നന്മയിലേക്കുള്ള ദൂരം (കവിത -സുബൈർ തോപ്പിൽ)

തമസ്സിലേക്കുള്ള അവസാന പടിയിൽ
ഖിന്നനായി അവനിരുന്നു.
പിന്നിലേക്ക് നോക്കിയപ്പോൾ
മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിൽ
ബോധിവൃക്ഷം തലയുയർത്തി നിൽപൂ…
ചാരത്തണയാൻ തുടിയ്ക്കുന്ന ഹൃദയത്തെ,
ആർത്തിപൂണ്ട കാലുകളെ
ഇരുട്ട് വലിച്ചു കൊണ്ടേയിരുന്നു.
തേനൂറുന്ന പവിഴ ചുണ്ടുകൾ,
നുരയുന്ന മദ്യ ചഷകങ്ങൾ,
ഫണം വിടർത്തിയാടുന്ന നാഗങ്ങൾ
അവനെ മാടി വിളിച്ചു.
രതിയുടെ അനുഭൂതി വിസ്‌മൃതിയിലാഴ്ത്തി.
ഇരുട്ട്, എങ്ങും ഇരുട്ടു മാത്രം!
അനേകായിരം നാഴിക കൊണ്ടവൻ
ബോധിവൃക്ഷ ചുവട്ടിലെത്തി.
ഭിക്ഷുവായി, ബുദ്ധനായി…
ആഹ്ലാദം കൊണ്ടാകാം മിന്നാമിനുങ്ങുകൾ
നൂറായിരം കൂടുകൾ പണിതു.
ധ്യാനത്തിന്റെ മാസ്മരികതയിൽ
പുതിയ പുലരി വിടർന്നു.
വെളിച്ചം,
എങ്ങും വെളിച്ചം മാത്രം!