ബലിച്ചോറ് (കവിത -മോഹിനി രാജീവ് )

രും ഞങ്ങൾ മക്കളെ…. ….
വരാതിരിക്കില്ലയീ
അച്ഛനുമമ്മയും…
മഴ തോരാതെ പെയ്യുമീ
കർക്കിടവാവെന്നാലും….
ഞങ്ങൾക്കാവില്ല വരാതിരിയ്ക്കുവാൻ.

നാക്കിലയിൽ കണ്ണുനീരാൽ
നിങ്ങൾ വിരിയ്ക്കുന്ന ദർഭപ്പൂക്കളും….
എള്ളും തുളസിക്കതിരുകളും….
ആസ്വദിയ്ക്കണമാവോളം.

പാലും തൈരും…
കൂട്ടിക്കുഴച്ച ഉരുളകളേറെ
പ്രിയമാണീ അച്ഛനുമമ്മയ്ക്കും…
വരാതിരിക്കില്ല ഞങ്ങൾ…
വരാതിരിയ്ക്കാനാവില്ല മക്കളെ.

ഞങ്ങൾ വരും മക്കളെക്കാണാൻ…
കണ്ണുനീരാൽ നിങ്ങളർപ്പിയ്ക്കുമാ ശ്രാദ്ധാമുണ്ണുവാൻ…
ഞങ്ങൾക്കത്രയേറെ കൊതിയുണ്ട്
വരാതിരിയ്ക്കില്ല ഞങ്ങൾ മക്കളെ.

കണ്ടുകൊതി തീരും മുൻപേ
അടത്തിയെടുത്തു വിധി നിങ്ങളെ…
കൊഞ്ചിച്ചു മതിയാകും മുൻപേ
മതിയെന്നോതി ദൈവവും.

ആണ്ടിലൊരിയ്ക്കൽ നിങ്ങൾ
മിഴിനീരോടെ തരുന്ന….
സ്നേഹമാം ബലിച്ചോറുണ്ണണം…
മനം കുളിരണം നിങ്ങൾ തൻ
സ്നേഹസാന്ത്വനമറിയണം.

എള്ളുംപൂവും നീരിൽമുക്കി നീ
കണ്ണുനീരാൽ ഞങ്ങളെ സ്മരിക്കവേ..
നിങ്ങൾ തൻ കൈവിരൽ തുമ്പിൽ നിന്നിറ്റു
വീഴുമൊരു തുള്ളി നീരു കൊണ്ടു
ഞങ്ങൾ തന്നാത്മാവിൻ പൈദാഹമാറ്റുവാൻ.

വരാതിരിക്കില്ല ഞങ്ങൾ …
വരാതിരിയ്ക്കാനാകില്ല
ഈ അച്ഛനുമമ്മയ്ക്കും മക്കളെ….

മോഹിനി രാജീവ്