്കോസ് എന്നിവർ അംഗങ്ങളയായുള്ള ജൂറിയാണ് അവാർഡ് നിർണ്ണയം നടത്തിയത്.45 വയസ്സ് വരെയുള്ള യുവ എഴുത്തുകാരിൽ നിന്നാണ് സൃഷ്ടികൾക്ഷണിച്ചത്.മത്സരത്തിനായി ലഭ്യമായ107 കവിതകളിൽ നിന്നും ചിലരെങ്കിലും ഊഷരകാലത്ത് വസന്തമായും ഇരുളിൽ വെളിച്ചമായും ചെറുത്ത് നിൽപ്പായും പ്രതിരോധ മായും നന്മയുടെ ഉറവയായും അവശേഷിക്കുന്നതു കൊണ്ടാണ് പ്രതിക്ഷയുടെ ഹരിതാഭ കെട്ടുപോകാത്തത് എന്ന് പ്രഖ്യാപിക്കുന്ന ബൈജു.സി.പി.യുടെ ‘ഭൂമിയിലെ ഉറവകൾ ‘ എന്ന കവിതയാണ് അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ടത്.പുതിയ എഴുത്തുകാർ വലിയ പ്രതീക്ഷ തരുന്നുവെന്നും ലഭിച്ചതിൽ ഏറെ കവിതകൾ മികച്ച നിലവാരം പുലർത്തുന്നവയായിരുന്നുവെന്നും ജൂറി അഭിപ്രായപ്പെട്ടു.ജൂലൈ 9 വൈകു. 3-ന് ഐക്യ ഭാരതം എസ്.എൻ.ഓഡിറ്റോറിയത്തിൽ നടക്കുന്ന എം എൻ കുറുപ്പ് അനുസ്മരണ സമ്മേളനത്തിൽ വെച്ച് അഡ്വ.എ.എം.ആരിഫ് എം.പി.അവാർഡ് സമ്മാനിക്കും.രാമപുരം ചന്ദ്രബാബു, ജോസഫ് ചാക്കോ, മാലൂർ ശ്രീധരൻ, അഡ്വ.ബാബു പ്രകാശ്, എൻ.എസ്.ജോർജ്ജ്, ജയൻ തോമസ്, ഡി. ഉമാശങ്കർ എന്നിവർ പങ്കെടുക്കും.പുരോഗമ കലാ സാഹിത്യ സംഘം മാരാരിക്കുളം ഏരിയ പ്രസിഡന്റ് സി.കെ.എസ്. പണിക്കർ അദ്ധ്യക്ഷത വഹിക്കും.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ച് ക്ഷണിക്കപ്പെട്ട പരിമിതമായ അംഗങ്ങളെ മാത്രം ഉൾപ്പെടുത്തിയാണ് ഇത്തവണ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്.

മലപ്പുറം ജില്ലയിലെ തിരൂർകാട് സ്വദേശിയായ ബൈജു സി.പി. കൃഷ്ണൻകുട്ടി – സത്യവതി ദമ്പതികളുടെ മകനാണ്.പെരുന്തൽമണ്ണ നഗരസഭ എഞ്ചിനിയറിങ്ങ് വിഭാഗത്തിൽ ഓവർസിയറായി ജോലി നോക്കുന്നു. നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുള്ള ബൈജു മൂന്ന് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എം. ഷീബ ഭാര്യ. മക്കൾ ആരാധ്യ, ആരോൺ.