മ്യാവൂ (കഥ -രതീഷ് ചാമക്കാലായിൽ )

ടികുത്തി വളരെ സാവധാനത്തിലാണ് നടന്നുകയറിയതെങ്കിലും മുകളിലെത്തിയപ്പോഴേക്കും
ഭവാനിത്തള്ളയുടെ ശുഷ്കിച്ച് ചോരവറ്റിയുണങ്ങിയ ഉടലിന് അണച്ചിരുന്നു .
കവലയിൽനിന്ന് പതിനഞ്ചുമിനിറ്റിന്റെ നടപ്പ് ദൂരമുള്ള കനാൽമണ്ടയിലാണ്
ഭവാനിത്തള്ള താമസിക്കുന്നത് .
അവിടെ സർക്കാർവക പുറമ്പോക്കിൽ തട്ടിക്കൂട്ടിയുണ്ടാക്കിയ ഒറ്റമുറിവീടായിരുന്നു വൃദ്ധയുടേത് .

വാർദ്ധക്യകാല-അവശതകളേറി പണിക്ക് പോകാൻ പറ്റാതാകുന്നതുവരെയുള്ള
ജീവിതത്തിന്റെ മുക്കാൽപ്പങ്കും സമ്പന്നവീടുകളിൽ അടിച്ചുവാരിയും അടുക്കളപ്പണിചെയ്തുമാണ് ഭവാനിത്തള്ള കഴിഞ്ഞുകൂടിയിരുന്നത് .
അവർക്ക് സ്വന്തമെന്ന് പറയാനുണ്ടായിരുന്നത് മകനായിരുന്നു .
മദ്യത്തിനും മറ്റുലഹരികൾക്കുമടിപ്പെട്ട് കൂലിത്തല്ലും അലമ്പുമായി നടന്നിരുന്ന മകൻ അകാലത്തിൽ അന്യന്റെ കത്തിമുനയ്ക്ക് തീർന്നതോടെ ഒറ്റയായിപ്പോയതാണ് ഭവാനിത്തള്ള .

കഴിഞ്ഞ രണ്ട് വർഷത്തിലധികമായി പകൽമുഴുവനും ഭഗവാന്റെ നടയ്ക്കൽ ഭജനമിരുന്ന്.., സന്ധ്യയ്ക്ക് ദീപാരാധനയും തൊഴുത് മടങ്ങാറായിരിന്നു പതിവ് .
അതിനിടയിൽ ഉച്ചനേരം ഊട്ടുപുരയിൽനിന്ന് ലഭിച്ചിരുന്ന അന്നത്തിലായിരുന്നു ഭവാനിത്തള്ളയുടെ ജീവൻ നിലനിന്നിരുന്നത് .

വിടാതെ പിന്തുടർന്നിരുന്ന കാൽമുട്ടുവേദന ഈയിടെയായി വൃദ്ധയെ വല്ലാതെ കഷ്ടപ്പെടുത്താൻ തുടങ്ങിയിരിക്കുന്നു . വാർദ്ധക്യ ബാധകളായ വിറയലും തളർച്ചയും തലചുറ്റലും വാസമുറപ്പിച്ച
ചുളിവുറഞ്ഞ ഉടലിനെ.., കാൽമുട്ടിലെ
വേദനയുമുപദ്രവിക്കാൻ തുടങ്ങിയതോടെ ദിനവും ക്ഷേത്രത്തിലേക്ക് നടന്നുപോകാൻ വയ്യാതെയായിരിക്കുന്നു വൃദ്ധയ്ക്ക് .

നാലുദിവസം പട്ടിണിയെ ഉപാസിച്ചതിന് ശേഷമാണ്.., ഇന്നവർ വിറയലോടെ ക്ഷേത്രത്തിലേക്ക് പോയത് .
പരവേശത്തിൽ കുതിർന്ന് തിരികെയെത്തിയ ഭവാനിത്തള്ളയുടെ ഇടതുകയ്യിൽ
ഒരു ചെറിയ പൊതിയുണ്ടായിരുന്നു .
ദ്രവിച്ചടർന്നു തുടങ്ങിയ വാതിൽ തള്ളിത്തുറന്നകത്തുകയറിയ വൃദ്ധ കുറച്ചുദൂരം നടന്നതിന്റെ ക്ഷീണത്തിൽ വേയ്ക്കുന്ന ശരീരം കട്ടിലിലേക്ക് താങ്ങി .
ശ്വാസംകിട്ടാതെ ഏങ്ങിക്കൊണ്ടിരുന്ന അവർ
ഇരുന്നുകൊണ്ട് തന്നെ ചുറ്റിലും തിമിരക്കണ്ണുകളോടിച്ചു .
കാണാതെയായ പ്രിയമുള്ളതിനെ തേടുകയായിരുന്നു അവരുടെ വിഹ്വലമായ മനസ്സ് .
കാണാത്തതിനെത്തുടർന്ന് കാതുകൂർപ്പിച്ച് ഒച്ചയനക്കമുണ്ടോയെന്ന് ശ്രദ്ധിക്കുകയും ഇല്ലന്ന് മനസ്സിലായതോടെ ബലമുറയ്ക്കാതെ ഇടറുന്ന കാലുകളിൽ വേച്ച്.., ഒറ്റമുറിയും അടുക്കളചായ്പ്പുമടങ്ങുന്ന കൂരയുടെ ഇരുണ്ടുകിടക്കുന്ന കോണിലെല്ലാം പോയിനോക്കുകയും ചെയ്തു .
തീരെ വയ്യെങ്കിലും അവർക്ക് ഇരിപ്പുറയ്ക്കുമായിരുന്നില്ല…!
അത്രയും പ്രിയപ്പെട്ടതിനെയാണല്ലോ കാണാതായിരിക്കുന്നത് . കണ്ടത്താനാവാതെ പ്രതീക്ഷയുടെ തിരിയണഞ്ഞ് നിരാശയായ വൃദ്ധ വീണ്ടും കട്ടിലിൽ വന്നിരുന്നു .
അവരുടെ ചുളിഞ്ഞ് ഞരമ്പുതെളിഞ്ഞ മെല്ലിച്ച കയ്യിൽ അപ്പോഴും ചെറിയ പൊതി
ഭദ്രമായുണ്ടായിരുന്നു .

അകാലത്തിൽ മകനറ്റുപോയതിന്റെ
നിരാശയിലേക്കും ഏകാന്തതയിലേക്കും കൂപ്പുകുത്തിയ ഭവാനിത്തള്ള മടുപ്പും ഏകാന്തതയുമകറ്റാനായി മിനുസമാർന്ന ഉടലും നീലക്കണ്ണുകളുമുള്ള
ഒരു അരുമക്കുഞ്ഞിനെ വളർത്തിയിരുന്നു .
പിന്നീടിങ്ങോട്ട് കഴിഞ്ഞുപോയ വർഷങ്ങളിലെല്ലാം അവരുടെ കൂട്ടും ആശ്വാസവുമായിരുന്ന വളർത്തുമകളെ
കഴിഞ്ഞ ദിവസം മുതൽ കാണാതായിരിക്കുന്നു .
ഹതാശയായ വൃദ്ധ തന്റെ കുഞ്ഞിനെയാണ് വേവലാതിയോടെ തിരഞ്ഞത് .

വീട്ടിൽ താനേകയാണെന്ന ബോധ്യത്തിൽ വിറങ്ങലിച്ചു പോയ വൃദ്ധാത്മാവ് ജീവിതത്തിലാകെ ശേഷിച്ചിരുന്ന ബന്ധു ദിവസങ്ങളോളം നീളുന്ന പട്ടിണിമൂലം തന്നെ ഉപേക്ഷിച്ചുപോയിരിക്കുമോയെന്ന് ഭയന്നു .
അവർക്ക് കൊഞ്ചിച്ച് തലോടാനും
പരിഭവംപറയാനും ദേഷ്യപ്പെടാനും സ്നേഹിക്കാനും ഈ ലോകത്തിൽ ആരുമില്ലായിരുന്നതുപോലെ
അവരോട് പറ്റിച്ചേർന്നുകിടക്കാനും
മുട്ടിയുരുമ്മിയാശ്വസിപ്പിക്കാനും ഒറ്റവാക്കിലൊരുപാട് സംസാരിക്കാനും വേറെയാരുമില്ലായിരുന്നല്ലോ…!
എങ്കിലും വിശപ്പിനെ മറികടന്നു നിലനിൽക്കുന്ന ബന്ധമൊന്നും ജീവികൾക്കിടയില്ലെന്ന പ്രാഥമിക പാഠം നിരക്ഷരയായ ഭവാനിത്തള്ളയും പഠിച്ചിരുന്നു .
ഈയിടെയായി ഇടവേളകളധികമില്ലാതെ തങ്ങളോടൊപ്പം വന്നുകൂടാറുള്ള പട്ടിണി ദിവസം മൂന്ന്-നാല് കഴിഞ്ഞിട്ടും മടങ്ങിയിട്ടില്ലല്ലോയെന്നും അവരോർത്തു .

വൃദ്ധമനം മരണത്തെയാഗ്രഹിച്ചു…!

ചിതലിനെപ്പോലെ ഉള്ളിലരിക്കുന്ന വിശപ്പിനു തടയിടാൻ രണ്ടിറക്ക് വെള്ളം കുടിച്ച വൃദ്ധ.., വിറകൊള്ളുന്ന ദേഹവുമായി ഭഗവാന്റെയടുത്തുപോയി പൊതിഞ്ഞുകൊണ്ടുവന്ന നേദ്യച്ചോറിന്റെ പൊതിയഴിച്ച് തന്റെ കുഞ്ഞിനുവേണ്ടി കട്ടിൽക്കാലിനരികിലേക്ക് മാറ്റിവെച്ചു…!

നിശ്ശബ്ദത വിഴുങ്ങിയ കൂരയിൽ
അപവാദമായി ഉയരാറുണ്ടായിരുന്ന ‘മ്യാവൂ…’ശബ്ദത്തിന് കൊതിച്ച ഭവാനിത്തള്ള കട്ടിലിലേക്ക് ചാഞ്ഞു . കാതുകളിലേക്ക് മനമൂന്നി തളർന്നുകിടന്ന അവർ തിരികെയെത്തുന്ന വളർത്തുമകൾക്ക് ഉടലിനോടൊട്ടി ചുരുണ്ടുകിടക്കാനുള്ള ഇടം പതിവുപോലെ ഒഴിച്ചിട്ടിരുന്നു .

ദയാവായ്പ്പോടെ ചുംബിച്ച് ഗാഢമായലിംഗനത്തിലൊതുക്കി കൂട്ടിക്കൊണ്ടുപോകാനായി വാതിൽ വിടവിലൂടെ നൂണ്ടുകയറിയ
അനന്തവിഹായസ്സിന്റെ ശകലം.., വൃദ്ധയുടെ അഭിലാഷമറിഞ്ഞ് ‘മ്യാവൂ’ശബ്ദത്തിന് കാതോർത്ത് അനുകമ്പയോടെ കാത്തുനിന്നു…!

രതീഷ് ചാമക്കാലായിൽ