വായനാജാലകം ( ചിപ്പിളി-ഖദീജ ഉണ്ണിയമ്പത്ത് )

‘ഇരുട്ട് വെളിച്ചത്തിന്റെ അവസാന കണികയെയും വിഴുങ്ങിക്കഴിഞ്ഞപ്പോൾ ഞാനെന്റെ മുറിയിലേക്കു വലിഞ്ഞു. വെറുതെ കുത്തിയിരിക്കാൻ. കനം വെച്ചു തുടങ്ങിയ ഇരുട്ടിനു മീതെ ഒരു നിഗൂഢ നിശ്ശബ്ദത വരിഞ്ഞുമുറുക്കി കൊണ്ടിരുന്നു. ഇണയെ പിരിഞ്ഞ ഒരു രാക്കിളിയുടെ ദീനരോദനം ഇടയ്ക്കിടെ ഇരുട്ടിനു തുളയിട്ടു കൊണ്ടെത്തുന്നുണ്ടായിരുന്നു. അവളുടെ കരച്ചിലിനും എന്റെ നെടുവീർപ്പുകൾക്കും ഒരേ താളമാണെന്നെനിക്കപ്പോൾ തോന്നി. മേശപ്പുറത്തു കമിഴ്ന്ന് കിടക്കുന്ന എന്റെ സ്മാർട്ട് ഫോണിലേക്ക് ഞാനൊന്ന് കണ്ണുനീട്ടി. നീ പരിധിക്കു പുറത്തേക്കു പറന്നത് മുതൽ അതിനൊരു ജഢത്തിന്റെ വിറങ്ങലിപ്പാണ് ‘
ഖദീജ ഉണ്ണിയമ്പത്ത് എന്ന കഥാകാരി തന്റെ ‘ചിപ്പിളി’ എന്ന ആദ്യ കഥാസമാഹാരത്തിലുടെ ഇങ്ങനെ പ്രണയ – വിരഹങ്ങളുടെ, സ്നേഹ നിരാസങ്ങളുടെ, പെൺ മനസ്സിന്റെ വ്രണിത വേദനകളുടെ, കഥ പറയുകയാണ്. കരളെരിക്കുന്ന നോവുകളുടെ, തൊട്ടാൽ പൊള്ളുന്ന കദനങ്ങളുടെ, സഹതാപമർഹിക്കുന്ന പെൺ നിസ്സഹായതകളുടെ, ആൺകോയ്‌മ ക്കെതിരെ പ്രഹര ശേഷിയുള്ള പ്രതിഷേധത്തിന്റെ ഒക്കെ കഥകളാണ് ‘ചിപ്പിളി’ യിലുള്ളത്.

ചില ഗന്ധങ്ങൾ മനസ്സിൽ തീർക്കുന്ന ഉദ്ദീപനങ്ങൾ കാലങ്ങൾക്കപ്പുറത്തും മങ്ങാതെ നിലനിൽക്കുന്നതിന്റെ അടയാളപ്പെടുത്തലാണ് ടൈറ്റിൽ കഥയായ ‘ചിപ്പിളി’. ആ ഗന്ധം തിരികെ കിട്ടുമ്പോൾ കിട്ടുന്നത് ഭൂതകാലത്തിന്റെ മുഴുവൻ വസന്തമാണ് എന്ന് കഥ പറയാതെ പറയുന്നുണ്ട്. ഗതകാലത്ത് അധ:കൃത സമൂഹം അനുഭവിച്ചിരുന്ന വിവേചനങ്ങളുടെയും ചൂഷണങ്ങളുടെയും കഥ വ്യത്യസ്തമായ ഒരു ക്രാഫ്റ്റിലൂടെ പറയാനാണ് ‘നീല’ എന്ന കഥയിലൂടെ കഥാകാരി ശ്രമിക്കുന്നത്. നിറം എന്നത് ഇവിടെ കാലത്തിന്റെ, സാമൂഹ്യ അവസ്ഥയുടെയൊക്കെ പ്രതീകമായി തെളിച്ചം നേടുന്നത് കാണാം. ഉമ്മാച്ചുമ്മയുടെ വാർദ്ധക്യ നിസ്സഹായതയ്ക്ക് മേൽ വേദനയുടെ നനവായി നിറയുന്ന കഥയാണ് ‘ കാറ്റുപറഞ്ഞ കഥ’. ‘ കാണുമ്പോഴൊക്കെയും ഗർഭിണിയായും കാണാത്തപ്പോൾ പ്രസവിച്ചു കിടക്കുന്നതും ‘ എന്ന് മറ്റുള്ളവർ പരിഹസിച്ചു ചിരിക്കുന്ന സൽമ എന്ന പാവം കുടുംബിനിയുടെ മരണം തീർക്കുന്ന ദുഃഖ നനവിലൂടെ ‘നാരങ്ങ മിഠായി ‘ എന്ന കഥയും വായനക്കാരെ പൊള്ളിക്കും. കുടുംബത്തിനായി കളവു പോലും ചെയ്തു ജീവിക്കേണ്ടി വന്ന പെണ്ണിന്റെ അരങ്ങൊഴിയലിന്റെ ഒപ്പം തന്നെ ”ഇഞ്ഞിപ്പൊ ആ ബാല്യക്കാരനും കുട്ടികൾക്കും വല്ലതും കാച്ചിക്കൊടുക്കാൻ ആ പെരേലൊരു പെണ്ണ് വേണ്ടെ?” എന്ന സമൂഹ ജാഗ്രതയ്ക്കു നേരെ പരിഹാസത്തിന്റെ ചിറി കോട്ടിക്കാണിച്ചാണ് കഥാകാരി കഥ അവസാനിപ്പിക്കുന്നത്. ‘വൈധവ്യത്തിന്റെ നിറം വെള്ളയാണല്ലോ ‘ എന്ന് പരിതപിക്കുന്ന ‘ നിശാഗന്ധി ‘ യും പെൺപക്ഷ കഥ തന്നെ. ‘നാപ്കിൻ’ , ‘വിടരാത്ത മൊട്ട് ‘ എന്നീ കഥകളും പ്രമേയവൽക്കരിക്കുന്നത് മറ്റൊന്നല്ല. പരിസ്ഥിതിയുടെ മേൽ മനുഷ്യൻ നടത്തുന്ന അധിനിവേശങ്ങളെ പ്രകൃതിയിലെ ജൈവ നീതി എങ്ങനെ പ്രതിരോധിക്കും എന്നതിന് ഫാന്റസിയുടെ നിറം ചേർത്ത് പ്രതീകാത്മകമായ കഥാഭാഷ്യം തീർക്കുന്ന ‘ആധാരം’ എന്ന കഥ ഈ സമാഹാരത്തിൽ മറ്റു കഥകളിൽ നിന്ന് വേറിട്ടു നിൽക്കുന്നു.

ലളിതമായി, എന്നാൽ മൂർച്ചയോടെ, ഗ്രാമ്യമായ പ്രതലത്തിൽ നിന്ന് കഥ പറയാനുള്ള ശ്രമം എന്ന നിലയ്ക്ക് ഓരോ കഥയ്ക്കും ഒട്ടും ദുർഗ്രാഹ്യതയില്ലാത്ത ഒരു സംവേദന ചാതുരിയുണ്ട് എന്ന് പറയാതെ വയ്യ. ആദ്യകഥാസമാഹാരം എന്ന നിലയിലുള്ള കൈ കുറ്റപ്പാടുകൾ ഇടയ്ക്ക് കാണാമെന്നിരിക്കിലും കുടുംബം, വിദ്യാലയം, പരിസ്ഥിതി, സാമൂഹ്യ വിവേചനം, ലിംഗവിവേചനം തുടങ്ങി വൈവിധ്യമാർന്ന വിഷയങ്ങളിലൂടെ സഞ്ചരിക്കുമ്പോഴും കഥ എന്ന വ്യവഹാര രൂപത്തിന്റെ പരിധിയിൽ നിന്ന് ഒട്ടും വ്യതിചലിക്കാത്ത വിധം സൂക്ഷ്മത കാണിച്ചിരിക്കുന്നു എന്നത് കഥാകാരിയുടെ എഴുത്തിന്റെ ജാഗ്രതയെ കാണിക്കുന്നുണ്ട്.

പ്രസാധകർ: സൈകതം ബുക്സ്
പേജ്: 64 വില: 70 രൂപ