ഇരുപത്തെട്ടിന്റെ കുളി (കഥ-മുഹമ്മദ് അലി മാങ്കടവ്)

ഗൾഫിൽ നിന്നെത്തി, ആ എണ്ണംപറഞ്ഞ ഇരുപത്തിയെട്ടിന്റെ കുളിയും കഴിഞ്ഞു, പൗഡറിട്ട്,  ലോക്ക്ഡൗണിലായിരുന്ന പെട്ടിയിൽ ക്വാറന്റൈനിലായിരുന്ന അത് വരെ തുറക്കാതെ വെച്ചിരുന്ന അത്തറ്കുപ്പി തുറന്നു കണ്ണിൽക്കണ്ടിടത്തും , കാണാത്തിടത്തുമെല്ലാം ജന്നത്തുൽ ഫിർദൗസിന്റെ മണവും പരത്തി  , താൻ ആഗ്രഹിക്കാതെയാണെങ്കിലും സൂഫിയുടെ സ്റ്റൈലിൽ വളർന്ന തലമുടി മാടിയൊതുക്കി, പടവലങ്ങപോലെ താഴോട്ട് വളർന്ന താടി പലതവണ രണ്ടുകൈയും കൊണ്ട് പിടിച്ചു  ചീകിയൊതുക്കി, താടി കണ്ടു അസൂയ മൂത്ത മീശയെ കൂടുതൽ അസൂയപ്പെടുത്താൻ വിരലുകൾ കൊണ്ടൊന്നു തലോടി ചൂടാക്കി  ,  കുൽസു ആദ്യമായി ഇസ്തിരിയിട്ടു നൽകിയ ദോത്തിയും , ബെല്ലാരിരാജ സ്റ്റൈൽ പളപളപ്പൻ ജുബ്ബയും കൂളിങ്ഗ്ലാസ്സുമിട്ട് ഉമ്മർ പുറത്തേക്കിറങ്ങി.

കവലയിലെ രാമേട്ടന്റെ അനാദിക്കടയിലെ കോലായിലെ ബെഞ്ചിൽ മാസ്‌ക്കുകൾ വർണ്ണത്താടികളാക്കി ഉപയോഗിക്കുന്ന രാമേട്ടനെയും , കാദറിനെയും, ഹസ്സനെയും കണ്ടു ഉമ്മറും ആത്മവിശ്വാസത്തോടെ ആ ബെഞ്ചിന്റെ തലക്കലിരുന്നു.

“പൂന്തുറയിൽ സൂപ്പർ സ്‌പ്രെഡ്‌, തിരുവനന്തപുരത്ത് സമൂഹവ്യാപനം തള്ളിക്കളയാനാവില്ല” തുടങ്ങി, മുഖ്യമന്ത്രിയുടെ നീണ്ട കൊറോണ റിപ്പോർട്ട് ചർച്ചചെയ്യുന്നത് ഉമ്മർ ആധിയോടെ കേട്ടുകൊണ്ടിരുന്നു.

താൻ നാട്ടിലേക്ക് വരുമ്പോൾ പഞ്ചായത്തിലും , പോലീസിലും, ഹെൽത്തിലുമെല്ലാം റിപ്പോർട്ട് ചെയ്തത് കൂടാതെ, തന്റെ സ്വന്തം വീട്ടിൽ താമസിക്കുവാൻ അയൽവാസികളായ ഇരുപത്തഞ്ചോളം വീടുകളിൽ നിന്നും സ്‌പെഷ്യൽ പെർമിഷൻ വേറെയും കരസ്ഥമാക്കി വിജയശ്രീലാളിതനായായിരുന്നു ക്വാറന്റൈൻ ആരംഭിച്ചത്.

ഹൗ , എന്തൊരു ശ്രദ്ധയായിരുന്നു എല്ലാവര്ക്കും ! ഓരോ ദിവസവുമെന്നത് പോലെ ഫോണിലൂടെയുള്ള സുഖാന്വേഷണം, ആരോഗ്യത്തെക്കുറിച്ചുള്ള അന്വേഷണം , എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടോഎന്ന പോലീസിന്റെ ക്ഷേമാന്വേഷണം, ആകെക്കൂടി ഒരു രാജകുമാരനെപ്പോലെ ഒരു വീട്ടിൽ…ഗൾഫിലെ മുറിയിലെ താമസം പോലെ, ടോയ്‌ലെറ്റിൽ പോകാൻ  എട്ടുപേരുടെ പിറകിൽ പത്ത് മിനുട്ട് വെച്ച് ഊഴം കാത്ത് , നിശ്ചയിക്കപ്പെട്ട പത്ത് മിനുട്ട് കൊണ്ട് കാര്യം സാധിച്ച് ഇറങ്ങുന്നത് പോലെയല്ല തന്റെ വീട്ടിൽ എട്ട് ടോയ്‌ലെറ്റുകളുള്ളതിൽ  ഇഷ്ടം പോലെ ഏത് വേണമെങ്കിലും ഉപയോഗിക്കാം, ആർക്കുപിറകിലും ക്യൂ നിൽക്കണ്ട, ആരും തന്റെ പിറകിൽ ക്യൂവിലുമില്ല.   വേണമെങ്കിൽ ഒരു നോവൽ തന്നെ അതിനകത്ത് നിന്ന് രചിച്ചാലും ആരും ചോദിക്കാനില്ല.  ഒറ്റക്കുറവേ ഉണ്ടായുള്ളൂ.. ആദ്യത്തെ പതിനാല് ദിവസം ഉമ്മുകുൽസു കൂടെയില്ല. അടുത്ത പതിനാലിൽ അത് അഡ്ജസ്റ്റായെന്നുള്ളത് ഇരട്ടിമധുരമായി.

പോലീസും, ആരോഗ്യക്കാരും, ഇത്രയധികം സ്നേഹിച്ച മറ്റൊരു സമയമുണ്ടായിരുന്നോ .. ഹോ, എന്തായിരുന്നു,  മുൻപൊക്കെ അസുഖം വന്നാൽ ഒരു സർക്കാരാശുപത്രിയിൽ പോയി പരിശോധന നടത്തണമെങ്കിൽ ഉള്ള അവസ്ഥ.  അവിടെ മൈൻഡ് ചെയ്യണമെങ്കിൽ തന്നെ ടോക്കണെടുക്കണമെന്നത് പോലെയല്ലേ, പരിശോധിക്കാൻ വേറെ ടോക്കൺ.. ഇപ്പൊ ഒരു അസുഖവുമില്ലാതെ തന്നെ ഇങ്ങോട്ട് അന്വേഷിക്കുകയല്ലേ.. ഇങ്ങനെയൊക്കെ ഓരോന്ന് ശടേന്ന് ചിന്തയിലൂടെ ഒരു വണ്ടിനെപ്പോലെ മൂളിപ്പറന്നു പോയി!.

ഉമ്മറിനോട് ലോഹ്യം പറയുമ്പോളേക്കും, ബസ്സിറങ്ങി വന്ന ഒരു കസ്റ്റമർ സാധനം വാങ്ങാനെത്തിയതിനാൽ നീളൻബെഞ്ചിൽ മനസ്സിൽ തോന്നിയ സാമൂഹിക അകലം മാത്രം പാലിച്ച് രണ്ടാമതായിരുന്നിരുന്ന രാമേട്ടൻ എഴുന്നേറ്റു പോയി.   കാദറും, ഹസ്സനും ഓരോരോ വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരിക്കുമ്പോളാണ് , അശോകൻ വന്ന് ആ കാര്യം പറഞ്ഞത്..

“ഇന്നലെ ഈ ബെഞ്ചിൽ കുറെ നേരം ഇരുന്നു ബഡായിയടിച്ചു പോയ സൈമണിന് കൊറോണ പരിശോധനയിൽ പോസിറ്റീവ്‌ ആണുപോലും. ആ സമയം അവനുമായി സമ്പർക്കത്തിലുണ്ടായിരുന്നവരും അതിന് ശേഷം ഇതുവരെ ഈ ബെഞ്ചിലിരുന്നവരും  എല്ലാവരും ഇനി ക്വാറന്റൈനിൽ പോകണമെന്ന്.

കാര്യം കേട്ട് ഉമ്മർ ഞെട്ടുമ്പോളേക്കും കാദറും ഹസ്സനും ഞെട്ടി, അടുത്തിരുന്ന കാദർ എഴുന്നേറ്റു , മറ്റേ തലക്കലിരുന്ന ഹസ്സൻ കൂടി പെട്ടെന്നെണീറ്റതോടെ ഉമ്മർ ഇരുന്ന ഭാഗം താഴ്ന്നു, ബെഞ്ച് പൊങ്ങി, ഉമ്മർ നിലത്തായി.  ചന്തിഭാഗം കണക്കിന് ഉടുതുണിക്ക് മണ്ണായി, ജുബ്ബയുടെ കയ്യിൽ പൊടിയായി, കൊറോണയുടെ പേടിയിൽ ആകെ ബേജാറുമായി.

പീടിക അടക്കണമെന്ന് ചിന്തിച്ചുകൊണ്ടേയിരിക്കുമ്പോളേക്കും പോലീസെത്തി, ഔദ്യോഗികമായി കാര്യങ്ങൾ രാമേട്ടനെ അറിയിച്ചു.

താനിപ്പോൾ ഇരുപത്തിയെട്ടും കഴിഞ്ഞിവിടെ ഇറങ്ങിയതേയുളളൂ, ഒരു മാസം മുൻപ് ടെസ്റ്റ് ചെയ്താണ് നാട്ടിലെത്തിയത്, അന്ന് നെഗറ്റിവായിരുന്നു , എന്നൊക്കെ ഉമ്മർ പോലീസിനോട് പറഞ്ഞു നോക്കി.

“അതൊന്നും ഇനി കേൾക്കണ്ട, അടുത്ത പതിനാല് ദിവസത്തേക്ക് ഇനി വീടിന്റെ പുറത്തിറങ്ങിപ്പോകരുത് , തന്റെ ഫോൺ നമ്പർ താ , വീടിന്റെ അഡ്ഡ്രസ്സ്‌ പറ”.

പോലീസ് മുറയിൽ എസ് ഐ യുടെ ഡിമാൻഡ്..

ഗത്യന്തരമില്ലാതെ, ഉമ്മർ പീടികയിൽ നിന്നും തന്റെ ‘ക്വാറന്റൈൻ കൊട്ടാരത്തിലേക്ക്’ വച്ചുപിടിച്ചു, വിറക്കുന്ന കാലുകളോടെ കോലായിലെ തൂണിൽ പിടിച്ചു വീട്ടിലേക്ക് കയറി , ഉടുത്തിരുന്ന വേഷം മാറി , കുളിച്ചു, തന്റെ കട്ടിലിൽ , അണ്ടിപോയ  അണ്ണാനെ പോലെ അടുത്ത കുളിക്കുള്ള പതിനാലോ  ഇരുപത്തെട്ടോ എണ്ണാനായി ഉമ്മർ തന്റെ കട്ടിലിൽ ലോക്ക്ഡൗണായി ക്വാറന്റൈനിൽ  പ്രവേശിച്ചു. കാര്യമറിഞ്ഞ ഉമ്മുകുൽസു താടിക്ക് കൈയും കൊടുത്തു നിലത്തേക്ക് ഡൗണായി.