പനിക്കോലം ( കഥ-രമേശ് ആതവനാട് )

മനസ്സിന്റെ ആഴങ്ങളിലേക്ക് വേദനയുടെ മിന്നൽപ്പിണരെത്തി.
ഒരു തീക്കാറ്റുപോലെ ആഞ്ഞടുത്തു. പനിച്ചു വിറയ്ക്കുന്ന ശരീരത്തിൽ നേർത്ത തണർപ്പുകൾ പൊന്തി വരുന്നതിനൊപ്പം പേടിപ്പെടുത്തുന്ന വാക്കുകൾ ശരീരത്തിന് ഇടിമുഴക്കമായി. അവസാനത്തിൽ മഴ തോർന്ന പോലെയായി. എല്ലാം!
മജീദ് മെഡിക്കൽ കോളേജിലാണെന്ന് അറിഞ്ഞപ്പോഴാണ് കദിയക്കുട്ടിയുടെ വിറയൽ കൂടിയത്.
പനിയുടെ വിറയൽ മാത്രമല്ലത്. പേടിയുടേതുമാണ്. വീടിന്റെ രണ്ട് കിലോമീറ്റർ അപ്പുറത്തുള്ള സർക്കാർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽവെച്ച് മജീദിനെ കണ്ടതാണ്. പനിച്ചുവിറച്ച് കദിയക്കുട്ടി ഡോക്ടറെ കാണാൻ നിൽക്കുമ്പോൾ അവൻ അവിടെയുണ്ടായിരുന്നു. കൈകാലുകളിൽ വരകളുടെ എണ്ണത്തിന്റെ പെരുപ്പവും കദിയക്കുട്ടിയുടെ പ്രായാധിക്യത്തിന്റെ സൂചനകളാണ്. കാതിലെ ചിറ്റും നീളമുള്ള കമ്മലിനുമിടയിൽ തിരുകി വെച്ച പുള്ളിത്തട്ടം ഇടയ്ക്കിടെ ആടിയുലഞ്ഞ് ചെവിയോട് പിണങ്ങി. നീളൻ കുപ്പായം. ശരീരത്തോട് ഒട്ടിയ നിലയിലാണ് അത്. ചുക്കിച്ചുളിഞ്ഞ ശരീരം കുപ്പായത്തിന്റെ സ്വഭാവത്തിനനുസരിച്ച് തൊട്ടുരുമ്മിക്കിടക്കുകയാണ്. കൈകാലുകൾ വിറയ്ക്കുന്നുണ്ട്. പനിയെന്നു കേട്ടാൽ കദിയക്കുട്ടിക്ക് പേടിയാണ്. നിപ്പ നാട്ടിൽ പരക്കുന്നതായി ആരോ പറഞ്ഞ അന്നു മുതൽ കദിയക്കുട്ടി ഉറങ്ങിയിട്ടില്ല. പനിച്ചു വിറച്ച് ഒരാഴ്ച ആശുപത്രിയിൽ കിടന്നിട്ടും അവർക്ക് മകനെ നഷ്ടമായി. ആ വേദനയുടെ വിടവ് മനസ്സിൽ മായാതെ കിടക്കുകയാണ്.
അവന്റെ എന്തൊരു ശരീരമായിരുന്നെന്നോ! നാലാൾ നേരിടാൻ വന്നാലും മുസ്തഫ ഒറ്റയ്ക്കു മതി പൊരുതി ജയിക്കാൻ.
‘തണ്ടും തടീള്ള മനുസ്യനാർന്ന്. ഓനും പനിപിടിച്ച്. പടച്ചോന്റെ ഓരോ പടപ്പത്തരം. ‘ പനിക്കോലം വന്നാൽ ഏത് പെരുത്ത ശരീരവും ഈർക്കിൽക്കൊടി പോലെയാകും. ഏതൊക്കെ സൈസ് പനികളാ.
‘പണ്ടൊക്കെ പനി പിടിച്ചാ ചുക്ക്, കുര്യോള്, തുളസിടെല… ഒക്കെയിട്ട് നല്ലോണം തെളപ്പിച്ച് സർക്കര ചേർത്തു കുടിച്ച് മൂടിപ്പൊതച്ച് നാലീസം കെടക്കും. അഞ്ചാമത്തെ ദെവസം മേലൊക്കൊ ബെശർത്ത് കുളിച്ചാ പനി മാറീന്നാ. ഇന്നൊക്കെത്തിനും ഇംഗ്ലീസ് മരുന്നാ. ‘
പനിയുടെ പുരാണം പറച്ചിൽ ആശുപത്രി വരാന്തയിൽനിന്ന് മുഴങ്ങിക്കേട്ടു. നിൽക്കാനും ഇരിക്കാനും വയ്യാത്ത അവസ്ഥയിലാണ് കദിയ ക്കുട്ടി. ഇരിപ്പിടങ്ങളിലൊക്കെ പനിബാധിതരാണ്. ചിലർ മൂക്കു ചീറ്റുന്നു. മറ്റു ചിലർ ചുമയ്ക്കുന്നു. കദിയക്കുട്ടിക്കും ജലദോഷമുണ്ട്. പുതുമഴ പെയ്ത അന്നു തുടങ്ങിയതാ. നാടൻ മരുന്ന് എത്ര കഴിച്ചിട്ടും പനി മാറിയില്ല. ഇംഗ്ലീഷ് മരുന്ന് രണ്ടുനേരം ചെന്നാൽ മതി പിന്നെ പനിയുടെ പൊടിപോലും കാണില്ല.
‘ഇപ്പം പനി പുടിച്ചാൽ കഞ്ഞീം പപ്പടം ചുട്ടതും ആർക്കും മാണ്ടാതായി.’ വീണ്ടും പനിപ്പുരാണം. ബെഞ്ചിന്റെ ഒരു മൂലയിൽനിന്ന് ഒരാൾ ഡോക്ടറുടെ മുറിയിലേക്കു പോയി. കദിയക്കുട്ടി മെല്ലെ ആ സീറ്റ് കയ്യടക്കി. തിരിഞ്ഞും മറിഞ്ഞും ഒന്ന് നോക്കി. അപ്പോൾ മജീദ് ഫോണിൽ നോക്കി അപ്പുറത്തെ ബെഞ്ചിൽ ഇരിക്കുന്നത് കദിയക്കുട്ടി കണ്ടു. ‘മനേ ഇജ്ജ് എപ്പളേ എത്യേ’ .
‘ കൊറേയി ‘ ‘വണ്ടിക്കാ വന്നത്. ‘
വീണ്ടും മജീദിനോടുള്ള ചോദ്യത്തിന് അല്ലെന്നായിരുന്നു മറുപടി. ‘ഇജ്ജ് പൊള്ള് പറ്യാണ്. വണ്ടീല് അല്ലാതെ ഇജ്ജ് ബരൂലാന്ന് ഇനിക്ക് അറ്യാലോ. ഞാനും അന്റപ്പം പോരും.’ മണിക്കൂറുകൾ കഴിഞ്ഞു.
ഓരോ ടോക്കൺ നമ്പർ വിളിക്കുമ്പോഴും കദിയക്കുട്ടി നെടുവീർപ്പിട്ടു. ഊഴം കാത്ത് ഇരിക്കുന്നതിനിടെ ഇടയ്ക്ക് എഴുന്നേൽക്കും. പരിശോധനാ മുറിയിലേക്ക് ഒളിഞ്ഞു നോക്കും. ഫാർമസിയിലെ രാഗിണിയോട് നാട്ടുവർത്തമാനം പറയും. അതിനിടെ ഡോക്ടറെ കണ്ട് മരുന്നു വാങ്ങി മജീദ് പോയത് കദിയക്കുട്ടി കണ്ടില്ല. സമയം കാത്തു നിൽക്കാതെ പൊയ്ക്കൊണ്ടിരുന്നു.
നല്ല ക്ഷീണം ബാധിച്ചിട്ടുണ്ടായിരുന്നു. ‘ ടോക്കൺ നമ്പർ 64 ‘. അതു കേട്ടപ്പോൾ മെല്ലെ പരിശോധനാ മുറിയിലേക്കു കയറി. ഒരു ലേഡി ഡോക്ടർ. അവർ മാസ്ക് ധരിച്ചിരുന്നു. ഏത് തരത്തിലുള്ള പനിക്കോലങ്ങളാണ് വരുന്നതെന്ന് അറിയില്ലല്ലോ? സ്വന്തം ജീവനെ മാത്രമല്ല, പനിപിടിച്ചവരെ തൊട്ടു നിൽക്കുന്നവർപോലും തട്ടിപ്പോകുന്ന പനിയാണ് പടരുന്നത്.
‘ഇത് വൈറൽ ഫീവറാ. മൂന്നു ദിവസം മരുന്ന് കഴിച്ച് മാറിയില്ലെങ്കിൽ വന്നാ മതി.
‘ഡോക്ടർ പറഞ്ഞത് കദിയക്കുട്ടിക്ക് മനസ്സിലായില്ല. ‘നല്ല പനിംണ്ട് ഡാക്ടറെ ‘ പനിയാണ് അസുഖമെന്ന് വീണ്ടും കദിയക്കുട്ടി ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു. ‘അതെ, വൈറൽ ഫീവറാ’. വീണ്ടും ഡോക്ടറുടെ മറുപടി.
‘ഇങ്ങള് പറയ്ണ സൂക്കേട് ഒന്നും ഇച്ച് ഇല്ല’. ‘എന്നാ ഉമ്മ പൊയ്ക്കോളിൻ. ഏതായാലും മരുന്ന് വാങ്ങി കഴിക്കിൻ’. കദിയക്കുട്ടി എഴുന്നേറ്റതും അടുത്ത നമ്പറിനായി ഡോക്ടർ ബട്ടൺ അമർത്തി. മറ്റൊരാൾ പരിശോധനയ്ക്കായി മുറിക്കകത്തേക്കു പ്രവേശിച്ചതും കദിയക്കുട്ടി പുറത്തുകടന്നതും ഒരുമിച്ചായിരുന്നു. ഡോക്ടറുടെ കുറിപ്പടി ഫാർമസിയിൽ കൊടുത്ത് മരുന്നു വാങ്ങി. നാലുതരം ഗുളികകൾ. ചുമയ്ക്കുള്ള കുപ്പിമരുന്ന്. ഉടുത്തിരുന്ന മുണ്ടിന്റെ കോന്തല്ലിൽ മരുന്നുപൊതി വെച്ച് മടക്കി അരയിൽ തിരുകി. നാലുപാടും കണ്ണോടിച്ചു. വരാന്തയിലെ ബെഞ്ചിലിരിക്കുന്ന ഓരോരുത്തരിലേക്കും ആ കാഴ്ച മങ്ങിയ കണ്ണുകളെത്തി. അക്കൂട്ടത്തിലൊന്നും മജീദിനെ കാണാൻ കഴിഞ്ഞില്ല.
‘മജീദ് പോയി ഉമ്മാ… ‘ പിൻനിരയിൽനിന്ന് ആരോ വിളിച്ചു പറഞ്ഞപ്പോൾ കദിയക്കുട്ടി ചെവി കൂർപ്പിച്ചു. അവർ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു. പിന്നെ ആരെയും അന്വേഷിച്ചില്ല. വേച്ചു വേച്ച് ഗെയ്റ്റുവരെയെത്തി. വാഹനങ്ങൾ ചീറിപ്പായുന്ന റോഡിന്റെ ഓരംപറ്റി അവർ വീട് ലക്ഷ്യമാക്കി നടന്നു. കാലുകൾ വേദനിക്കുന്നുണ്ടായിരുന്നു. കുറച്ചു നേരം ഇരുന്നപ്പോൾ നീർക്കെട്ടിയതാണ്. രാവിലെ ഒരു ഗ്ലാസ് കട്ടൻ ചായ കുടിച്ചതാണ്. വിശക്കുന്നുമുണ്ട്. നല്ല ക്ഷീണവും. എങ്കിലും മുക്കിയും മൂളിയും വഴിയാത്രക്കാരോട് കുശലം പറഞ്ഞ് അവർ നടന്നു നീങ്ങി. വീടിനു സമീപമെത്തിയപ്പോൾ പെൺസൈന്യം കൂട്ടംകൂടി നിൽക്കുന്നതായി കണ്ടു. അവരുടെ മരുമകളും അക്കൂട്ടത്തിലുണ്ട്. ‘ എത്താ എല്ലേരും കൂടി നിക്ക്ണ്?’
ചോദ്യം കേട്ട പാടെ അയൽവാസിയായ മൈമൂനതാത്ത ഇടപെട്ടു. ‘മജീദ് മെഡിക്കൽ കോളേജ് ആസ്പത്രീലാ. ഓന് നിപ്പാണത്രേ ‘ ‘റബ്ബേ…’
ഒരു വിറയൽ. തലയ്ക്കു കൈ കൊടുത്ത് കദിയക്കുട്ടി റോഡരികിൽത്തന്നെ ഇരുന്നു.
വീണ്ടും മഴക്കാർ ഉരുണ്ടുകൂടി.