സ്വര്‍ണക്കടത്ത് കേസ്‌; സ്വപ്‌നയ്ക്ക്‌ യുഎഇ കോണ്‍സുലേറ്റിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിന് യുഎഇ കോണ്‍സുലേറ്റിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ്. സ്വപ്ന മികച്ച ഉദ്യോഗസ്ഥയെന്നാണ് സര്‍ട്ടിഫിക്കറ്റിലെ പരാമര്‍ശം. വിഷന്‍ ടെക്‌നോളജിയില്‍ ജോലി നേടിയത് ഈ രേഖയുമായാണ്.

അതേസമയം, സ്വപ്ന സുരേഷ് കേരളം വിട്ടതായി സംശയം. സുഹൃത്തുക്കളെ ഉള്‍പ്പെടെ നിരീക്ഷണത്തിലാക്കി തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് കസ്റ്റംസ്. സ്വപ്നയെ കണ്ടെത്താന്‍ കേരള പൊലീസിന്റെ സഹായം തേടാനും ആലോചനയുണ്ട്. കസ്റ്റംസ് ആവശ്യപ്പെട്ടാല്‍ ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിക്കാനാണ് പൊലീസിന്റെ തീരുമാനം.

സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാവും ഉന്നതരിലേക്ക് അന്വേഷണം എത്തുമോയെന്നതില്‍ അന്തിമതീരുമാനമുണ്ടാവുക. അതിനിടെ സ്വപ്ന മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്.

അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ സുഹൃത്ത് സന്ദീപിന്റെ ഭാര്യ തിരുവനന്തപുരത്ത് കസ്റ്റംസ് കസ്റ്റഡിയിലാണ്.സന്ദീപിനും ഭാര്യയ്ക്കും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നാണ് സംശയിക്കുന്നത്. സന്ദീപ് ഒളിവിലാണ്. ഇവരുടെ സ്ഥാപനം സ്വപ്നയുടെ സാന്നിധ്യത്തില്‍ സ്പീക്കര്‍ ഉദ്ഘാടനം ചെയ്തിരുന്നു.