ഇക്ഷ്വാകുവംശത്തിന്റെ യുവരാജാവ് (സ്വപ്ന കെ സുധാകരൻ)

വായന -മൂന്നാം അദ്ധ്യായം
കഴിഞ്ഞ പതിനാറുമണിക്കൂറിലധികമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന വേദന, കൗസല്യയെ നന്നേ തളർത്തിത്തുടങ്ങിയിരുന്നു! എന്നിരുന്നാലും ദശരഥമഹാരാജാവിന്റെ പ്രഥമസന്താനത്തിനു ജന്മംനല്കുന്നതിന്റെ സന്തോഷം, അവരുടെയുള്ളിൽ അഭിമാനത്തിന്റെ ജ്വാലയായി. പ്രഥമപത്നിയായിട്ടും, ഒരു പുത്രനു ജന്മംകൊടുക്കാത്തതിന്റെപേരിൽ, കൗസല്യയെ ചടങ്ങുകളിൽമാത്രമാണ് ദശരഥൻ അംഗീകരിച്ചിരുന്നത്. മഹാരാജന്റെ മനസ്സിൽ തനിക്കിടംനേടാനാകുമെന്ന പ്രത്യാശ, അവളിൽ ആനന്ദമുണർത്തി. കൗസല്യ, തന്റെ പുത്രനിടാൻ തെരഞ്ഞെടുത്ത പേര് മന്ത്രിച്ചുകൊണ്ടേയിരുന്നു. അത് ആറാംവിഷ്ണുവിന്റെ പേരായിരുന്നു! ( നന്മ പ്രചരിപ്പിക്കുന്ന മഹാന്മാർക്ക് ‘വിഷ്ണു’ എന്ന പദവി നല്കാറുണ്ടത്രേ. ആ പദവി ലഭിച്ച ആറാമത്തെ വ്യക്തിയേയാണ് ‘ആറാംവിഷ്ണു’വെന്നു വിളിക്കുന്നത്). മഴു, അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ആയുധമാകയാൽ, ‘പരശു’ എന്ന പദം അദ്ദേഹത്തിന്റെ നാമത്തോടൊപ്പം കാലാന്തരത്തിൽ ഭവിക്കയായിരുന്നു! വേദനയുടെ പാരമ്യത്തിലും, കൗസല്യയുടെമനസ്സിൽ ആ പേര്, മുഴങ്ങിക്കൊണ്ടേയിരുന്നു….
രാമാ …രാമാ …രാമാ …
കൗസല്യയുടെ അടുത്തിരുന്നുകൊണ്ടു രാജചികിത്സകയായ നീലാഞ്ജനയപ്പോൾ, സമയം സൂചിപ്പിക്കുന്ന നാഴികദീപത്തിലേക്ക് ഉറ്റുനോക്കി..”മദ്ധ്യാഹ്നത്തിനുമുൻപ് കുഞ്ഞു പിറക്കണം, ഇല്ലെങ്കിൽ”.. രാജജ്യോത്സ്യന്റെ വാക്കുകളിലെ ദുസ്സൂചന, അവളെ ചിന്തയിലാഴ്ത്തി …
അവിടെ, കൈകേയി സംഭ്രാന്തിയോടെ ശരവേഗം തേരുപായിക്കുകയാണ്! രാവണന്റെ കുതിരപ്പടയാളികൾ ആ തേരിനെ പിന്തുടരുന്നു. കത്തിജ്ജ്വലിക്കുന്ന സൂര്യനെനോക്കി, അവൾ നിർദ്ദയം പുലമ്പി.
“നിന്റെ ഭക്തന് ഇങ്ങനെ സംഭവിക്കാൻ നീയെന്തിന് അനുവദിച്ചു? നീ നശിച്ചുപോകട്ടെ സൂര്യഭഗവാനെ”
തേരിൽ, നിണമൊലിച്ചുകിടക്കുന്ന ദശരഥന്റെ ബോധമണ്ഡലത്തിൽ യുദ്ധരംഗങ്ങളുടെ തനിയാവർത്തനമായിരുന്നു. കുബേരന്റെ ‘കരാചപ’ക്കോട്ടയ്ക്കു ചുറ്റിനും മുൾച്ചെടികളെഭേദിക്കാൻ ‘സൂചിവ്യൂഹം’ തീർത്തുകൊണ്ട്, തന്റെ യുദ്ധമുറയിൽ അഹങ്കരിച്ച നിമിഷത്തിൽ, ദശരഥൻ ; രാവണനെക്കുറച്ചുകാണുകയായിരുന്നു! ” എടുത്തുചാട്ടക്കാരനായ ഒരു വിഡ്ഢിയാണ് രാവണനെന്ന” തന്റെ നിഗമനം, കേവലം അബദ്ധമായിരുന്നുവെന്ന തിരിച്ചറിവിന്റെ നിമിഷങ്ങളിൽ, ദശരഥൻ വിശ്വസവിധാവിനോട് പ്രാർത്ഥിച്ചു “ഇതു സഹിക്കുവാനായി എന്നെ ജീവിക്കാൻ അനുവദിക്കരുതേ സൂര്യഭഗവാനേ!”
ശക്തമായ കരച്ചിലോടെ തന്റെ ജീവിതത്തിന്റെ ആദ്യശ്വാസം ആ കുഞ്ഞു വലിച്ചെടുക്കുമ്പോൾ, സ്നേഹവായ്പുകളോടെ കൗസല്യയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. എല്ലാത്തിനും, സാക്ഷിയായ നീലാജ്ഞന നിശബ്ദമിരുന്നു. കുഞ്ഞിന്റെ ജനനസമയത്തിന്റെ രഹസ്യം, കൗസല്യയുടെ (അതുവരെയുള്ള) വ്യഥകൾക്കൊപ്പം ഹോമിക്കാവർ തീരുമാനിച്ചിരുന്നു!
——————————————————————————————-
(‘ഇതുവരെയുള്ള വിശ്വാസത്തെ ,കഥാകാരൻ കാറ്റിൽപ്പറത്തുകയാണോ എന്ന ചോദ്യം നിലനില്ക്കുമ്പോഴും, ‘സ്വാഭാവിക പ്രസവത്തിലൂടെ കുഞ്ഞിനു ജന്മംകൊടുക്കുന്നത് ശ്രേഷ്ഠമാണെന്ന’ സന്ദേശം ഈ കാലഘട്ടത്തെത്തന്നെ സൂചിപ്പിക്കുന്നു. അതുപോലെ, ‘കുഞ്ഞിന്റെ ജനന സമയം’ ചുറ്റിപ്പറ്റിയുള്ള ഇന്നിന്റെ ആശങ്കകളും നിഴലിക്കുന്നുണ്ട്.
എല്ലാത്തിൽനിന്നും അവനവന്റെ ആദർശങ്ങൾക്കും വിശ്വാസങ്ങൾക്കും അനുയോജ്യമായതുമാത്രം സ്വീകരിക്കാൻ ആരും പറഞ്ഞുതരേണ്ടതില്ലല്ലോ!)