കേരളത്തില്‍ തന്നെ തുടരാന്‍ അനുവദിക്കണമെന്ന് അമേരിക്കന്‍ പൗരന്‍; അമേരിക്കയിലെ പ്രതിരോധ പ്രവര്‍ത്തനം കുഴഞ്ഞുമറിഞ്ഞ അവസ്ഥയാണെന്നും ജോണി

കൊച്ചി; കൊവിഡ് 19 അമേരിക്കയില്‍ തുടരുന്ന സാഹചര്യത്തില്‍ തന്നെ കേരളത്തില്‍ തന്നെ തുടരാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി അമേരിക്കന്‍ പൗരന്‍. കൊവിഡ് പ്രതിരോധ നടപടികള്‍ അമേരിക്കയില്‍ കുഴഞ്ഞ് മറിഞ്ഞ് കിടക്കുന്ന അവസ്ഥയിലാണെന്നും കേരളത്തില്‍ സുരക്ഷിതമാണെന്നും സംസ്ഥാനത്ത് തന്നെ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ പൗരനായ ജോണി പിയേഴ്‌സ് കേരള ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

സ്വദേശത്തേക്കാള്‍ മികച്ച നിലയിലാണ് കൊവിഡ് 19 നിയന്ത്രിക്കുന്നതില്‍ ഇന്ത്യയിലുള്ളത്. സന്ദര്‍ശക വിസ ബിസിനസ് വിസ ആക്കി നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൊവിഡ് 19 വ്യാപിച്ചതിന് പിന്നാലെ അമേരിക്കയിലെ സാഹചര്യങ്ങള്‍ വളരെ മോശമാണ് അതിനാലാണ് കഴിഞ്ഞ അഞ്ച് മാസമായി കൊച്ചിയില്‍ തുടരുന്നതെന്നും എഴുപത്തിനാലുകാരനായ ജോണി പിയേഴ്‌സ് പറയുന്നു. കൊവിഡ് 19 സംബന്ധിച്ച് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളില്‍ തനിക്ക് വളരെ തൃപ്തിയുണ്ടെന്നും ജോണി പറയുന്നു.

അമേരിക്കയില്‍ മാത്രം ഇതിനോടകം 551046 ജീവനുകളാണ് കൊവിഡ് 19 മൂലം നഷ്ടമായത്. അമേരിക്കയിലെ ആളുകള്‍ക്ക് കൊവിഡ് 19 വ്യാപനത്തേക്കുറിച്ച് ശ്രദ്ധിക്കുന്നില്ലെന്നും ജോണി കൂട്ടിച്ചേര്‍ത്തു. എനിക്കിവിടെ താമസിക്കണം. 180 ദിവസം കൂടി കേരളത്തില്‍ തുടരാനായി വിസ നീട്ടി നല്‍കണമെന്നാണ് ആവശ്യം. ഇവിടെ ഒരു ട്രാവല്‍ കമ്പനി തുടങ്ങണം, അതിനായി സന്ദര്‍ശക വിസ ബിസിനസ് വിസ ആക്കി നല്‍കണമെന്നും ജോണി ഹര്‍ജിയില്‍ പറയുന്നുണ്ട്.

ഇവിടെ നടക്കുന്ന കാര്യങ്ങളില്‍ താന്‍ പൂര്‍ണ തൃപ്തനാണ്. അമേരിക്കയിലെ സര്‍ക്കാര്‍ ആളുകളെ ഇന്ത്യയിലേത് പോലെ ശ്രദ്ധിക്കുന്നില്ലെന്നും ജോണി പിയേഴ്‌സ് കൂട്ടിച്ചേര്‍ത്തു. കുടുംബം കൂടി തന്നോടൊപ്പം ഇവിടെയുണ്ടെങ്കിലെന്നാണ് ആഗ്രഹിക്കുന്നതെന്നും ജോണി കൂട്ടിച്ചേര്‍ത്തു.