എഴുപുന്ന തരകന്‍മാരുടെ പള്ളിസ്വത്ത് കൈക്കലാക്കാന്‍ രൂപതാ നേതൃത്വത്തിന്‍െറ ശ്രമമെന്ന് ആരോപണം : വിശ്വാസികള്‍ സമരത്തില്‍

എഴുപുന്ന സെന്റ് റാഫേൽ പള്ളിയും പള്ളി സ്വത്തും കൈക്കലാക്കാനുള്ള രൂപതാ നേതൃത്വത്തിന്‍െറ നീക്കത്തിനെതിരെ വിശ്വാസികൾ പ്രത്യക്ഷ സമരത്തില്‍

ക്രിസ്മസ് ദിനത്തില്‍ വിശ്വാസികള്‍ ഉപവാസം നടത്തി 

പാറായില്‍ തരകന്‍മാരുടെ കുടുംബസ്വത്തായ പള്ളിയും പള്ളിവക സ്വത്തുക്കളും സഭയ്ക്ക് വിട്ടുകൊടുക്കില്ലെന്ന് പാറായില്‍ കുടുംബം

പള്ളിയുടെ ഒന്നര ഏക്കര്‍ സ്ഥലം കള്ള പ്രമാണം ഉണ്ടാക്കി ഫാദര്‍ കുരിയന്‍ കട്ടക്കയം മറിച്ചുവിറ്റെന്ന് ആരോപണം 

എഴുപുന്ന തരകന്‍മാരുടെ പള്ളിയും സ്വത്തും തട്ടിയെടുക്കാന്‍ അങ്കമാലി-എറണാകുളം രൂപത രംഗത്ത് 

-സി.ടി. തങ്കച്ചന്‍-

ആലപ്പുഴ: നൂറ്റി എൺപത് വർഷങ്ങൾക്ക് മുൻപ് എഴുപുന്നയിലെത്തിയ ആദ്യ സുറിയാനി ക്രിസ്ത്യാനികളിലൊരാളായ പാറായിൽ അവിരാ തരകൻ സ്വന്തം സ്ഥലത്ത് നിർമ്മിച്ച പള്ളിയും പള്ളിക്കു നൽകിയ ഏക്കറുകണക്കിനു ഭൂമിയും കൈവശപ്പെടുത്താനുള്ള സീറോ മലബാര്‍ സഭ എറണാകുളം- അങ്കമാലി അതി രൂപതയുടെ കുൽസിത ശ്രമങ്ങൾക്കെതിരെയാണ് ഭൂരിപക്ഷം വരുന്ന വിശ്വാസ സമൂഹം പ്രത്യക്ഷ സമരം ആരംഭിച്ചിരിക്കുന്നത്.

ezhupunna-chuch

ക്രിസ്മസ് ദിനത്തില്‍ ഇടവകയിലെ ഒരുപറ്റം വിശ്വാസികള്‍ അപകടാവസ്ഥയിലായ എഴുപുന്ന പള്ളിയുടെ സമീപത്ത് പണിത ഷെഡ് പൊളിച്ച് മാറ്റുക, വിശുദ്ധ രക്തസാക്ഷികളെ സൃഷ്ടിക്കാനുള്ള രൂപതയുടെ ശ്രമം തിരിച്ചറിയുക, ഇടവക ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുക, പാതിരിമാരുടെ ചോരക്കൊതി തിരിച്ചറിയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ക്രിസ്മസ് ദിനത്തില്‍ വിശ്വാസികള്‍ നിരാഹാര സമരം നടത്തിയിരുന്നു. കേരളത്തിലെ പൈതൃക പള്ളികള്‍ മുഴുവന്‍ പൊളിച്ച് പുതിയ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പണിയുന്ന പുരോഹിതരുടെ നടപടിയാണ് എഴുപുന്ന പള്ളിയിലും സംഭവിക്കുന്നത്. എറണാകുളം -അങ്കമാലി രൂപതയിലെ എഴുപുന്ന പള്ളി പൊളിക്കാനുള്ള പുരോഹിതരുടെ നീക്കം ആരംഭിച്ചത് 1990 മുതലാണ്. ഈ പള്ളി 1859 ല്‍ പാറായില്‍ അവിരാ തരകന്‍ സ്വന്തം പുരയിടത്തില്‍ സ്വന്തം പണമുപയോഗിച്ച് പോര്‍ച്ചുഗീസ് ശൈലിയിലും കേരളത്തിന്‍റെ തച്ചുശാസ്ത്രം ഉള്‍ക്കൊണ്ടുമാണ് പണിതത്.

ezhupunna-church003

കഴിഞ്ഞ എട്ടുവർഷങ്ങളായി പള്ളിക്കകത്ത് കുർബ്ബാന നടക്കുന്നില്ല. പള്ളിക്കു സമീപം കെട്ടിയുണ്ടാക്കിയ താൽക്കാലിക ഷെഡ്ഡിലാണ് ഇപ്പോൾ കുർബാന നടക്കുന്നത്. എട്ടുവർഷങ്ങൾക്ക് മുൻപ് ഇവിടെ ഇടവക വികാരിയായിരുന്ന ഫാദർ ബേസിൽ പുഞ്ചപ്പു തുശ്ശേരിയുടെ കാലത്താണ് പള്ളി തകർക്കാനുള്ള ആദ്യ ശ്രമം നടന്നത്. ഈ അച്ചൻ പള്ളിക്കു ബലക്ഷയമുണ്ടെന്നു കാണിക്കാൻ പള്ളിയുടെ അൾത്താരയുടെ മുകളിലുള്ള സീലിങ്ങ് വലിയ മരത്തടിയുപയോഗിച്ച് ഇടിച്ചിടുകയായിരുന്നുവെന്നും, ഇതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്നും വിശ്വാസികൾ പറയുന്നു. പള്ളിയും പള്ളിയുടെ പേരിലുള്ള വസ്തുവകകളും രൂപതയുടെ പേരിൽ പ്രമാണം ചെയ്തു കൊടുക്കാത്തതിലുള്ള വൈരാഗ്യം നിമിത്തമാണ് പള്ളി അപകടത്തിലാണെന്നു വരുത്തി പ്രശ്നങ്ങളുണ്ടാക്കി വിശ്വാസ സമൂഹത്തെ ഭിന്നിപ്പിച്ച് മൂന്നു തട്ടുകളിലാക്കിയത്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രമാഇപ്പോൾ രൂപത പയറ്റുന്നതെന്നും ഇതിന്റെ പിന്നിൽ അതിരൂപത സഹായമെത്രാൻ സെബാസ്റ്റ്യൻ എടയന്ത്രത്തിന്റെ കുബുദ്ധിയാണെന്നും ഒരു വിഭാഗം വിശ്വാസികൾ ആരോപിക്കുന്നു. കഴിഞ്ഞ അൻപത് വർഷങ്ങളായി പള്ളി വെള്ളപൂശുന്ന തൊഴിച്ചാൽ മറ്റ് അറ്റകുറ്റപ്പണികൾ ഒന്നും നടന്നിട്ടില്ല പൊട്ടിയ ഓടു മാറ്റാൻ പോലും ഇടവക വികാരിമാർ തയ്യാറല്ല’

ezhupunna-church001

ഇതിനിടയിലാണ് പള്ളിയുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന 5 ഏക്കർ ഭൂമിയിൽ നിന്നും ഒന്നര ഏക്കർ ഭൂമി കള്ള പ്രമാണമുണ്ടാക്കി പലത്തറ ഗ്രൂപ്പിന് വിറ്റത്. ആധാരത്തിൽ സെന്റിന് ഒരു ലക്ഷം രൂപയാണ് കാണിച്ചിരുന്നതെങ്കിലും രണ്ടര ലക്ഷം രൂപയ്ക്കായിരുന്നു കച്ചവടം നടന്നത്. ഇതിനു ശേഷം കണക്കു പാസ്സാക്കാൻ ചേർന്ന മീറ്റിങ്ങിൽ ഈ ഭൂമിക്കച്ചവടം അന്നത്തെ വികാരിയായിരുന്ന ഫാദർ കുര്യൻ കട്ടക്കയം മറച്ചുവെച്ചു. ഇതിനെ വിശ്വാസികൾ ചോദ്യം ചെയ്തപ്പോൾ അങ്ങനെയൊരു കച്ചവടം നടന്നിട്ടില്ലെന്നാണ് അദ്ദേഹം അറിയിച്ചത്. എന്നാൽ റെജി റാഫേൽ എന്ന ഇടവകാംഗം പ്രമാണത്തിന്റെ ഫോട്ടോ കോപ്പി യോഗത്തിൽ ഹാജരാക്കിയതോടെ ഇതിനെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നാലംഗ സമിതിയെ നിയോഗിച്ച് അച്ചൻ യോഗം പിരിച്ചുവിട്ടു.

പാറായിൽ അവിരാതരകന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന പള്ളിയും പള്ളിയുടെ സുഗമമായ നടത്തിപ്പിനു വേണ്ടി തരകൻ പള്ളിക്കു നൽകിയ സ്ഥലങ്ങളും ഇതുവരെ രൂപതാനേതൃത്വത്തിനു രേഖാമൂലം കൈമാറിയിട്ടില്ല ‘ഇതിനിടയിലാണ്  കള്ള പ്രമാണമുണ്ടാക്കി സ്ഥലം പാലത്തറ ഗ്രൂപ്പിന് വിറ്റത്.

വിശ്വാസികളേയും രൂപതാ പ്രതിനിധിയേയും വികാരിയേയും ഒരു തരകൻ കുടുംബാംഗത്തേയും ഉൾപ്പെടുത്തി ഒരു ട്രസ്റ്റ് രൂപവൽക്കരിച്ച് പള്ളിയും പള്ളി വക സ്വത്തും ഈ ട്രസ്റ്റിനു കൈമാറാൻ അവിരാതരകന്റെ പിൻ മുറക്കാർ തയ്യാറാണെന്നും ഇതിന് രൂപതയ്ക്ക് താൽപ്പര്യമില്ലെന്നും വിശ്വാസികൾ പറയുന്നു.

ezhupunna-church002

കേരളിയ വാസ്തുശിൽപ മാതൃകയും പോർച്ചുഗീസ് മാതൃകയും സമന്വയിപ്പിച്ച് 1857 ൽ നിർമ്മിച്ച ഈ മനോഹരമായ ദേവാലയം ഇപ്പോൾ സംരക്ഷിത സ്മാരകങ്ങളുടെ ഗണത്തിലാണ് സംസ്ഥാന പുരാവസ്തു വകുപ്പ് ഉൾപ്പെടുത്തിയിട്ടുള്ളത്.
രണ്ടു വർഷങ്ങൾക്ക് മുൻപ് പുരാവസ്തു വിദഗ്ദർ ഇവിടം സന്ദർശിച്ച് പള്ളി സുരക്ഷിതമാക്കണമെന്നും ബലപ്പെടുത്തണമെന്നും പള്ളി അധികൃതർക്ക് നിർദ്ദേശം നൽകുകയും ഇതനുസരിച്ച് പള്ളിയുടെ അറ്റകുറ്റപ്പണി നടത്തി പള്ളി ബലപ്പെടുത്തിയതായി അധികൃതൽ കോടതിയെ അറിയിച്ചിരുന്നതുമാണ്.. ഇതിനു ശേഷമാണ് കഴിഞ്ഞ ഇരുപത്തിയൊന്നാം തിയതി പള്ളിയുടെ പിൻഭാഗത്തെ മുഖപ്പും ഓടും കഴുക്കോലുമടക്കം ഇടിഞ്ഞു പൊളിഞ്ഞു വീണത്. ഇത് ഒരു അട്ടിമറിയാണെന്ന സംശയവും ഒരു വിഭാഗത്തിനുണ്ട്. ഈ ദുരന്തത്തിൻ ശേഷമാണ് കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ വിശ്വാസികൾ ഉപവാസ സമരം നടത്തിയത്. ഇപ്പോൾ താൽക്കാലികമായി നിർമ്മിച്ച ഷെസ്സിനു മുകളിലേക്കായിരുന്നു മേൽക്കൂര ഇടിഞ്ഞൂ വീണതെങ്കിൽ എന്ന ചോദ്യമാണ് വിശ്വാസികൾ ഉയർത്തുന്നത്‌. ഇപ്പോഴും കുർബ്ബാന നടക്കുന്ന ഈ ഷെസ്സിനു മേലെ പള്ളിയുടെ തകർന്ന ഭാഗം വീണാൽ എന്തു സംഭവിക്കുമെന്ന ചോദ്യത്തിന് സഭക്ക് ഒരുത്തരവും പറയാനാവുന്നില്ല. ഒന്നുകിൽ പള്ളി ബലപ്പെടുത്തി പുനരുദ്ധരിക്കുക അല്ലെങ്കിൽ വിശാലമായ പള്ളിപ്പറമ്പിൽ മറ്റൊരു പള്ളി പണിയുക എന്ന ന്യായമായ ആവശ്യം ഉന്നയിച്ചു കൊണ്ടായിരുന്നു. വിശ്വാസികളുടെ ഉപവാസം
എന്നാൽ നിലവിലുള്ള പള്ളി ബലപ്പെടുത്താനോ അല്ലെങ്കിൽ പുതിയ പള്ളി പണിയാനോ രൂപതയ്ക്ക് താൽപ്പര്യമില്ല.കോടികൾ വിലമതിക്കുന്ന പള്ളിവക സ്വത്ത് സ്വന്തമാക്കാനുള്ള കുൽസിത ശ്രമങ്ങളുമായ് രൂപത മുന്നോട്ടു പോവുകയാണ്
ഇതിനിടയിലാണ് അവിരാതരകന്റെ പിൻതലമുറയിൽപ്പെട്ട ലാലൻ തരകൻ കോടതിയെ സമീപിച്ചത്. ആ കേസിപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

വിശ്വാസികൾക്ക് പ്രാർത്ഥന ഇടം നിഷേധിക്കുകയും ഒപ്പം അവരുടെ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ വൈദികര്‍ കള്ള പ്രമാണങ്ങളിലൂടെ അവ തട്ടിയെടുക്കാനുള്ള ശ്രമത്തിനെതിരെയാണ് എഴുപുന്ന സെന്‍റ് റാഫേല്‍ ഇടവകയിലെ ജനങ്ങള്‍ പ്രത്യക്ഷ സമരത്തിന് ഇറങ്ങിയിരിക്കുന്നത്.