സൂചിമുന മുഖ്യമന്ത്രിയിലേക്ക്

മുന്‍മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓഫീസിനെക്കുറിച്ച് സോളാര്‍കാലത്ത് ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും കവിയുമായ പ്രഭാവര്‍മ്മ ദേശാഭിമാനിയില്‍ എഴുതിയ ‘തെളിവുകളുടെ പത്മവ്യൂഹം’ എന്ന വാര്‍ത്താ പരമ്പരയില്‍ ‘സൂചിമുന മുഖ്യമന്ത്രിയിലേക്ക്’ എന്നൊരു ലേഖനം എഴുതിയിരുന്നു. അതായത് സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിയുടെ ഓഫീസിനെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെന്നായിരുന്നു സി.പി.എമ്മിന്റെയും ദേശാഭിമാനിയുടെയും പ്രഭാവര്‍മ്മയുടെയും അന്നത്തെ കണ്ടുപിടുത്തവും നിലപാടും . ആ ന്യായമാണ് ഇവര്‍ ഇപ്പോഴും പിന്തുടരുന്നതെങ്കില്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരനും നേരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളുടെ ഉത്തരവാദി മുഖ്യമന്ത്രിയല്ലേ എന്ന പ്രസക്തമായ ചോദ്യം ഉയരുന്നു.
പ്രഭാവര്‍മ്മയുടെ ലേഖനം ഇങ്ങനെയാണ് ആരംഭിക്കുന്നത്. ( 2013 ജൂൺ 22)
‘പേഴ്‌സണല്‍ സ്റ്റാഫിലെ ആരോപിതരെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി തുടരെ കൈക്കൊണ്ടത്. സ്റ്റാഫിനെ ബലിയാടാക്കി ഞാന്‍ രക്ഷപ്പെടില്ലെന്ന് ആദ്യം പറഞ്ഞു (ഇത് പറയുമ്പോഴും പി.സി. ജോര്‍ജ്ജ് ഇവരുടെ ബന്ധത്തെക്കുറിച്ച് പറഞ്ഞ കാര്യം മുഖ്യമന്ത്രിക്ക് അറിവുള്ളതായിരുന്നു എന്നോര്‍ക്കണം). ഏറ്റവും ഒടുവില്‍ പറയുന്നത് ഫോണ്‍ ചെയ്യുന്നത് കൊണ്ട് ആരും കുറ്റവാളിയാകില്ലാ എന്നാണ്. (ഇവരുടെ ഫോണ്‍ വിളികള്‍ സ്ഥിരീകരിക്കുന്ന സെന്‍കുമാര്‍ റിപ്പോര്‍ട്ട് വായിച്ച ശേഷമാണ് ഇത് എന്നതും ഓര്‍ക്കണം). ഫോണ്‍ ചെയ്തത് കൊണ്ടാരും കുറ്റവാളിയാകില്ലാ എന്നാണെങ്കില്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.പി.ഐ.എം നേതാക്കളെ കുരുക്കിയിടാന്‍ ഫോണ്‍ വിളിച്ചതാര് എന്ന മട്ടില്‍ അന്വേഷിച്ച് പോയതെന്തിന്? അവിടെ ഒരു നീതി ഇവിടെ മറ്റൊരു നീതി!.
തെറ്റ് ചെയ്താല്‍ സാധാരണ പുറത്താക്കുകയാണ് ചെയ്യുക. ഇവിടെ കുറ്റക്കാരായ പേഴ്‌സണല്‍ സ്റ്റാഫിനെ മാറ്റി നിര്‍ത്തിലേയുള്ളൂ. എന്നതും മുഖ്യമന്ത്രിയുടെ സംരക്ഷണ വ്യഗ്രതക്ക് തെളിവാകുന്നുണ്ട്. ഇവരെല്ലാം പുണ്യവാളന്‍മാരാണെങ്കില്‍, തന്റെ ഓഫീസിന് വീഴ്ച്ച പറ്റിയെന്നും തന്റെ ഓഫീസ് ദുരുപയോഗപ്പെട്ടെന്നും ഇടവേളയില്‍ മുഖ്യമന്ത്രി പറഞ്ഞതിന് എന്താണ് അര്‍ത്ഥം? മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗപ്പെട്ടെങ്കില്‍ മുഖ്യമന്ത്രി അല്ലാതെ മറ്റാരാണ് അതിന് ഉത്തരവാദി. അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് ഉമ്മന്‍ചാണ്ടി അല്ലാതെ മറ്റാരാണ്?’ ”
പ്രഭാവര്‍മ്മ ഉമ്മന്‍ചാണ്ടിയെ കുറ്റപ്പെടുത്താനായി ഉന്നയിച്ച ന്യായങ്ങള്‍ ഇപ്പോള്‍ പ്രഭാവര്‍മ്മ ജോലി ചെയ്യുന്ന ഓഫീസിനും ബാധകമല്ലേ? അതായത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനായ ശിവശങ്കരന്‍ ഐ.എ.എസ് ഓഫീസിനെ ദുരുപയോഗം ചെയ്തതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനുമില്ലേ എന്ന ചോദ്യമാണ് ഇവിടെയും ഉയരുന്നത്. ഈ ന്യായം ഉറക്കെ പറയാൻ വർമ്മാജി തയ്യാറാകുമോ?

റോയ് മാത്യു