ഒറ്റദിവസം കൊണ്ട് 4.2 ലക്ഷം കോവിഡ് പരിശോധനകള്‍ എന്ന നേട്ടത്തില്‍ ഇന്ത്യ

ന്യൂഡല്‍ഹി: രാജ്യത്ത് ഒറ്റദിവസം നടത്തിയത് 4.2 ലക്ഷം കോവിഡ് പരിശോധനകള്‍. രാജ്യത്ത് ഇതാദ്യമായാണു ഇത്രയും കോവിഡ് പരിശോധനകള്‍ നടത്തുന്നത്. ഒരാഴ്ചയായി 3,50,000 പരിശോധനകള്‍ ദിവസവും നടത്തിവരികയായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,20,898 സാംപിളുകളാണു പരിശോധിച്ചത്. ഇതോടെ ദശലക്ഷത്തിലെ പരിശോധനാ നിരക്ക് (ടിപിഎം ടെസ്റ്റ്‌സ് പെര്‍ മില്യന്‍) 11,485 ആയി വര്‍ധിപ്പിക്കാനായി. വെ

ള്ളിയാഴ്ച വരെ രാജ്യത്ത് ആകെ 1,58,49,068 സാംപിളുകള്‍ പരിശോധിച്ചു. ഈ വര്‍ഷം ജനുവരിയില്‍ കോവിഡ് പരിശോധനാ സൗകര്യമുള്ള ഒരു ലാബ് മാത്രം ഉണ്ടായിരുന്ന സാഹചര്യത്തില്‍നിന്ന് ഇന്ന് 1301 ലാബുകളായി വര്‍ധിച്ചതാണ് പരിശോധനകളുടെ എണ്ണം കൂട്ടിയത്.ഇതില്‍ 902 സര്‍ക്കാര്‍ ലാബുകളും 399 സ്വകാര്യ ലാബുകളുമാണ്.

ഐസിഎംആറിന്റെ മാര്‍ഗനിര്‍ദേശങ്ങളും സര്‍ക്കാരിന്റെ കൂട്ടായ ശ്രമങ്ങളും പരിശോധനകള്‍ വ്യാപകമാക്കി. ‘ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ്’ നയം പിന്തുടരാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി. ഇത് ആദ്യഘട്ടത്തില്‍ രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ ഇടയാക്കും. എന്നാല്‍, പിന്നീടു കുറയും.

ലോകത്തിലെ ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്ക് ഇന്ത്യയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,223 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. സുഖം പ്രാപിച്ചവരുടെ ആകെ എണ്ണം ഇന്ന് 8,49,431 ആയി.