ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് സരിത്തിനെ കണ്ടുവെന്ന് തുറന്നുപറഞ്ഞ് സോബി

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ കണ്ടുവെന്ന് കലാഭവന്‍ സോബി തുറന്നുപറഞ്ഞിരുന്നു. മാധ്യമങ്ങളിലൂടെ സരിത്തിന്റെ ചിത്രങ്ങള്‍ കണ്ടപ്പോഴാണ് തിരിച്ചറിഞ്ഞതെന്നും സോബി പറഞ്ഞു.

ഇതിന് പിന്നാലെ സംഭവത്തില്‍ കൂടുതല്‍ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ പിതാവ് കെ.സി. ഉണ്ണി രംഗത്തെത്തി. സോബിയുടെ വെളിപ്പെടുത്തല്‍ കൂടുതല്‍ ഗൗരവമായി തന്നെ പരിശോധിക്കണമെന്ന് കെ.സി. ഉണ്ണി പറഞ്ഞു.

ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ ദുരൂഹതയുണ്ടെന്ന കാര്യത്തില്‍ താന്‍ ഉറച്ചുനില്ക്കുന്നുവെന്നും ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് തോന്നിയതിനാലാണ് കേസ് സി.ബി.ഐക്ക് കൊടുക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതെന്നും കെ സി ഉണ്ണി പറഞ്ഞു.

ബാലഭാസ്‌കറിന്റെ അപകടമരണസസ്ഥലത്ത് രണ്ട് പേരെ അസ്വാഭാവികമായി കണ്ടുവെന്ന് നേരത്തെ തന്നെ കലാഭവന്‍ സോബി പറഞ്ഞിരുന്നു. ഈ വെളിപ്പെടുത്തല്‍ ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുമുണ്ട്. അന്ന് കണ്ട രണ്ട് പേരില്‍ രൂപസാദൃശ്യമുള്ള ഒരാളാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയെന്നാണ് ഇപ്പോള്‍ സോബി ആരോപിക്കുന്നത്.

ബാലഭാസ്‌കറിന്റെ അപകടത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘങ്ങള്‍ ഉണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് ഇടയിലാണ് പുതിയ വെളിപ്പെടുത്തല്‍. അപകടം നടന്നതിന് പിന്നാലെ ഒരാള്‍ ഓടിപ്പോകുന്നതും മറ്റൊരാള്‍ ബൈക്ക് തള്ളിപ്പോകുന്നതും കണ്ടു. ഇരുവരുടെയും അസ്വാഭാവിക പെരുമാറ്റങ്ങളും നീക്കങ്ങളും സംശയമുണ്ടാക്കി എന്നായിരുന്നു നേരത്തെ സോബി വെളിപ്പെടുത്തിയിരുന്നത്.

അതേസമയം സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലായിരുന്ന പ്രതി റമീസിനെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇയാളെ ആലുവ സബ് ജയിലിലേക്ക് മാറ്റും. ഇന്ന് രാവിലെയാണ് റമീസിനെ ഈ കോടതിയില്‍ ഹാജരാക്കിയത്.

റമീസിനെ കസ്റ്റഡിയില്‍ വാങ്ങുന്നതിനുള്ള അപേക്ഷ മറ്റന്നാള്‍ സമര്‍പ്പിക്കും. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലും സ്വപ്ന സുരേഷിനെ പ്രതിചേര്‍ത്തു. എഫ്ഐആര്‍ പ്രകാരം സരിത്താണ് കേസിലെ ഒന്നാംപ്രതി, റമീസ് രണ്ടാം പ്രതിയും സ്വപ്ന മൂന്നാം പ്രതിയുമാണ്. സന്ദീപാണ് നാലാം പ്രതി.