ലോകത്തിന് വേണ്ടി കൊവിഡ് വാക്‌സിന്‍ കണ്ടെത്താന്‍ ഇന്ത്യക്ക് സാധിക്കും

വാഷിങ്ടണ്‍: ലോകത്തുള്ള എല്ലാവര്‍ക്കും വേണ്ട കോവിഡ് 19 വാക്‌സിന്‍ നിര്‍മിക്കാന്‍ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രിക്ക് കഴിയുമെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. ഔഷധ നിര്‍മ്മാണ രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ പ്രശംസനീയമാണെന്നും ബില്‍ഗേറ്റ്‌സ് പറഞ്ഞു.

കോവിഡ് 19: ‘ഇന്ത്യാസ് വാര്‍ എഗെയ്ന്‍സ്റ്റ് ദ വൈറസ്’ എന്ന ഡോക്യുമന്റെറിയിലാണ് അദ്ദേഹം ഇന്ത്യയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഡിസ്‌കവറി പ്ലസ് ചാനലില്‍ വ്യാഴാഴ്ച വൈകുന്നേരം ഡോക്യുമന്റെറി സംപ്രേഷണം ചെയ്യും. ഇന്ത്യയുടെ മെഡിക്കല്‍ രംഗം മികച്ചതാണ്. കൊറോണ വാക്‌സിന്‍ നിര്‍മിക്കാനുള്ള കഴിവ് ഇവിടുത്തെ മരുന്ന് നിര്‍മാതാക്കള്‍ക്കുണ്ട്.

ആ കഴിവുപയോഗിച്ച് പല മറ്റ് രോഗങ്ങള്‍ക്കുള്ള ഔഷധങ്ങളും അവര്‍ നിര്‍മിക്കുന്നുണ്ട്. മറ്റെവിടത്തേക്കാളും കൂടുതല്‍ വാക്‌സിനുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പുനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കം നിരവധി മരുന്ന് ഉല്‍പ്പാദകള്‍ ഇന്ത്യയിലുണ്ട്. ബയോ ഇ, ഭാരത് ബയോട്ടെക്ക് എന്നീ പ്രമുഖ മരുന്ന് കമ്പനികളെയും ബില്‍ ഗേറ്റ്‌സ് പരാമര്‍ശിച്ചു. വലിയ ഒരു രാജ്യം എന്ന നിലയിലും കൂടിയ ജനസംഖ്യയും ഇന്ത്യക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. എന്നാല്‍ അത്തരം സാഹചര്യങ്ങളിലെല്ലാം രാജ്യം ശക്തമായി നേരിട്ടിട്ടുണ്ടെന്നും ബില്‍ഗേറ്റ്‌സ് കൂട്ടിച്ചേര്‍ത്തു.