എന്റെ വല്യച്ഛന് ഒരുരുള ബലിച്ചോറ് ( മിനി വിശ്വനാഥൻ )

ചെറൂളയുടെയും കറുകപ്പുല്ലിന്റെയും ഗന്ധമുള്ള ഓർമ്മകളുമായാണ് കർക്കിടകവാവ് കടന്നുവന്നത്.
ഗന്ധങ്ങളോട് കൂടെ വാത്സല്യവും ചേരുമ്പോൾ ഓർമ്മകൾക്ക് ഭംഗി കൂടും, നഷ്ടപ്പെട്ടു പോയ നല്ല കാലത്തെ ഓർത്ത് സങ്കടവും…
കർക്കിടക വാവിന് രണ്ടാഴ്ച മുന്നേ മമ്മി അച്ഛനും വല്യച്ഛനും കർക്കടക വാവിന് ബലിയിടാൻ നാട്ടിൽ വരണമെന്ന് ആവശ്യപ്പെട്ട് എഴുത്തെഴുതി പോസ്റ്റ് ചെയ്യും. അമ്മയ്കും അച്ഛനും കൂട്ടത്തിൽ പ്രിയപ്പെട്ട അമ്മാവനും ബലി വെക്കാനൊരു അവസരമാണിത്, ബലിക്കരി കാച്ചാൻ പുരുഷൻമാരില്ലാതെ എനിക്ക് ചെയ്യാൻ പറ്റുന്ന കാര്യമല്ലാലോ ഇത് എന്നൊരു സെന്റിമെന്റൽ ഡയലോഗും എഴുത്തിനടിയിൽ PS വെച്ച് ചേർക്കും..
ജോലിത്തിരക്കുകളുടെ പ്രാരബ്ധങ്ങൾ നിറഞ്ഞ മറുപടിയെഴുത്തുകൾ കൃത്യമായി വരും. കൂട്ടത്തിൽ പേരൂരിൽ പോയി ബലിയിട്ടോളാം എന്ന് അച്ഛന്റെ ഓഫറുമുണ്ടാവും. മലയാളികളുടെ തിരുനെല്ലി പോലെയാണ് പിതൃബലിക്ക് തമിഴ്നാട്ടിലെ പേരൂർ. വല്യച്ഛന് ശരിക്കും തിരക്കുപിടിച്ച സമയമാണതെന്ന് മമ്മിക്കും അറിയാം. ഗുരുവായൂർ ദേവസ്വത്തിലാണോ ജോലിത്തിരക്കിന് ക്ഷാമം. മറുപടി എഴുത്തുകൾ കിട്ടിക്കഴിഞ്ഞാൽ മമ്മി പിതൃക്കളോട് ക്ഷമാപണമായി “കണ്ടില്ലേ, കുട്ടികളൊക്കെ വലിയ തിരക്കുകാരായതു കണ്ടില്ലേ”എന്നു ആത്മഗതം നടത്തും.
പക്ഷേ മമ്മിയെപ്പോലെ എനിക്കുമറിയാം വല്യച്ഛൻ തീർച്ചയായും വരുമെന്ന്. വാവൊരിക്കലിന്റെ തലേന്ന് രാത്രി എട്ടു മണിയോടെ കറുത്ത ഒരു തുകൽ ബാഗും കൈയിൽ പിടിച്ച് ഇടത്തെ തോളിൽ കുട ചായ്ച് പിടിച്ച് “ഏച്ചീ” എന്നൊരു വിളിയുണ്ടാവും. കർക്കിടക മഴയുടെ മൂളലിനിടയിലും ഞാനാ ശബ്ദം കേൾക്കും. പടി കടന്ന് വരുന്ന കാലൊച്ച ശബ്ദത്തെ കാത്തിരിക്കുകയാണല്ലോ ഞാൻ !
“ബാലനോ , ഈ നേരത്തോ” എന്ന അന്വേഷണവുമായി മമ്മി ഓടി വരും. “ഇത്തവണ നീ വരില്ലെന്ന് ഉറപ്പിച്ചതാണ് ഞാൻ” എന്നും പറയാൻ മറക്കില്ല.
അടുപ്പിലെ കനലിൽ കുളിക്കാനുള്ള വെള്ളം ചൂടായിക്കിടക്കുന്നത് ആർക്കുവേണ്ടിയാണെന്നും വാവൊരിക്കൽ എടുത്ത് രണ്ടു പേർക്കുള്ള ഗോതമ്പ് കഞ്ഞി വെച്ച് കാത്ത് നിൽക്കുന്നത് എന്തിനു വേണ്ടിയെന്നും മമ്മിക്കു പോലുമറിയില്ല.
എനിക്കായി ഗുരുവായൂരമ്പലത്തിലെ നെയ്പ്പായസത്തിന്റെ പാത്രം മാത്രമല്ല സുനി മറക്കാതെ കൊടുത്തയക്കുന്ന ഗുരുവായൂരപ്പന്റെ ചുവന്ന മോതിരം കൂടിയുണ്ടാവും ആ ബാഗിൽ . അതു രണ്ടും
എടുത്ത് തന്നിട്ട് “ഒക്കെ റെഡിയല്ലേ” എന്ന മറ്റൊരു ചോദ്യം കൂടിയുണ്ടാവും പിന്നാലെ.
പരികർമ്മിയായ എനിക്ക് സംശയമേ ഇല്ല. താഴത്തെ വീട്ടിലെ കിണറിനു ചുറ്റും കറുകപ്പുല്ല് ഉണ്ട്. ചെറൂള ഞാൻ തലേന്ന് തന്നെ പറമ്പിൽ നിന്ന് കുത്തിപ്പൊക്കി ചട്ടിയിൽ നട്ടു വെച്ചിട്ടുണ്ട് ,എളുപ്പപ്പണിക്ക്. എള്ളും ഉണക്കലരിയും ഇട്ടു വെച്ച പാത്രങ്ങളും എനിക്കറിയാം.
പുളിക്കാത്ത തൈര് അശുദ്ധമാക്കാതെ അടുക്കളത്തണയിൽ എടുത്ത് വെച്ചിട്ടുണ്ട്.
ഉരുളിയും, ചട്ടുകവും അടുപ്പു കൂട്ടാനുള്ള ഇഷ്ടികക്കഷണങ്ങും തീപിടിപ്പിക്കാനുള്ള ഓലച്ചൂട്ടും റെഡിയാണ്.
ഞാനില്ലെങ്കിൽ രാവിലെ വല്യച്ഛൻ കണ്ടുപിടിക്കണം ഇതൊക്കെ . ചെറൂളയൊക്കെ പറമ്പിൽ വളരുന്ന കാര്യം പോലും ഇവിടെ ആർക്കുമറിയില്ല. മഴ പെയ്ത് തുടങ്ങുന്നതിന് മുമ്പ് തന്നെ ഞാനിതൊക്കെ നോക്കി വെച്ചിട്ടുണ്ടാവും. വല്യച്ഛൻ വർഷങ്ങൾക്ക് മുൻപൊരു തവണ കാട്ടിത്തന്നതാണ്. ഇതുവരെ മറന്നിട്ടില്ലത്.
എന്റെ വിരണങ്ങൾ കേട്ടുകഴിയുമ്പോൾ വല്യച്ഛൻ എന്നെ ചേർത്തുപിടിക്കും. പ്രത്യേക തരമൊരു ഹെയർ ഓയിലിന്റെ ഗന്ധം എന്റെ മൂക്കുകളെ മൂടും. ഞാൻ മിടുക്കിയാണെന്ന് സ്വയം അഭിമാനം തോന്നുന്ന ഒരു നിമിഷം.
വല്യച്ഛൻ കുളിക്കുന്നതിന് മുൻപ് സാധനങ്ങൾ ഒക്കെ നോക്കി ഉറപ്പു വരുത്തും. വാഴയില വെട്ടിയെടുത്ത് തെക്ക് ഭാഗത്ത് വെളളം കുടഞ്ഞ് വെക്കും. കിണ്ടിവാൽ തെക്കോട്ടോ വടക്കോട്ടോ എന്നൊരു തർക്കം എല്ലാ വർഷവുമുണ്ടാവും. ചന്ദനമുട്ടിയും ചാണക്കല്ലും വലത് ഭാഗത്ത് തന്നെ വേണമെന്നതിൽ ഇരുവർക്കും സംശയമില്ല.
കുളിച്ച് ഒറ്റത്തോർത്തുടുത്ത് ബലിക്കരി കാച്ചുമ്പോൾ അടുപ്പിലെ പുകയിൽ കണ്ണ് നിറയും. പിന്നെ ചടങ്ങുകൾ കഴിയുന്നത് വരെ ശബ്ദിക്കില്ല. അടുപ്പിലെ പുക മാറിയാലും വല്യച്ഛന്റെ കണ്ണുകൾ നനഞ്ഞു തന്നെയിരിക്കും. മമ്മി കുളിച്ച് വന്ന ഉടൻ ചടങ്ങുകൾ തുടങ്ങും. വല്യച്ഛൻ പറയുന്നതിനനുസരിച്ച് മമ്മി എള്ളും ചന്ദനവും ചേർത്ത് ചോറുരുള ഉരുട്ടും. തൈര് ചേർത്ത് ഒരു ഉരുള , അതിന് മുകളിലും. ചെറൂളയും എള്ളും ജലവും കറുക മോതിരമിട്ട കൈ കൊണ്ട് വല്യച്ഛൻ സമർപ്പിക്കും. ഒടുവിൽ നാക്കില വലിച്ചു കീറി രണ്ടു വശങ്ങളിലും കമിഴ്തിയിട്ട് നനഞ്ഞ കൈമുട്ടി കാക്കയെ വിളിക്കും….
നീ ബലിയിടാൻ വരില്ലെന്നു ഞാൻ അവരോടൊക്കെ പറഞ്ഞിരുന്നു. അതുകൊണ്ട് കാക്കയെ പ്രതീക്ഷിക്കേണ്ട എന്ന് പറഞ്ഞു കൊണ്ട് മമ്മി നീങ്ങും. വല്യച്ഛനും വല്യ പ്രതീക്ഷയില്ലാതെ നടന്ന് നീങ്ങും.
അപ്പോഴാണ് ഇതുവരെ ആരും കണ്ടിട്ടില്ലാത്ത ഒരു ഒറ്റക്കാക്ക വന്ന് ബലിച്ചോറ് കൊത്തിപ്പറക്കുന്നത്. വലിയ ഒരു ഉരുളയുടെ പകുതിയും വായിലാക്കി അതു പറന്ന് പൊങ്ങും..
“അതു നമ്മുടെ അമ്മാവനാ ഏച്ചീ, അച്ഛനും അമ്മയും പാവമായിരുന്നു , മാത്രമല്ല അമ്മക്ക് തൈര് ചേർന്ന ചോറ് ഇഷ്ടവുമല്ലായിരുന്നു എന്ന് വല്യച്ഛൻ പറയും. തൈര് ചേർക്കാതെ ഞാൻ സമർപ്പിച്ച ഉരുളയാണ് വല്യ ഉരുള എന്നു മമ്മി അതിന് മറുപടിയും കൊടുക്കും. അത് കേൾക്കുമ്പോൾ
പാവം മമ്മിയും വല്യച്ഛനുമെന്ന് എനിക്ക് സങ്കടം തോന്നും.
“നമ്മുടെ കാലം കഴിഞ്ഞാൽ ഇവരൊക്കെ പട്ടിണിയാവുമെന്ന് ” വല്യച്ഛൻ സന്ദർഭത്തിന്റെ ഗൗരവം കുറക്കും. “ബലിക്കരി കാച്ചാൻ ആൺകുട്ടിയുണ്ടെങ്കിൽ ഇവളില്ലേ നമുക്ക് ” എന്ന് പറഞ്ഞ് എന്നെ നോക്കി ചിരിക്കുകയും ചെയ്യും …
കഴിഞ്ഞ മൂന്ന് വർഷങ്ങളായി ഹെയർ ഓയിലിന്റെ ഗന്ധമായി എന്റെ സമീപത്ത് വല്യച്ഛൻ വരാറുണ്ടെങ്കിലും,ബലിക്കരി കാച്ചാൻ കുടുംബത്തിൽ ആൺകുട്ടിയുണ്ടായിട്ടും എന്റെ വല്യച്ഛന് ഒരുരുള ബലിച്ചോറ് കൊടുക്കാൻ എനിക്കായിട്ടില്ല.
ചെറൂളയും കറുകപ്പുല്ലും പറമ്പിലുണ്ടോ എന്നുമറിയില്ല…

മിനി വിശ്വനാഥൻ