ഭ്രാന്തന്റെ സമയം ( കവിത-പ്രദീപ് കന്മനം)

“സമയമെന്തായെന്റെ സാറേ…?
ബസ്റ്റോപ്പിൽ നിൽക്കെ
തൊട്ടടുത്തെത്തി
ഭ്രാന്തൻ ബീരാന്റെ ചോദ്യം..
“സമയമെന്തായെന്റെ സാറേ…? ”

ഭ്രാന്ത്പിടിച്ചപോ-
ലോടുന്ന വാച്ചിലെ
സൂചികൾ നോക്കി ഞാൻ ചൊല്ലി,
“പത്തേ..പത്ത്..! ”

“പത്തേ പത്ത്… ”
എന്നുത്തരം കേട്ടയാൾ
താടിതലോടി തെക്കോട്ടു പോയി.

തെക്കു വടക്ക്
നടക്കുന്ന ഭ്രാന്തന്റെ
ഉള്ളിലുമുണ്ടേ സമയബോധം.!

പത്തിന്നാപ്പീസിലെത്തേണ്ട
ഞാനോ..
പത്തരക്കെത്തുന്ന
കൃഷ്ണയും കാത്ത്
ഇപ്പോഴും നിൽപ്പാണ് സ്റ്റോപ്പിൽ… !

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ