ഇടതു കൈയക്ഷരങ്ങൾ (പുസ്തക പരിചയം-ഹംസ അറക്കൽ )

ശ്രീജ രാമൻ എഴുതിയ കഥകളെക്കുറിച്ചു പൊതുവായി ഇങ്ങനെ സംഗ്രഹിക്കാം:
സാമൂഹിക നീതി ബോധവും കലാപരതയും സമന്വയിക്കപ്പെട്ടതാണ് അവരുടെ കഥകൾ.മുറിവേറ്റവരോടുള്ള സഹാനുഭൂതിയും ഐക്യദാർഢ്യവും സ്ത്രീപക്ഷ ബോധ്യവും ഇടതു കൈയക്ഷരങ്ങൾ എന്ന സമാഹാരത്തിലെ കഥകൾക്ക് അടിത്തറയിടുന്നു.മനുഷ്യന്റെ നഷ്ടബോധവും ഭയാശങ്കകളുമാണ് ശ്രീജ തന്റെ കഥകളിലൂടെ വായനക്കാരുമായി സംവേദനം ചെയ്യുന്നത്.
അതാവട്ടെ ഹൃദയ ദ്രവീകരണശക്തിയോടെ ആവിഷ്കരിക്കുന്നതിൽ ഒരു പരിധി വരെ വിജയിക്കുന്നുമുണ്ട്.വിഭിന്നങ്ങളായ ജീവിത മുഖങ്ങളും,സാമൂഹിക പ്രതിനിധാനങ്ങളും
ഇടതു കൈയക്ഷരങ്ങളിലെ കഥകളെ സവിശേഷമായ അനുഭവ തലത്തിലേക്ക് കൊണ്ടു പോകുന്നു.
പ്രണയവും,നഷ്ടബോധവും, നിസ്സഹായതയും ചേർന്നു സൃഷ്ടിക്കുന്ന ജീവിതത്തിന്റെ സങ്കീർണതയെ ലാളിത്യത്തോടെ മനോഹരമായി ആഖ്യാനം ചെയ്യുന്ന രചനയാണ് “മായ ” ബുദ്ധന്റെ നാട്ടിൽ നിന്നും തന്റെ കാമുകിയെ തേടിയെത്തുന്ന ആകാശ് ഛേത്രി എന്ന ഇരുപതുകാരനാണ് ഇതിലെ കഥാനായകൻ.
ഇന്റർനെറ്റ് ചാറ്റിലൂടെ പരിചയപ്പെട്ട് പ്രണയമായിത്തീർന്ന യുവാവ് അവളെ കാണാൻ ഇന്ത്യയിൽ വരുന്നു.യമുന നദിക്കരയിൽ മായയെ സ്വപ്നം കണ്ടു കിടക്കുമ്പോൾ പോലീസ് അവനെ പിടിച്ച് ലോക്കപ്പിലിടുന്നു.
കാമുകിയുടെ പ്രൊഫൈൽ പരിശോധിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ വിചിത്രമായ സത്യങ്ങൾ കണ്ടെത്തുന്നതോടെ ആകാശ് ഛേത്രിയെ നിരുപാധികം മോചിപ്പിക്കുന്നതാണ് കഥ.
ചെന്നെയിലുള്ള സൈബർ സെൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ബ്യൂറോയിലെ മായ കൃഷ്ണ എന്ന മുപ്പത്തിമൂന്നുകാരിയും രണ്ടു കുട്ടികളുടെ മാതാവുമായ ഉദ്യോഗസ്ഥ പക്ഷെ ഇതൊന്നും അറിയുന്നില്ല എന്നതാണ് ഈ കഥയുടെ ആസ്വാദ്യത വർദ്ധിപ്പിക്കുന്നത്.കാമുകനായ ആകാശ് ചേത്രിക്കു വേണ്ടി കവിതകൾ എഴുതുമ്പോൾ അവൾ അനുഭവിച്ച സംഘർഷം മുഴുവനും അവൻ വരച്ച ചിത്രങ്ങളിലും കാണാം എന്നത് ഈ പ്രണയകഥയെ ആർദ്രമാക്കുന്നു.
പുതിയ കാലത്തിന്റെ ചലനങ്ങളെ ഭയാശങ്കകളോടെ പറഞ്ഞു തരുന്ന കഥയാണ് ആനച്ചന്തം.
വി.രാജകൃഷ്ണന്റെ ചെറുകഥയുടെ രാഗ താളങ്ങളിൽ ആന സമൂഹത്തിൽ ഭീതി പരത്തുന്ന സ്വേച്ഛാധിപത്യത്തിന്റെ പ്രതിരൂപമായി പരിണമിക്കുന്ന ഒരു ചെറു കഥയെ പരിചയപ്പെടുത്തുന്നുണ്ട്. ഇവൊ ആൻഡ്രികിന്റെ “വിസിയറുടെ ആന” എന്നാണു് ആ കഥയുടെ പേര്.ആന നിരുപദ്രവകാരിയായ ജീവിയായിട്ടും അതിന്റെ യജമാനനോടുള്ള നഗരവാസികളുടെ ഭയവും വെറുപ്പും വിദ്വേഷവും ആനയോട് കാണിക്കുന്നതാണു് പ്രമേയം.
ഏകാധിപത്യം എന്ന വ്യവസ്ഥയോട് സന്ധിയില്ലാതെ കലഹിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും അതെല്ലാം
ദുർബ്ബലമായിപ്പോകുന്നതിന്റെ ശ്ലഥ ചിത്രങ്ങളാണ് ശ്രീജ രാമൻ ആനച്ചന്തത്തിലൂടെ കാട്ടിത്തരുന്നത്.
“ശ്രീലക്ഷ്മിയുടെ സ്വപ്നങ്ങളിൽ ഇപ്പോൾ ആനകൾ കുലുങ്ങി വരാറില്ല.അസാധാരണ ഉയരവും കണ്ണുകളിൽ പ്രതികാരവുമായി ഇടുങ്ങിയ വഴികളിലൂടെ അവളെ ഓടിക്കാറില്ല. അവൾ ഒളിച്ചിരിക്കുന്ന ഇരുണ്ട മുറിയുടെ ദുർബ്ബലമായ വാതിലുകളിൽ മസ്തകം ചേർത്തിടിക്കാറില്ല.”
ആന തിന്മയുടെ പ്രതീകമായി,നാശം വിതക്കുകയും,ഭയപ്പെടുത്തുകയും ചെയ്യുന്ന ഓർമ്മകളായി ശ്രീജയുടെ കഥയിൽ നിറഞ്ഞു നിൽക്കുമ്പോഴും ആനയുടെ അസാമാന്യമായ സൗന്ദര്യം ശ്രീലക്ഷ്മിയെ വശീകരിക്കുന്നുണ്ട്.
അടക്കിപ്പിടിച്ച ആൺ നിലവിളികൾ അന്നയുടെ ബസ്സ് യാത്രയുടെ ഭാഗമായിത്തീരുന്ന കഥയാണ് “മുഖമില്ലാതാവുന്നത് “ബസ്സ് യാത്രയിൽ ശാരീരിക വേദനകൾ അനുഭവിക്കാത്തതും എന്നാൽ മനസ്സിന്റെ സ്വസ്ഥത എന്നേക്കുമായി നഷ്ടപ്പെട്ടു പോകുന്നതുമായ നിശ്ശബ്ദ പീഢനങ്ങൾ ഏറ്റുവാങ്ങുന്ന പെൺകുട്ടികളുടെ ദുരന്ത യാത്രയാണ് അന്ന എന്ന കഥാപാത്രത്തെ മുൻനിർത്തി ഈ കഥയിൽ അനാവൃതമാകുന്നത്.ശക്തമായ സ്ത്രീ പക്ഷ രചനയായി ഈ കഥയെ പരിഗണിക്കാവുന്നതാണു്.
വിശപ്പ് എന്ന കഥയിലൂടെ
തൃശൂരിന്റെ സ്വന്തം റപ്പായിച്ചേട്ടന്റെ നീറുന്ന ഓർമ്മകളിലേക്ക് ഇറങ്ങിപ്പോകുകയാണ് കഥാകാരി.ആഘോഷങ്ങളടെ മറവിൽ ആ സാധു മനുഷ്യനോട് ചെയ്ത അപരാധത്തിനെതിരെ ശക്തമായി വിരൽ ചൂണ്ടുന്നു ഈ കഥയിൽ.
ശീർഷക കഥയായ ഇടതു കൈയക്ഷരങ്ങൾ
അധികാര വ്യവസ്ഥയും ബ്യൂറോക്രസിയും
ചേർന്നു സൃഷ്ടിക്കുന്ന ജീവിത പ്രതിസന്ധികൾ മറയില്ലാതെ വായനക്കാർക്കു മുമ്പിൽ തുറന്നു കാട്ടുന്നു.
ഈ നവാഗത എഴുത്തുകാരിയുടെ കൂടുതൽ മുഴക്കമാർജിക്കുന്ന പ്രതിഷേധ സ്വരം ഈ കഥയിൽ കേൾക്കാം. ചുറ്റും കാണുന്ന ദുരന്ത സങ്കീർണ്ണതകളെ സൗമ്യതയോടെയും ധീരതയോടെയുമാണ് ശ്രീജ രാമൻ അവതരിപ്പിക്കുന്നത്.അവരുടെ കഥകൾക്ക് മണ്ണിന്റെയും പൂക്കളുടേയും സുഗന്ധമുണ്ട്.
കാല്പനിക ഭാവുകത്വം ആ കഥകളിൽ തുടിച്ചു നിൽക്കുന്നു.
“മേൽവിലാസം,കടലിടുക്കുകൾ, സിതാര, ഉച്ചാടനം, ഉത്തരത്തിൽ ചത്തിരിക്കും,തുടങ്ങി പത്തുകഥകളാണ് ഈ സമാഹാരത്തിൽ.
വൈശാഖൻ മാഷ് അവതാരിക എഴുതിയ “ഇടതു കൈയക്ഷരങ്ങൾ “പ്രസാധനം ചെയ്തിരിക്കുന്നത് ഗ്രീൻ ബുക്സ് ആണ്.