ആരാണെനിക്കു നീ (കവിത – മിനി സുരേഷ്)

ആരാണെനിക്കു നീ .. അറിയില്ല
നീയെന്റെ ജീവന്റെ ജീവനാണെന്ന
ചിന്തയിലൊഴുകി…നിന്നിലലിഞ്ഞു ഞാൻ.

പോയ ജന്മത്തിൻ..പാതി വഴിയിൽ
പറയാതെ വേർപിരിഞ്ഞവരാണെന്ന
ബോധ സാഗരത്തിൽ കരയെ
പുണരാനെത്തുന്ന തിരകളെപ്പോലെ
എൻ മനമറിയാതെ നിന്നെ പുണരുന്നു.

ഉള്ളിന്റെയുള്ളിൽ ശ്വാസമായ്,ജീവനതാളമായ്
ചേർത്തു വച്ച പ്രണയ ഭാവമത്രയും പകർന്ന്
വിരഹവേദനയിൽ വിടയുമാത്മാവിനെ
വിരൽ തൊട്ടുണർത്തിയകലത്തായ്
സൂര്യനെ കാത്തു നിൽക്കും നളിനസുമത്തിൻ
പരിഭവമോതാത്ത ഹൃദയത്തുടിപ്പുകൾ

പ്രാണൻ വെടിഞ്ഞു പോകും നേരം മാത്രമായിനി
വേർപിരിയാനൊരുപാടോർമ്മകൾ..ഓർമ്മകൾ.
വരും ജന്മത്തിലും കൂടെയെത്തുമോയീ ഓർമ്മകൾ.

 

മിനി സുരേഷ്