ചടങ്ങുകളില്‍ മദ്യം വിളമ്പരുതെന്ന് മാര്‍ത്തോമ്മ സഭ

കല്യാണം, വീട് കൂദാശ ചടങ്ങുകളില്‍ മദ്യം വിളമ്പരുതെന്ന് മാര്‍ത്തോമ്മ സഭ

2017 ജനുവരി 8 ഞായര്‍ ലഹരി വിരുദ്ധ ദിനമായി ആചരിക്കും

മദ്യ ഉല്‍പാദനം, ഉപയോഗം, വിതരണം, വില്പന എന്നീ ഇടപാടുകളില്‍ നിന്ന് വിശ്വാസികള്‍ വിട്ടു നില്‍ക്കണം.

മദ്യക്കച്ചവടക്കാരായ ഹോട്ടല്‍/ബാറുടമകളെക്കുറിച്ച് മെത്രാപ്പോലീത്തായുടെ സര്‍ക്കുലറില്‍ മിണ്ടാട്ടമില്ല.

മദ്യവ്യാപാരികള്‍ക്ക് വിലക്കും തെമ്മാടിക്കുഴിയുമില്ല.

മദ്യവ്യാപാരികളായ ക്രിസ്ത്യാനികള്‍ക്ക് ഒരു സഭയിലും അയിത്തമില്ല.

-വൈഫൈ ന്യൂസ് ഡെസ്‌ക്-

തിരുവല്ല: മാര്‍ത്തോമ്മ സഭയിലെ വിശ്വാസികളുടെ വിവാഹം, ഭവന കൂദാശ തുടങ്ങിയ ചടങ്ങുകള്‍ക്ക് മദ്യം വിളമ്പുന്നത് അവസാനിപ്പിക്കണമെന്ന് സഭയുടെ ഔദ്യോഗിക സര്‍ക്കുലര്‍. ഡിസംബര്‍ 5ന് പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് (കല്‍പ്പന) സഭയുടെ പരമാദ്ധ്യക്ഷനായ ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 18ന് ഞായറാഴ്ച പള്ളികളില്‍ ഈ സര്‍ക്കുലര്‍ വായിക്കും. മദ്യത്തിന്റെ ഉപയോഗം, ഉല്‍പ്പാദനം, വിതരണം, വില്‍പന എന്നീ ഇടപാടുകളില്‍ നിന്ന് മാര്‍ത്തോമ്മ സഭാവിശ്വാസികള്‍ പൂര്‍ണ്ണമായും വിട്ടു നില്‍ക്കണമെന്നും സര്‍ക്കലറില്‍ ആവശ്യപ്പെടുന്നുണ്ട്. 2017 ജനുവരി എട്ടാം (8) തീയതി ഞായറാഴ്ച ലഹരി വിരുദ്ധ ദിനമായി ആചരിക്കാനും സഭ തീരുമാനിച്ചിട്ടുണ്ട്.

ഫൈവ് സ്റ്റാര്‍ ഹോട്ടലുള്‍പ്പടെയുള്ള ബാറുകളില്‍ മാര്‍ത്തോമ്മാ സഭാവിശ്വാസികളായവര്‍ നടത്തുന്ന മദ്യക്കച്ചവടത്തെക്കുറിച്ച് മെത്രാപ്പോലീത്ത പരാമര്‍ശിക്കാത്തതില്‍ വിശ്വാസികള്‍ അമര്‍ഷത്തിലാണ്.രണ്ട് മൂന്ന് വര്‍ഷം മുമ്പ് കൊച്ചിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിന്റെ കൂദാശ നടത്തിയതും മെത്രാപ്പോ ലീത്തയാണെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

മദ്യക്കച്ചവടം നടത്തുന്ന സഭയിലെ പ്രമാണിമാരെ തൊടാനൊ അവര്‍ക്കെതിരെ സംസാരിക്കാനോ ഒരു സഭയിലെ ബിഷപ്പുമാരും തയ്യാറായിട്ടില്ലെന്നതാണ് സത്യം. തൊടുന്യായങ്ങള്‍ പറഞ്ഞ് പാവപ്പെട്ടവരെയും ഇടത്തരക്കാരെയും ശിക്ഷിക്കാനും പുറത്താക്കാനും മുടക്കാനും നോക്കുന്ന സഭാ തലവന്മാര്‍ ഒരു മദ്യക്കച്ചവടക്കാരനെയും സഭയില്‍ നിന്ന് പുറത്താക്കാനോ നടപടിയെടുക്കാനൊ തയ്യാറായിട്ടില്ലെന്നത് പരമാര്‍ത്ഥമാണ്. ഒരു മദ്യക്കച്ചവടക്കാരനെയും തെമ്മാടിക്കുഴിയില്‍ അടക്കിയതായി കേട്ടിട്ടുമില്ല.

മദ്യവ്യവസായികള്‍ക്കും ബാര്‍ ഉടമകള്‍ക്കും ക്രൈസ്തവ സഭകളില്‍ എന്നും എക്കാലത്തും മാന്യത ലഭിച്ചിരുന്നു. ഇക്കൂട്ടത്തിലുള്ളവര്‍ സഭയുടെ ഔദ്യോഗികസ്ഥാനങ്ങള്‍ വരെ വഹിക്കുന്നുമുണ്ട്. മാര്‍ത്തോമ്മ സഭയുടെ ആസ്ഥാനമായ തിരുവല്ലയിലെ മിക്ക ബിയര്‍ പാര്‍ലറുകളുടെയും ഉടമകള്‍ മാര്‍ത്തൊമ്മാക്കാരാണെന്നതും എടുത്തു പറയെണ്ട കാര്യമാണ്.

ഇത്തരക്കാരുടെ വീടുകളിലെ വിവാഹം, മാമ്മോദീസ, മരണം എന്നി ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് ഭൂമി മലയാളത്തിലെ വൈദികരും ബിഷപ്പുമാരും വിമുഖത കാണിക്കാറില്ല, വിമുഖത പ്രകടിപ്പിച്ച ചരിത്രവുമില്ല.

ഈയടുത്ത കാലത്ത് ഡല്‍ഹി കരോള്‍ബാഗ് മാര്‍ത്തോമ്മ ഇടവകയിലെ അലക്‌സാണ്ടര്‍ ഫിലിപ്പ് എന്ന വ്യക്തിയെ സഭയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇദ്ദേഹം ഹിന്ദു യുവാവിനെ വിവാഹം ചെയ്ത മാര്‍ത്തോമ്മ വിശ്വാസിയായ പെണ്‍കുട്ടിയുടെ വീട്ടില്‍ പോയി പ്രാര്‍ത്ഥിച്ചു എന്ന ‘ഗുരുതരമായ കുറ്റം’ ചെയ്തതിന്റെ പേരിലാണ് മാര്‍ത്തോമ്മ മെത്രാപ്പൊലീത്ത തന്റെ പ്രത്യേക അധികാരമുപയോഗിച്ച് പുറത്താക്കിയത്. പക്ഷേ, മദ്യക്കച്ചവടം നടത്തുന്ന മൊതലാളിമാരോട് ഇത്തരം സമീപനമൊന്നും സ്വീകരിക്കാറില്ലെന്നും വിശ്വാസികള്‍ ചൂണ്ടിക്കാണിക്കുന്നു. കേരളത്തിലെ ക്രൈസ്തവ സഭകളുടെ ഇരട്ടത്താപ്പിന്റെ ഏറ്റവും വലിയ ഉദാഹരണ മാണിത്.

സംസ്ഥാനത്തെ മദ്യ വ്യാപാരികളില്‍ 46 ശതമാനം പേര്‍ ക്രിസ്ത്യാനികളാണ്. ഒരു സഭയും ഇത്തരക്കാ ര്‍ക്കെതിരെ ശിക്ഷാ നടപടിയൊ താക്കീതോ കൊടുത്ത ചരിത്രമില്ല. ഈ മദ്യ മൊതലാളിമാരോട് എന്നും എക്കാലത്തും വൈദികരും ബിഷപ്പുമാരും അനുഭാവ പൂര്‍ണമായ നിലപാടുകളാണ് സ്വീകരിച്ചു പോന്നിട്ടുള്ളത്. മദ്യക്കച്ചവടം നടത്തുന്നതിനെ അയോഗ്യതയായി ഒരു സഭയും കണ്ടിട്ടുമില്ല. സ്ഥിരം മദ്യപാനികള്‍ക്കു പോലും സഭകളുടെ ഔദ്യോഗിക പദവികള്‍ വഹിക്കുന്നതിന് വിലക്കുണ്ടായിട്ടില്ല.

ലഹരിക്കെതിരെയുള്ള പോരാട്ടങ്ങളിലെ സഭകളുടെ ആത്മാര്‍ത്ഥത തന്നെ വിശ്വാസികള്‍ പരസ്യമായും രഹസ്യമായും ചോദ്യം ചെയ്യുന്നുണ്ട്. സമ്പൂര്‍ണമദ്യനിരോധനം വേണമെന്ന് വാദിക്കുന്ന ക്രൈസ്തവ സഭാ മേലദ്ധ്യക്ഷന്മാര്‍ പഞ്ച നക്ഷത്ര ഹോട്ടലുകള്‍ നടത്തുന്ന ബാര്‍ മുതലാളിമാരോട് മൃദുസമീപനമാണ് സ്വീകരിക്കുന്ന തെന്നും ആക്ഷേപമുണ്ട്.