സുപ്രീം കോടതിയില്‍ സച്ചിന്‍ പൈലറ്റിനും കൂട്ടര്‍ക്കും ജയം ; ഹൈക്കോടതി വിധി നാളെ

ന്യൂഡല്‍ഹി : രാജസ്ഥാനില്‍ വിമത എംഎല്‍എമാര്‍ക്കെതിരെ വെള്ളിയാഴ്ച വരെ നടപടിയെടുക്കരുതെന്ന ഹൈക്കോടതിയുടെ ഉത്തരവിന് സുപ്രിംകോടതി സ്റ്റേ ഇല്ല. നാളത്തെ രാജസ്ഥാന്‍ ഹൈക്കോടതി നടപടികള്‍ തുടരാമെന്നും സുപ്രിംകോടതി അറിയിച്ചു. രാജസ്ഥാന്‍ സ്പീക്കറുടെ ആവശ്യമാണ് സുപ്രീംകോടതി തള്ളിയത്.

അതേ സമയം ഹൈക്കോടതി ഉത്തരവ് എന്തായാലും സുപ്രീംകോടതിയുടെ തീര്‍പ്പിന് വിധേയമായിരിക്കുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഹര്‍ജി സുപ്രീംകോടതി 27-ന് വീണ്ടും പരിഗണിക്കും.

സ്പീക്കറുടെ നടപടിയില്‍ കോടതിക്ക് ഇടപെടാന്‍ കഴിയുമോ എന്നതില്‍ വിശദമായ വാദം കേള്‍ക്കും. ചിലരുടെ അയോഗ്യത മാത്രമല്ല, വിഷയം ജനാധിപത്യവുമായി ബന്ധപ്പെട്ടതാണെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. ജനാധിപത്യത്തില്‍ വിയോജിപ്പിന്റെ ശബ്ദത്തെ അടിച്ചമര്‍ത്താന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.

പാര്‍ട്ടിനേതൃത്വത്തെ ചോദ്യംചെയ്തത് അയോഗ്യതാ നോട്ടീസയക്കാനുള്ള കാരണമല്ലെന്നാണ് സച്ചിന്‍ പൈലറ്റ് പക്ഷം ഹൈക്കോടതിയില്‍ ഉന്നയിച്ച വാദം. എതിര്‍പാര്‍ട്ടിയില്‍ ചേരുകയോ പിന്തുണയ്ക്കുകയോ ചെയ്തിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.