തോർന്നു തീരാത്ത ഉമ്മ ( കമർ മേലാറ്റൂർ )

ബാല്യത്തിലെ വേനലിലെല്ലാം ഉമ്മ നിറഞ്ഞുപെയ്തിട്ടുണ്ട്‌. ഉമ്മയുടെ സ്നേഹത്തിന്‌ ആലിപ്പഴത്തിന്റെ കുളിർമ്മയാണ്‌. സൂര്യന്റെ വെട്ടവും ഊർജ്ജവുമെല്ലാം ഉമ്മയിൽ നിന്നാണ്‌ സൗരയൂഥവും പ്രപഞ്ചവുമാകെ പരന്നിരുന്നതെന്ന് വെളിച്ചമസ്തമിച്ച യൗവ്വനത്തിൽ എഴുതിച്ചേർത്തിരുന്നു. ജീവിതത്തിന്റെ രാത്രിയിൽ കൺപോളയടക്കുന്ന ആകാശച്ചെരുവിൽ ഉമ്മ നക്ഷത്രമായി തിളങ്ങി നിന്നിരുന്നു. കാത്തിരുന്നിട്ട് കടന്നുവന്ന മഞ്ഞുകാലത്തിലെ തണുപ്പിനെ ഞാൻ തൊട്ടറിയുന്നത്‌ ഉമ്മയുടെ കാൽപാദങ്ങളിൽ നിന്നാണ്‌. അതങ്ങിനെ കഫൻപുടയ്ക്കുമീതേയ്ക്ക്‌ അരിച്ചു കയറുന്നുണ്ടായിരുന്നു. ഉമ്മാന്റെ തണുത്ത ശരീരം പള്ളിക്കാട്ടിലെ മണ്ണുകൊട്ടാരത്തിലേക്കിറക്കി വെച്ചതും മുകളിൽ ചെടിക്കമ്പ്‌ നാട്ടിയതും കണ്ണിറയത്തെ പെയ്ത്തിൽ അവ്യക്തമായിരുന്നു. മീസാൻകല്ലിലേക്കിപ്പോഴും തോർന്നു വീഴുന്നുണ്ട്‌. ഉമ്മ…. വസന്തം വറ്റാത്തൊരു മലർവാടി തന്നെയാണ്‌.