പായിക്കരയിലെ വി.ഐ.പി (കഥ -വിനീത അനിൽ)

പായിക്കരക്കാർക്ക് അശോകേട്ടനോളം പ്രിയങ്കരനായി ആരുമില്ല. അശോകേട്ടന്റെ പ്രശ്നങ്ങൾ കണ്ടറിഞ്ഞ് പരിഹരിക്കാൻ നാട്ടുകാർ മത്സരിക്കുന്നു. എന്താവും ഇയാളുടെ മികവ്…

കുറച്ചു ദിവസമായി ഇതറിയാനുള്ള തിടുക്കത്തിലാണ് ഞാൻ…

എറണാകുളത്ത് പെരുമ്പാവൂരിൽ സ്വന്തം ഗേഹമുള്ള ഞാനെന്ന വാധ്യാർ ഉൾനാടൻ ഗ്രാമമായ പായിക്കരയിലെ ഗവ.യു.പി സ്കൂളിൽ എത്തിയിട്ട് മാസം ഒന്നാകുന്നേയുള്ളൂ. ഒരു ചെറിയ വീടൊപ്പിച്ച് ഏകനായി കഴിഞ്ഞു കൂടുന്നു, സ്വസ്ഥം. അതിനിടയ്ക്കല്ലേ അശോകേട്ടൻ..!

കടത്തിണ്ണയിലും കുളക്കടവിലും ഇടവഴിയിലും ഒരേ സംസാരവിഷയം. അശോകേട്ടനെ കണ്ടോ? ഒഴിവുണ്ടോ ആവോ…ഒന്ന് കിട്ട്വോ? എന്തായാലും ഇദ്ദേഹം വലിയ തിരക്കുള്ള ആൾ തന്നെ. പായിക്കര നിവാസികളുമായി അൽപം ആശയവിനിമയ ദാരിദ്ര്യമുള്ളതിനാൽ അശോകേട്ടനെന്ന മഹാൻ വലിയൊരു ചോദ്യചിഹ്നമായി ബാക്കിയാവുന്നു…

ക്ലാസ്സെടുക്കുന്നതിനിടെ ചിന്തിച്ചു. കുട്ടികളോട് ചോദിച്ചാലോ…അതു വേണ്ട. നാടിന്റെ കണ്ണിലുണ്ണിയായ അശോകേട്ടനെക്കുറിച്ച് സാറിന് ഒന്നുമറിയില്ലെന്നത് കുറച്ചിലല്ലേ. തികട്ടി വന്ന ചോദ്യം പിൻവലിച്ചു…

ശനിയാഴ്ച വൈകുന്നേരം മുടിയും മുഖവും മിനുക്കിക്കളയാമെന്നോർത്ത്സദാശിവം ഹെയർ കട്ടിംഗ് സലൂൺ ലക്ഷ്യമാക്കി നടന്നു. ഭാഗ്യം തിരക്കില്ല. മുടി വെട്ടിക്കഴിഞ്ഞ് ബാർബർ മുഖത്ത് സോപ്പ് പതപ്പിച്ചു കൊണ്ടിരിക്കെ, റോഡിലൊരാൾക്കൂട്ടവും ബഹളവും…

അശോകേട്ടാ…വിളിയൊച്ചകൾ അന്തരീക്ഷത്തിൽ അലയടിക്കുന്നു. ബാർബർ സദാശിവനും ആൾക്കൂട്ടത്തെ ലക്ഷ്യമാക്കി കുതിച്ചു. മുഖത്ത് സോപ്പുപതയും വലിയൊരു പുതപ്പുമായി ക്ഷൗരക്കസേരയിൽ ഞാൻ കുടുങ്ങി…

ഇത്തവണയും മഹാനായ അശോകൻ എനിക്ക് നഷ്ടമാകുന്നു! സദാശിവനെ പ്രാകിക്കൊണ്ട് തിരിയാക്കസേര ഇളക്കാൻ ഒരു ശ്രമം നടത്തി…

തുരുമ്പെടുത്ത സ്പ്രിംഗൊന്നു മുരണ്ടു. ഹാവൂ ഇപ്പോൾ റോഡിലേക്ക് കാണാം. ആൾക്കൂട്ടത്തിലേക്ക് കണ്ണുപായിച്ചു, നടുവിൽ ഒരാൾ…തോളിൽ നീളത്തിൽ ഏണി. ഏണിയിൽ കൊളുത്തിയിട്ട തളപ്പ്…പൊതിച്ചു കെട്ടിത്തൂക്കിയ അഞ്ചാറ് തേങ്ങകൾ…

പായിക്കര ടെക്സ്റ്റൈൽസിന്റെ ഉടമസ്ഥൻ ഹാജ്യാരുടെ ശബ്ദം വ്യക്തമായി കേൾക്കാനുണ്ട്…

“ജ്ജ് എപ്പളാ അസോകാ ഞമ്മളെ പെരേലേക്ക്…?”

”ങ്ങളൊന്നടങ്ങ് ഹാജ്യാരേ…”

ഏണിക്കാരൻ അരയിൽ നിന്ന് മൊബൈൽ ഫോൺ തപ്പിയെടുത്ത് ചെവിയോട് ചേർക്കുന്നു. എന്തൊക്കെയോ പറയുന്നു. ഫോൺ കട്ടാക്കിയ ശേഷം ചുറ്റുമുള്ളവർ കേൾക്കാനായി അൽപം ശബ്ദമുയത്തി സ്വഗതം:

“സി ഐ കരുണാകരൻ നമ്പ്യാരാ, എന്താക്കാനാ മനുഷ്യന് ഒഴിവ് കിട്ടണ്ടേ…”

മുഖത്തെ സോപ്പുപത ഫേഷ്യൽ പേക്കായി തങ്ങി നിൽക്കുന്നതിനാൽ ഇറങ്ങി നടക്കാനും വയ്യ. ഹാജ്യാർ ഒന്നു മുരണ്ടു…

”ജ്ജ് ജൂണിപ്പറഞ്ഞു ജൂലായ് ന്ന്, ജൂലായ്പ്പറഞ്ഞ് ആഗസ്ത് ന്ന്…ഞമ്മളെ മാസത്തിന്റെ പേര് പറഞ്ഞ് പഠിപ്പിക്ക്യാ…?”

എന്നിട്ട് അശോകൻ കേൾക്കാതെ മനസിൽ പറഞ്ഞിരിക്കാം, ‘ഇതിപ്പോ തെങ്ങ് കയറ്റായിപ്പോയി, അല്ലേൽ ഞമ്മളൊരു കൈ നോക്കിയേനെ…’

അപ്പോൾ ആളുകളിപ്പറയുന്ന അശോകൻ…!അശോകേട്ടൻ…!തെങ്ങുകയറ്റക്കാരനാ…!ഏയ് ആവില്ല…

സദാശിവൻ കിതച്ചു കൊണ്ടോടി വന്നു…

“സോറി മാഷേ, മൂപ്പരെ പിന്നെ കണ്ടുകിട്ടൂല. ആറു മാസമായി എന്റെ തൊടീൽ തേങ്ങയിട്ടിട്ട്. മുറ്റത്തേക്കിറങ്ങാൻ വയ്യ. തേങ്ങ പിടു പിടാന്നല്ലേ വീഴണത്. അശോകേട്ടനാണേൽ മോനെ മാഷാക്കണംന്ന് പറഞ്ഞ് ബി എഡിന് പണം കൊടുത്ത് ചേർത്തിരിക്ക്യാ. മൂപ്പര് ടച്ഛൻ ചോയിക്കുട്ട്യച്ചനായിരുന്നു മുമ്പ് പായിക്കര തേങ്ങയിടാൻ. മൂപ്പരെ കാലശേഷം അശോകേട്ടനായി. അയാളെ ചെക്കൻ വാധ്യാരായാൽ നമ്മടെ കഥയെന്താകും.?നമ്മക്കൊക്കെ തേങ്ങ തലേൽ വീണ് ചാകാനായിരിക്കും യോഗം…”

സദാശിവൻ വാചാലനായി…

മുന്നിലെ കണ്ണാടിയിലേക്ക് നോക്കി. മുഖം മിനുങ്ങിയപ്പോൾ ഞാനെന്ന വിനയൻ മാഷെ കാണാൻ ഒരു ചേലൊക്കെയുണ്ട്. ബാർബർക്ക് കാശു കൊടുത്തിറങ്ങി. ചിന്തയെ ഭരിച്ചത് അശോകേട്ടൻ. അദ്ദേഹത്തിന്റെ കാലശേഷം ഇനിയാരെന്ന ചോദ്യവും…

പായിക്കരക്കാരെ സംബന്ധിച്ചിടത്തോളം തെങ്ങുകയറ്റം ഒരു മഹേന്ദ്രജാലം തന്നെ…!

കഷ്ടം! പി എസ് സി കടാക്ഷിക്കും മുമ്പ് പെരുമ്പാവൂരിലെ എത്ര തെങ്ങിൻ മണ്ട ഈ വിനയൻ മാഷ് കണ്ടിരിക്കുന്നു. തെങ്ങു കയറ്റത്തൊഴിലാളിയായ അച്ഛൻ വയ്യാതെ കിടന്നപ്പോൾ പെരുമ്പാവൂര്കാരുടെ തേങ്ങ മുഴുവൻ താഴെയെത്തിച്ചത് താനായിരുന്നു. ഒരു കുടുംബം പുലർത്തിയത് തേങ്ങയിട്ടായിരുന്നെന്ന് പായിക്കരക്കാരുണ്ടോ അറിയുന്നു. വീട്ടിലുള്ള ആ പഴയ തെങ്ങുകയറ്റ യന്ത്രത്തിന് നന്ദി…

പക്ഷേ അശോകേട്ടന് ഇവിടെ കിട്ടുന്ന വി ഐ പി സ്ഥാനം തനിക്കോ അച്ഛനോ കിട്ടിയിട്ടില്ല…

ശമ്പള ദിവസമാകട്ടെ…

വിനയൻ മാഷ് പായിക്കരയിൽ ഒരു വിപ്ലവം സൃഷ്ടിക്കും…

മൊബൈൽ കിളി ചിലച്ചു. ചിന്തകളിൽ നിന്നടർന്ന് ഫോണെടുത്തു. വീട്ടിൽ നിന്നും അനിയത്തിയാണ്. ചേട്ടൻ ഞങ്ങളെയൊക്കെ മറന്നോ എന്ന് കേട്ടപ്പോഴാണ് മൂന്നാല് ദിവസമായി വീട്ടിലേക്ക് വിളിച്ചിട്ടില്ലെന്ന് ഓർമ വന്നത്. ശമ്പളം കിട്ടിയാൽ വാങ്ങേണ്ടുന്ന ചുരിദാറിന്റെ കാര്യം അവൾ സൂചിപ്പിച്ചു…

പാവം അലക്കി നനച്ച് കീറിയ പാവാടയിൽ നിന്ന് ചുരിദാറിലേക്ക് മാറാൻ അവളുടെ ആഗ്രഹം. നീ നന്നായി പഠിക്കണം…ഏട്ടൻ എല്ലാം വാങ്ങിത്തരാം. അമ്മയോട് മരുന്ന് നേരത്തിന് കഴിക്കാൻ പറയണം…വാ തോരാതെ അവളിങ്ങോട്ടും എന്തൊക്കെയോ പറഞ്ഞു…

ശമ്പളം കിട്ടി പിറ്റേന്നാൾ ലീവെടുത്തു. നേരെ ചെന്നത് പട്ടണത്തിൽ…

എറണാകുളത്തേക്കാളും തിരക്കുണ്ടെന്ന് തോന്നി പുരാതന നഗരമായ കോഴിക്കോടിന്. പോർച്ചുഗീസുകാരുടെ കാലടികൾ ആദ്യമായി പതിഞ്ഞ മണ്ണ്. പരസ്പരം മുഖം കൊടുക്കാതെ തിരക്കിട്ട് നടക്കുന്ന ജനങ്ങൾ. റോഡിലെ കുഴികളിൽ നിന്ന് തെന്നി മാറാൻ ഇംഗ്ലീഷ് അക്ഷരമാലയിലെ എസ് ആകൃതിയിൽ ഇഴഞ്ഞു നീങ്ങുന്ന വാഹനങ്ങൾ…

അഴുക്കിന്റെയും ഉണക്കമീനിന്റെയും നേർത്ത വാട തങ്ങി നിൽക്കുന്ന അന്തരീക്ഷം…

ഓണമാണ് വരുന്നത്. അനിയത്തിയുടെ ആഗ്രഹം. പിന്നെ മറ്റു വീട്ടാവശ്യങ്ങൾ എല്ലാം നിറവേറ്റാനുണ്ട്. അതിനു മുമ്പേ…

ദൃഢനിശ്ചയത്തോടെ മുന്നോട്ട് നടന്നു. എവിടെ കിട്ടും. അന്വേഷിച്ചന്വേഷിച്ച് വലിയങ്ങാടിയിലെത്തി. എവിടെയുമില്ല…

നിരാശനായില്ല. ഒടുവിൽ ഒരു കടയിൽ നിന്ന് സാധനം ലഭിച്ചു…

തെങ്ങിൽ കയറുന്ന യന്ത്രം…

ഒരു സാമ്രാജ്യം പിടിച്ചടക്കിയ ധീരയോദ്ധാവാണ് താനെന്ന് ഒരു നിമിഷം തോന്നി. അങ്ങനെ അരുമയായ യന്ത്രവുമായി പായിക്കര ബസ്സിറങ്ങി…

ഒരു വണ്ടി വിളിച്ച് സ്കൂളിലെത്തി. നേരം അഞ്ചു മണിയാവുന്നു. എല്ലാവരും കൂടണഞ്ഞിരിക്കുന്നു. രാഘവൻ മാഷ് മാത്രമുണ്ട്. തിരക്കിട്ടെന്തോ എഴുതുന്നു. ഹെഡ്മാസ്റ്ററാണല്ലോ. എല്ലാ പരിദേവനങ്ങളും ചെന്നുപെടുക മൂപ്പിലാന്റെ തലയിലാണ്…

വണ്ടിയുടെ ശബ്ദം കേട്ട് മാഷ് തലയുയർത്തി…

“ഹല്ലാ, വിനയൻ മാഷ് ലീവെടുത്ത് നാട്ടിൽ പോയതാന്നാ ഞാൻ കരുത്യേ. ഇതെന്താ ഇപ്പോ ഈ സമയത്ത്…?”

വെറുതെ ഒന്ന് ചിരിച്ച്, യന്ത്രമെടുത്ത് താഴെ വെച്ചു. വണ്ടിക്കാരനെ വിട്ടു. മുറ്റത്ത് നീണ്ടു നിവർന്ന് നിൽക്കുന്ന തെങ്ങിൽ യന്ത്രം ചാരിവെച്ചു. അന്ധാളിപ്പോടെ രാഘവൻ മാഷ് ഇറങ്ങി വന്നു…

“എന്താ മാഷേ നെങ്ങക്കെന്തു പറ്റി, തലക്കല്ലിളകിയോ…?”

“ഇത് ഭ്രാന്തൊന്നുമല്ല മാഷേ, പാഠ പുസ്തകത്തിനപ്പുറം പായിക്കരയിലെ കുട്ടികൾ തെങ്ങുകയറ്റം പഠിക്കുന്നത് നല്ലതാണെന്ന് തോന്നി…”

“ന്റെ മാഷേ, ഇങ്ങള് ഓരോ ഏടാകൂടം വലിച്ച് ന്റെ തലേലിടല്ലേ…പെൻഷൻ പറ്റാനിനി ഒരു കൊല്ലോടിണ്ട്. പൊട്ടാതെ പൊളിയാതെ അത് കഴിഞ്ഞ് കിട്ടണംന്നാ പ്രാർത്ഥന…”

“പ്ലീസ്…സാറിനറിയാമോ, പായിക്കരക്കാരുടെ സങ്കടം. തെങ്ങുകൃഷിയെ ആശ്രയിച്ച് കഴിയുന്ന എത്രയോ കുടുംബങ്ങൾ. തേങ്ങ വിളഞ്ഞു നിൽക്കുന്നു. വെട്ടിയിടാനാളില്ല. ഉള്ളവരെ സമയത്തിന് കിട്ടുന്നില്ല. കിട്ടിയാലോ കഴുത്തറുപ്പൻ കൂലി. ഈ സ്ഥിതി മാറണം. ന്യായമായ കൂലിക്ക് തേങ്ങയിടുന്ന ഒരു പുതിയ സമൂഹം വളർന്നു വരണം…”

“ന്റെ വിനയൻ മാഷേ, ഇവിടെ നിറയെ വികൃതിക്കുട്ടികളാ…ഏഴിലെ സാലി മാത്രം മതി തെങ്ങിന്റെ മണ്ടയും സ്കൂളും പൊളിക്കാൻ…”

“ഇല്ല സാറേ, വികൃതികളെന്ന് നാമവരെ വെറുതെ മുദ്ര കുത്തുകയാണ്. വളർന്നു വരുന്ന അവരുടെ മനസ്സിലേക്ക് നമ്മൾ മണ്ണിനും മരത്തിനും പ്രയോജനമില്ലാത്ത പഴഞ്ചൻ വസ്തുതകൾ കുത്തിനിറയ്ക്കാൻ പാടുപെടുന്നു. പാഠപുസ്തകം മാത്രം പരീക്ഷിക്കപ്പെട്ട് കുറേ, എ പ്ലസ് യന്ത്രങ്ങളെ വാർത്തെടുക്കുന്നു. പുതിയ തലമുറയാകട്ടെ തികച്ചും അസംതൃപ്തർ. അവരുടെ കുഞ്ഞു മനസ്സ് പ്രതിഷേധിക്കുന്നു. ചൂരലിളക്കി പേടിപ്പിച്ച് നാമവരെ തടങ്കലിലാക്കുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ആ പഠനശീലത്തിൽ നിന്ന്, അതിന്റെ ഇരുട്ടറയിൽ നിന്ന് നാം പുറത്ത് കടക്കണം. നോക്കാം, നമുക്ക് കുട്ടികൾ എങ്ങനെ പ്രതികരിക്കുമെന്ന്. മഹാത്മജി എന്താ പറഞ്ഞത്? വേലയിലൂടെ വേണം വിദ്യാഭ്യാസം വിളയാൻ എന്നല്ലേ…”

ഇരച്ചു വന്ന ആവേശം പറഞ്ഞു തീർത്തു…

മഹാത്മജി എന്നു കേട്ടപ്പോൾ സ്വതവേ ഗാന്ധിയനും ഖദർ ധാരിയുമായ മാഷിന് ഉത്തരം മുട്ടി…

”മാഷ് പറഞ്ഞത് നല്ല കാര്യൊക്കെത്തന്നെ…പക്ഷേ വല്ല കുഴപ്പവും…?”

“ഒന്നും വരില്ല സർ, ഞാൻ ശുഭാപ്തി വിശ്വാസിയാണ്. ഇപ്പോൾ പായിക്കരയിൽ ഒറ്റ വി ഐ പിയേ ഉള്ളൂ. കുറച്ചു വർഷം കൊണ്ട് നമ്മുടെ ഈ പായിക്കര വി ഐ പികളുടെ ഗ്രാമമാകും…”

“ന്നാ ഞാൻ തടസ്സം നിക്കണില്ല. നമ്മക്കൊന്ന് പരീക്ഷിച്ചു നോക്കാം…”

രാഘവൻ മാഷ് എഴുത്തു കുത്തുകളിലേക്ക് കടന്നു…

അതെ, പായിക്കര ഗവ.യു.പി സ്കൂൾ ഒരുങ്ങുകയാണ്. തെങ്ങു കയറ്റം പഠിക്കാൻ..!

മഹാനായ അശോകേട്ടനെ തോല്പിക്കാൻ…!!

 

വിനീത അനിൽ