പകർന്നാട്ടം (പുസ്തക വായന)

റഹ്മാൻ കിടങ്ങയം

ആത്മകഥകൾക്ക് നല്ല വായനക്കാരുള്ള ഭാഷയാണ് മലയാളം. ലബ്ധ പ്രതിഷ്ഠരായ എഴുത്തുകാരുടെയും കലാകാരന്മാരുടെയും രാഷ്ട്രീയ – സാമൂഹ്യ – മത മേഖലകളിലെ മഹദ് വ്യക്തികളുടെയും മാത്രമല്ല, മോഷ്ടാവിന്റെയും ലൈംഗികത്തൊഴിലാളിയുടെയും വരെ ആത്മകഥകൾ നന്നായി വായിക്കപ്പെടുന്നു. പച്ചയായ ജീവിതാവസ്ഥകൾ അതിശയോക്തികളില്ലാതെ അനുഭവിക്കാനുള്ള വായനക്കാരുടെ താല്പര്യമാണ് ഇതിന് പിന്നിൽ എന്ന് കാണാം. ചില ആത്മകഥകളൊക്കെ അതിശയകരമാം വിധം സത്യസന്ധമാണ് താനും. ചെറുകാടിന്റെ ‘ജീവിതപ്പാത ‘ അതിന് നല്ല ഉദാഹരണമാണ്.
ആത്മകഥകൾ ഒരാളുടെ ജീവിതത്തെ അതിന്റെ കേവല കാഴ്ചയിൽ പ്രദർശിപ്പിക്കുകയല്ല ചെയ്യുന്നത്. അത് ഒരു പ്രത്യേക കാലഘട്ടത്തെ, സ്ഥലരാശിയെ, സംസ്കാരത്തെ, ചരിത്രത്തെ ഒക്കെ പ്രതിഫലിപ്പിക്കുകയാണ്.
കഥകളി – നൃത്തകലാകാരനായ കോട്ടക്കൽ ശശിധരന്റെ ‘പകർന്നാട്ടം’ മേൽപ്പറഞ്ഞതു നോക്കുമ്പോൾ ഒരു ലക്ഷണമൊത്ത ആത്മകഥയാണ്. 1192 പേജുകളിൽ രണ്ടു വോള്യങ്ങളിലായി പരന്നു കിടക്കാൻ മാത്രം ഒരു കഥകളി കലാകാരന് എന്ത് പറയാനുണ്ട് എന്ന് കൗതുകപ്പെട്ട് വായന തുടങ്ങിയാൽ നിങ്ങൾ പോലും അതിശയപ്പെടുന്ന വിധം മാസ്മരികമായി ഈ പുസ്തകം നിങ്ങളെ പിടിച്ചു വെക്കും. കാരണം, അത്രമാത്രം ബൃഹത്തായ ഒരു ലോകം ഈ പുസ്തകം തുറന്നു തരുന്നുണ്ട്.
മലപ്പുറം ജില്ലയിലെ പന്തല്ലൂർ എന്ന ചെറു ഗ്രാമത്തിൽ നിന്നും, താൻ പെറ്റ ഒരു കുട്ടിയെങ്കിലും പട്ടിണിയിൽ നിന്നും മോചനം കിട്ടട്ടെ എന്ന് കരുതി കോട്ടക്കൽ പി.എസ്.വി നാട്യസംഘത്തിൽ മകനെ കൊണ്ടുപോയി ചേർക്കുന്ന ഒരമ്മയുടെ സ്നേഹത്തിന്റെ നനവിൽ നിന്ന് തുടങ്ങി 60 കൊല്ലം കഥകളി എന്ന എണ്ണയൊഴിച്ചു കത്തിച്ച ജീവിതമാകുന്ന കളിവിളക്കിനെ തൊഴുതു നിൽക്കുന്ന ലോകപ്രശസ്തനായ ഒരു മകനിൽ അവസാനിക്കുന്ന ഈ ആത്മകഥ ഒരു നീണ്ട കാലഘട്ടത്തിന്റെ അനുഭവത്തിന്റെ രേഖപ്പെടുത്തലാണ്. ദാരിദ്ര്യത്തിന്റെ കയ്പു മാത്രം കുടിച്ച ബാല്യത്തിന്റെ തിക്താവസ്ഥയെ കലകൊണ്ട് മറികടന്നവന്റെ ആത്മധൈര്യത്തിന്റെ കഥ. അശരണനായ, നിരാലംബനായ, അക്കാദമിക വിദ്യാഭ്യാസം വേണ്ടത്ര ലഭിച്ചിട്ടില്ലാത്ത ഒരാൾ ഏത് രാജ്യത്തും മനസ്സിലാവുന്ന മുദ്രയുടെ ഭാഷയുടെ ബലത്തിൽ, ഭാഷകളെ, ദേശങ്ങളെ, കാലത്തെ, നടനകലയെ തന്റെ ചൊൽപ്പടിയിലേക്ക് വഴക്കി മെരുക്കിയതിന്റെ അനുഭവകഥനം. നടനകലയുടെ മർമ്മമറിഞ്ഞവന്റെ മുമ്പിൽ രേഖീയഭാഷ പോലും ഓച്ഛാനിച്ചു നിൽക്കുമെന്ന് തോന്നുന്ന വിധമാണ് ഈ ആത്മകഥയുടെ ആഖ്യാനശൈലി. നവരസങ്ങളും ഈ പുസ്തകത്തിലെ അക്ഷരങ്ങൾക്കിടയിൽ ഒളിഞ്ഞും തെളിഞ്ഞും നൃത്തം ചെയ്തു കൊണ്ടിരിക്കുന്നത് വായനക്കാർക്ക് അനുഭവിക്കാനാകും. ബാല്യകാലത്തെക്കുറിച്ച്, അമ്മയെക്കുറിച്ച് ഒക്കെ പറയുമ്പോൾ ശോകമാണ് സ്ഥായീഭാവമെങ്കിൽ സ്വന്തം ജീവിതത്തെ നോക്കിക്കാണുമ്പോൾ സ്വയം ആക്ഷേപിക്കുന്ന ഒരു പരിഹാസമാണ് ശശിധരന്റെ ശൈലി. പലയിടത്തും പൊട്ടിച്ചിരിപ്പിക്കും വിധം ഹാസ്യത്തിലേക്ക് അത് കൂപ്പുകുത്തുന്നതായും കാണാം. ഗുരുക്കന്മാരിൽ ചിലരെക്കുറിച്ച് പറയുമ്പോൾ ചിലയവസരങ്ങളിൽ ആ ഭാവം ബീഭത്സം പോലുമാവുന്നുണ്ട്.
വിദ്യാഭ്യാസമില്ലായ്മ കൊണ്ട്, ഭാഷാപ്രശ്നം കൊണ്ട് ഒക്കെ തനിക്ക് പറ്റിയ മണ്ടത്തരങ്ങളെയൊക്കെ വളരെ സരസമായി തുറന്നു പറയുന്ന ഏറെ സന്ദർഭങ്ങൾ ശശിധരന്റെ ആത്മകഥയിൽ കാണാം. നോക്കൂ.. ഞാനെന്ന ഈ ഞാൻ ഇത്രയൊക്കെയേ ഉള്ളു.. ഇത്രയൊക്കെയേ ഉണ്ടായിരുന്നുള്ളു എന്ന അസ്ഥിയോളം ആഴമുള്ള ഒരു സത്യസന്ധതയാണ് അത്.
കഥകളി എന്ന രംഗകലയുടെ ലോകമൊട്ടുക്കുമുള്ള വളർച്ചയുടെ എഴുതപ്പെട്ട ചരിത്രമായിക്കൂടി ഈ പുസ്തകത്തെ വായിക്കാം. അറുപതു വർഷത്തിനിടയ്ക്ക് ലോകത്തുണ്ടായ സംഭവ വികാസങ്ങൾ കൃത്യമായ സമയ ബോധത്തോടെ ഈ ആത്മകഥയിൽ കോട്ടക്കൽ ശശിധരൻ വിന്യസിച്ചിട്ടുണ്ട്. താൻ ചെന്നെത്തിയ ദേശങ്ങളിലെ മനുഷ്യർ, സംസ്കാരം, ജീവിതം, പ്രതിസന്ധികൾ തുടങ്ങിയവ രേഖപ്പെടുത്തുന്നതിലൂടെ ആത്മകഥയിൽ നിന്ന് ഒരു യാത്രാവിവരണവും കൂടി വേർതിരിച്ചെടുക്കാവുന്ന വിധം മറ്റൊരു മുഖം കൂടി ഈ പുസ്തകം പ്രദർശിപ്പിക്കുന്നതായി കാണാം.
മോഷ്ടാവും അഭിസാരികയും മാത്രമല്ല, കലാകാരനും ചിലപ്പോൾ അരികു ജീവിതം തന്നെയാണ് പ്രദർശിപ്പിക്കുന്നത്. നടനവേദിയിൽ ജനസഞ്ചയത്തിനു മുമ്പിൽ നിറഞ്ഞാടുന്നവന്റെ യഥാർത്ഥ ജീവിതം പാർശ്വവൽക്കരിക്കപ്പെട്ട സങ്കടക്കെട്ടുകളാൽ ജീർണിച്ചതാവും പലപ്പോഴും. അത്തരം ജീർണജീവിതങ്ങളെക്കൂടി പരിചയപ്പെടുത്തുന്ന കൃതിയാണ് ഇത്. ആയിരക്കണക്കിന് പേജുകളുള്ള ഒരു പുസ്തകത്തിൽ നിന്ന് അത്തരം ഒന്നോ രണ്ടോ അടർത്തിയെടുത്ത് പ്രദർശിപ്പിക്കുന്നത് അഭികാമ്യമല്ലാത്തതിനാലാണ് പുസ്തകത്തിന്റെ ഉള്ളറകളിലേക്ക് പ്രവേശിക്കാതെ ഈ ചെറുകുറിപ്പ് അവസാനിപ്പിക്കുന്നത്. വായിച്ചനുഭവിക്കേണ്ടത് പറഞ്ഞനുഭവിപ്പിക്കാനാവില്ല എന്നതിനാൽ സാധ്യമായവരൊക്കെ ഈ പുസ്തകം തേടിപ്പിടിച്ചു വായിക്കണമെന്ന് ഞാൻ ശുപാർശ ചെയ്യുന്നു. നിരാശപ്പെടേണ്ടി വരില്ല എന്ന ഗ്യാരന്റിയോടെ..

പ്രസാധകർ: മാതൃഭൂമി
പേജ്: 1192 (വോള്യം 1 -560 + വോള്യം 2 -632)
വില: 1500 രൂപ.