നയതന്ത്ര ബാഗില്‍ സ്വര്‍ണം കടത്തിയത് അറ്റാഷെയുടെ അറിവോടെയാണെന്ന് സ്വപ്ന

തിരുവനന്തപുരം: നയതന്ത്ര ബാഗില്‍ സ്വര്‍ണം കടത്തിയത് അറ്റാഷെയുടെ അറിവോടെയാണെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി. ഒരു കിലോ സ്വര്‍ണം കടത്താന്‍ അറ്റാഷെയ്ക്ക് 1,000 ഡോളര്‍ വീതം പ്രതിഫലം നല്‍കിയെന്നും
സ്വര്‍ണക്കടത്ത് പ്രശ്നമായപ്പോള്‍ അറ്റാഷെ കൈയ്യൊഴിഞ്ഞെന്നും സ്വപ്ന കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു.

സ്വര്‍ണം പിടികൂടിയ ദിവസം തിരികെ അടയ്ക്കാന്‍ ആവശ്യപ്പെട്ടത് അറ്റാഷെയായിരുന്നു. അതുകൊണ്ട് തന്നെയാണ് താന്‍ മെയില്‍ അയച്ചപ്പോള്‍ അറ്റാഷെയ്ക്കും കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ക്കും അതിന്റെ കോപ്പികള്‍ വച്ചത്. നേരത്തെ ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യ ഹര്‍ജിയിലും അറ്റാഷെയുടെ നിര്‍ദേശ പ്രകാരമാണ് നയതന്ത്ര ബാഗ് വിട്ടുകിട്ടാന്‍ താന്‍ പ്രവര്‍ത്തിച്ചതെന്ന് സ്വപ്ന പറഞ്ഞിരുന്നു. സ്വര്‍ണക്കടത്തിന് അറ്റാഷെയ്ക്ക് കൃത്യമായി വിഹിതം നല്‍കിയിരുന്നുവെന്ന് പ്രതികളായ സരിത്തും സന്ദീപും റമീസും കസ്റ്റംസിനോട് സമ്മതിച്ചിട്ടുണ്ട്.മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിനോട് സൗഹൃദ ബന്ധം മാത്രമേയുള്ളുവെന്നും കസ്റ്റംസിന് നല്‍കിയ പ്രാഥമിക മൊഴിയില്‍ സ്വപ്ന പറഞ്ഞു. അതേസമയം ശിവശങ്കറിന് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം സ്വപ്ന നല്‍കിയിട്ടില്ല.