‘കുട്ടി കൗൺസലിംഗ്’ :തരംഗമാകുന്ന ചിരി പോസ്റ്ററുകൾ

ചിരി എന്ന വാക്കിനു പൂക്കളുടെ വിരിയൽ എന്നുകൂടി അർത്ഥമുണ്ടാകും.കുഞ്ഞുങ്ങളുടെ ചിരി പനിനീർപ്പൂക്കളെയും തോൽപ്പിക്കും .രണ്ടു കുഞ്ഞുങ്ങളുടെ ചിരി പോസ്റ്ററുകളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ച ആയിരിക്കുന്നത് .കൊറോണ കാലത്ത് വീടുകളിൽ മാനസിക സമ്മർദം അനുഭവിക്കുന്ന കൂട്ടുകാർക്ക് എസ് .പി .സി .(സ്റ്റുഡൻറ് പോലീസ് കേഡറ്റ് )ഒരുക്കുന്ന ഓൺലൈൻ കൗൺസലിംഗ് പ്രോഗ്രാമാണ് ചിരി എന്ന പേരിൽ ഇന്ന് സജീവമായിരിക്കുന്ന ‘കുട്ടി കൗൺസലിംഗ്’ .
കോവിഡ് ഉയർത്തിയ ഭീതിയും ലോക്ഡൗണിന്റെ അനിശ്ചിതത്വവുമെല്ലാം ചേർന്ന്‌ ലോകത്തെ തടങ്കലിലാക്കി എന്നു പറയാം .ഇതിനിടയിൽ സമൂഹം പലതരത്തിലുള്ള അതിജീവന ശ്രമങ്ങളും പരീക്ഷിക്കുന്നു . അങ്ങനെയാണ് വിദ്യാലയങ്ങൾ തുറക്കാത്ത സാഹചര്യത്തിൽ ഓൺലൈൻ പഠനം ആരംഭിക്കുന്നത് .ഇതിന്റെയെല്ലാം മധ്യത്തിൽ പക്ഷെ ,ഏറെ കുഞ്ഞുങ്ങൾ നിരാശയിലേക്കും ,വിഷാദത്തിലേക്കും വഴുതിവീണു .ഒരിക്കലും ഉണ്ടാകാത്തതുപോലെ കുഞ്ഞുങ്ങളുടെ ആത്മഹത്യകൾ വർധിച്ചു .

ഈ സാഹചര്യത്തിലാണ് വിദ്യാർഥികൾക്ക് ഒരു കൈത്താങ്ങു് എന്ന ആശയത്തിൽ അടിസ്ഥാനപ്പെട്ട് സ്റ്റുഡൻറ് പോലീസ് കേഡറ്റൂം അതിനു നേതൃത്വം നൽകുന്ന പി .വിജയൻ .ഐ പി എസ് ഉം ചേർന്ന് ചിരി എന്ന ഓൺലൈൻ കൗൺസലിംഗ് പരിപാടി ആരംഭിക്കുന്നത് .സംസ്ഥാന തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട കേഡറ്റുകളും അധ്യാപകരും പോലീസ് ഉദ്യോഗസ്ഥരും മനഃശാസ്ത്രഞ്ജരും കൗൺസിലേഴ്‌സും ചേർന്നതാണ് സംസ്ഥാന ചിരി ടീം .കുട്ടികളുടെ പ്രശ്നങ്ങളുടെ ഗൗരവം അനുസരിച്ചു് മെന്റർ ,സൈക്കോളജിസ്റ് ,സൈക്കാട്രിസ്റ് ,എന്നിവരുടെ ഇടപെടീലിലൂടെ പരിഹാരം കാണുകയാണ് ലക്‌ഷ്യം .സമ്മർദമുള്ളവർ എന്ന നമ്പറിൽ വിളിച്ചാൽ പരിഹാരം ഉറപ്പാണ് .വിദ്യാർത്ഥികളുടെ ഏത് ആകുലതകളും ഏത് സമയത്തും പങ്കിടാനും പരിഹാരം തേടാനുമുള്ള ഈ കൗൺസലിംഗ് പരിപാടി സംസ്ഥാന തലത്തിൽ ശ്രദ്ധേയമായി മുന്നേറുകയാണ് .ഓ .ആർ .സി .,സി .എ .പി .,എന്നീ സർക്കാർ സംവിധാനങ്ങളും ഈ പദ്ധതിയെ സഹായിക്കുന്നു .
ഇതിന്റെ ഭാഗമായി ആലുവ ,കീഴ്മാട് ഗവ .മോഡൽ റെസിഡൻഷ്യൽ സ്‌കൂളി (എം .ആർ .എസ് .)ലെ എസ് .പി .സി കമ്യുണിറ്റി പോലീസ് ഓഫീസറും മലയാള വിഭാഗം അധ്യാപകനുമായ ബാബു കോടംവേലിൽ ആണ് ഈ പോസ്റ്ററുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് .

വെള്ളം ചെപ്പി കളിക്കുന്ന ഒരു കുഞ്ഞാണ് ആദ്യ ചിരി പോസ്റ്ററിലെ മോഡൽ .”നിങ്ങൾക്ക് സ്‌കൂളിൽ പോകാനാവുന്നില്ലേ …?”എന്നൊക്കെ ചോദിക്കുന്ന കുഞ്ഞു ” എല്ലാം മാറും വിളിക്കൂ… എന്തിനും പരിഹാരമുണ്ടെന്ന് ” ആശ്വസിപ്പിക്കുന്നു . എം .ആർ .എസ് -ലെ സയൻസ് അദ്ധ്യാപിക കെ .ജി .ഹിമയുടെയും ശ്രീജിത്തിന്റെയും മകനാണ് കുഞ്ഞൻ എന്ന ഈ കുഞ്ഞുമിടുക്കൻ. ചിത്രം പകർത്തിയിരിക്കുന്നത് സൂര്യ ഫോട്ടോഗ്രഫിയാണ് .
രണ്ടാമത്തെ പോസ്റ്ററിലും ഒരു കുഞ്ഞാണ് താരം .ഒരു ദരിദ്രവീടിന്റെ പശ്ചാത്തലത്തിൽ പടിയിലിരിക്കുന്ന ഈ മുഷിഞ്ഞ കുഞ്ഞും പക്ഷെ ചിരിക്കുകയാണ് “…ല്ലാരും പറയുന്നു ,കൊറോണ വല്യ കുഴപ്പമാണെന്ന്..എന്ത് വന്നാലും ഞാൻ ചിരിക്കും “എന്നാണു കുഞ്ഞിന്റെ മൊഴി .
ഒരു പോസ്റ്റർ -അതിലെ ചിത്രം , വാക്കുകൾ ,വാചകങ്ങൾ ,നിറം എന്നിവയെല്ലാം സന്ദേശമാകണം എന്ന അടിസ്ഥാന ദർശനത്തോട് നീതി പുലർത്തുന്നുണ്ട് ഈ പോസ്റ്ററുകൾ . കംപ്യൂട്ടറിന്റെയും ഫോട്ടോഷോപ്പിന്റെയും ഡിസൈനിങ്ങിന്റെയും ധാരാളിത്തത്തിനിടയിൽ അതുകൊണ്ടാണ് ഈ പോസ്റ്ററുകൾ ശ്രദ്ധിക്കപ്പെടുന്നത് .

ദീർഘ വർഷത്തെ പുസ്തക പ്രസാധന രംഗത്ത് ,പ്രത്യേകിച്ച് എഡിറ്റിങ്, ഡിസൈനിങ് മേഖലകളിലെ അനുഭവപരിചയത്തിൽ നിന്നാണ് ബാബു കോടംവേലിൽ, ഏത് പ്രഫഷണൽ ഡിസൈനറെയും വെല്ലുന്ന ഈ ‘ചിരി പോസ്റ്ററുകൾ’ മൊബൈൽ ആപ്പിൽ തയ്യാറാക്കിയിരിക്കുന്നത് . മികച്ച അധ്യാപകനും എഴുത്തുകാരനും ഗാന രചയിതാവുമൊക്കെയായ ബാബു കോടംവേലിൽ -ന്റെ പുസ്തകത്താൾ എന്ന പേരിലുള്ള വിദ്യാഭ്യാസ യുട്യൂബ് ചാനൽ ഓൺലൈൻ സ്‌കൂൾ പഠന മേഖലയിൽ ഇന്ന് ഹിറ്റാണ് .

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ