ഇക്ഷ്വാകുവംശത്തിന്റെ യുവരാജാവ് ( സ്വപ്ന കെ സുധാകരൻ)

മീഷിനെ വായിച്ചുതുടങ്ങിയപ്പോൾ ഒരുകാര്യം വ്യക്തമായി. ‘രാമൻ’ എന്ന രൂപസൗകുമാര്യത്തിൽനിന്ന്, ‘അവതാരപുരുഷ’നെന്ന വേഷമഴിച്ചുമാറ്റേണ്ടിവരും. എന്നിലും നിങ്ങളിലും കാണുന്ന പലവികാരവിചാരങ്ങളും രാമനിലുമുണ്ട്. ഒരുകണക്കിന്, അതൊരു നല്ലകാര്യമാണ്, കാരണം രാമനെ നമുക്കു വളരെയടുത്തുകാണാം.. ഒന്നു തൊടാം..! എന്നാൽ, അതിന്റെ മറ്റൊരുവശമെന്താണെന്നുവച്ചാൽ, കാലാകാലമായി നമ്മൾ കണ്ടുവളർന്ന രാമസങ്കല്പത്തെ ആരോ പലവുരു തച്ചുടയ്ക്കുന്നതിന്റെ വേദനയനുഭവപ്പെടാം.. അന്നേരം, നമ്മിൽ അന്തർലീനമായ നിർമ്മലഭക്തി, ചിലപ്പോൾ കഥാകാരനോട് കലഹിച്ചേക്കാം…തീർത്തും സ്വാഭാവികം!!
ദൈവത്തിനുള്ളതു ദൈവത്തിന്, സീസറിനുള്ളതു സീസറിന്! അതുകൊണ്ടു അമീഷിനെ വായിക്കുമ്പോൾ, ഞാനും അമീഷിലേക്കുചേർന്നുനില്ക്കുന്നു, മറ്റെല്ലാം മറന്നുകൊണ്ട്! ഞാനും അമീഷും കൂടിയുള്ള ഈ ചൂതുകളിയിൽ, ചിലപ്പോഴെങ്കിലും എന്റെ ചിന്തകൾ അദ്ദേഹത്തെ കടത്തിവെട്ടിയേക്കാം…അദ്ദേഹംപോലും കാണാതെ ഞാനെന്റെ കരുക്കൾനീക്കിയേക്കാം… ചിലപ്പോൾ അടിയറവുപറയാം… എങ്ങനെയാണെന്നുനോക്കട്ടെ!
“അമ്പെയ്താൽ അതു കൊള്ളേണ്ടിടത്തു കൊണ്ടിരിക്കണം”
വാല്മീകിയും വ്യാസനും എഴുത്തച്ഛനും ചമച്ച ഫോർമാറ്റിൽനിന്നു തീർത്തും വ്യത്യസ്തമായ തുടക്കമാണ് ഇതിന്റെ ഒന്നാം ഭാഗം.. ആരണ്യാന്തരങ്ങളിൽ തന്റെ ഭോജനമാകാൻപോകുന്ന മാനിനെ ലഷ്യംവയ്ക്കുന്ന രാമന്റെ മനോനിലയാണ് (ഞെട്ടിയോ? ഇല്ലാ… വഴിയില്ല
!! രണ്ടാമൂഴം വായിച്ചിട്ടുള്ളവർ മാനിറച്ചിയുടെ രുചിയെക്കുറിച്ചുപറയുന്ന ശ്രീകൃഷ്‌ണനെ കണ്ടതാണല്ലോ.. എന്നാലും ഇതെഴുതിയപ്പോൾ അമീഷ്, ഒരല്പം ഭയന്നിട്ടുണ്ടോയെന്നു ഞാൻ ചിന്തിക്കുകയാണ്…കാരണം, ശൂർപ്പണഖയോട് ഏറ്റുമുട്ടിയതിൽപ്പിന്നെ നിരന്തരമായി അവർ വേട്ടയാടപ്പെടുകയായിരുന്നുവെന്നും, സസ്യവും പഴങ്ങളും ഇലകളുംമാത്രംകഴിച്ചു ശക്തി സംഭരിക്കാനാകില്ലായെന്നും കഥാകാരൻ വ്യക്തമായിപറയുന്നു)
കാട്ടിലകപ്പെട്ട അവരെപ്പോലെ, നമ്മളും കഥയുടെ ഒത്തനടുവിലാണ്… ഇളംതളിരിലകൾതിന്നു സന്തോഷിച്ചു നടക്കുന്ന മാനിന്റെയടുത്തേയ്ക്കെത്തുംതോറും അകലം ഒരദ്‌ഭുതമാവുകയാണ്! (അല്ലെങ്കിലുമതങ്ങനെയല്ലേ, സിംഹം രാജാവായാലും പലപ്പോഴും മാനിന്റെവേഗത്തിൽ അതിനോടാൻ സാധിക്കണമെന്നില്ല.. കാരണം ജീവനുവേണ്ടിയുള്ള ഓട്ടത്തിനു, വയറിനുവേണ്ടിയുള്ള ഓട്ടത്തിനേക്കാൾ വേഗമുണ്ട് !)
വസിഷ്ഠമഹർഷിയുടെ കളരിയിലെയടവുകൾ പിഴച്ചില്ല, രാമബാണം മാനിന്റെ കഴുത്തിൽത്തന്നെ തറഞ്ഞിരിക്കുന്നു.. !
“കുലീനനായ മൃഗമേ, നിന്നെ വധിച്ചതിന് എന്നോട് ക്ഷമിക്കൂ” (രാമനിലെ കരുണാംശമാണോ അതോ ചെയ്തതെറ്റിനെ ന്യായീകരിക്കുന്ന മനുഷ്യപ്രവണതയാണോ ഇവിടെ വ്യക്തമാക്കുന്നതെന്നു ഇപ്പോൾ പറയാറായിട്ടില്ല…ഒന്നാം അദ്ധ്യായമായിട്ടേയുള്ളൂ!)
ലക്ഷ്‌മണന് ആരെയും വിശ്വാസമില്ല. പ്രിയസോദരൻ എന്നതിനപ്പുറം ജ്യേഷ്ഠന്റെ സേവകനും കാവൽക്കാരനുമായവൻ അങ്ങനെയല്ലേവേണ്ടത്??) മാനിനെ വരിഞ്ഞുകെട്ടി പർണ്ണശാലയെ ലക്ഷ്യംവച്ചു നടക്കുമ്പോഴും അവന്റെ ചിന്തകളിൽ ആശങ്കകളുണ്ട്. അകാരണമായി ഭരതനെയവൻ ഭയക്കുന്നു (എന്തിനു?).. ജഡായൂവിനേയും അവനു വിശ്വാസമില്ല..(വൈരൂപ്യംവന്ന നാഗനാണു ജഡായുവെന്ന് അമീഷ് പറയുന്നു. എന്നാൽ ആരുടെയും സങ്കല്പത്തെ മുറിവേല്പിക്കണ്ടായെന്ന ബോധപൂർവമായ തീരുമാനമാണ് അദ്ദേഹത്തെക്കൊണ്ട് ഇങ്ങനെയൊരു വാചകമെഴുതിച്ചത്- “മനുഷ്യനാണെങ്കിലും ജടായുവിനെക്കണ്ടാൽ ഒരു കഴുകനെപ്പോലെ തോന്നുമായിരുന്നു”)
അവന്റെ ആശങ്കകളെ മൗനംകൊണ്ട് ഭേദിക്കുമ്പോൾ, പെട്ടെന്നു പക്ഷികൾ അസ്വസ്ഥരായി ചിലയ്ക്കുന്നു. വിദൂരത്തിൽനിന്ന് സീതയുടെ ചിലമ്പിച്ചനിലവിളി അപ്പോൾ കാടിനെ പ്രകമ്പനംകൊള്ളിക്കുകയാണ്! ആശങ്കകൾ ഇരുണ്ടുകൂടി നിലവിളിയുടെ ദിശയിലേക്ക് അവരോടുമ്പോൾ, യന്ത്രപങ്കയുടെ ശബ്ദം ( ഇവിടെ അമീഷിന്റെ..അല്ലെങ്കിൽ വിവർത്തകയുടെ ലോജിക്കിനെ എനിക്കു ചോദ്യം ചെയ്തേപറ്റൂ- ‘യന്ത്രപങ്ക’യെന്നപ്രയോഗം ആ കലഘട്ടംവച്ചുനോക്കുമ്പോൾ ഒരുകല്ലുകടിയല്ലേ?)
രാ…മാ …സീതയുടെ ശബ്ദം മുറിഞ്ഞു..
എന്നാൽ, അവരുടെ കാതുകളിലേക്കു മറ്റൊരുബലഹീനമായ ശബ്ദമെത്തുകയാണ്… രക്തത്തിൽ കുളിച്ചുകിടക്കുന്ന ജഡായുവിന്റേത്!
“ജഡായൂ ….”
“കുമാരാ …അ…അയാളാണ്…”
“എന്ത്”
“രാവണൻ…അയാളാണ് കൊണ്ടുപോയത്”
(അരമണിക്കൂർ മെഗാസീരിയലിന്റെ മുപ്പതാംനിമിഷമവസാനിപ്പിച്ചതുപോലെ അമീഷ് ഇവിടെനിറുത്തി..ഞാനും )