ഉണർവുകൾ (കഥ-സിന്ധു നാരായണൻ)

‘ സ്ത്രീ സ്വാതന്ത്ര്യ ‘ത്തെക്കുറിച്ചുള്ള സെമിനാറിലും ”സ്ത്രീ സമത്വം” സംവാദത്തിലും പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഭാര്യയെ ‘ഡെലിവറി’ക്ക് അഡ്മിറ്റ് ചെയ്ത വിവരം അറിഞ്ഞത്.

പോരുമ്പോഴേ പതിവില്ലാത്ത ഒരു വല്ലായ്മ അവളിൽ കണ്ടിരുന്നു.

ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷമുള്ള തന്റെ തിരക്കോർത്താണെന്ന് തോന്നുന്നു അവളൊന്നും പറഞ്ഞതുമില്ല.

ഹോസ്പിറ്റലിൽ ഓപ്പറേഷൻ തിയേറ്ററിനു മുന്നിൽ എത്തിയപ്പോഴേ അമ്മയുടെ സങ്കടം നിറഞ്ഞ മുഖം കണ്ടു. തന്നെ കണ്ടതും മൂത്ത മോളുടെ കൈ പിടിച്ച് അമ്മ ധൃതിയിൽ അടുത്തേക്ക് വന്നു.

‘ഇതും പെങ്കുട്ട്യാടാ’… അമ്മ നിരാശയോടെ അതു പറഞ്ഞപ്പോൾ അയാൾ നിറഞ്ഞ പുഞ്ചിരിയോടെ അമ്മയുടെ ചുമലിൽ കൈവെച്ചു.
പിന്നെ മൂത്ത മോളെ ചേർത്തു പിടിച്ചു.

‘അതിനെന്താ അമ്മേ’ നല്ല ചുണയുള്ള പെങ്കുട്ട്യോളായി തന്നെ നമുക്കോരെ വളർത്താ ലോ ‘… നിശ്ചയദാർഢ്യത്തോടെ അയാൾ അതുപറയുമ്പോൾ അന്ന് പങ്കെടുത്ത സെമിനാറും സംവാദവും പൂർണ വിജയത്തിലെത്തുകയായിരുന്നു’.!