കനൽപ്പൂക്കൾ (കവിത -ഉമ പട്ടേരി )

മറവിയുടെ കമ്പളം പുതച്ച്
വിജനതയുടെ തീരത്തേക്ക്
യാത്ര തിരിക്കുമ്പോൾ
ഓർമ്മയുടെ ഓളങ്ങളിൽ പോലും
നീയുണ്ടാവരുതെന്നു
നിർബന്ധമുണ്ടായിരുന്നെനിക്കു…
വിഷാദത്തിന്റെ കനൽ
പൂക്കളെയുപേക്ഷിച്ച്
മുറിവേൽപ്പിക്കുന്ന സ്വപ്നങ്ങളോട്
വിട പറഞ്ഞ്
നിഴലിനോട് കൂട്ട് കൂടി
മൗനത്തിന്റെ വിപഞ്ചികയിൽ
ശൂന്യതയിലൂടെ ഒരൊഴുക്ക്…
കൊഞ്ചലിൻ പിൻവിളിയുമായ്
പിറകെ വരും വടക്കൻ കാറ്റിന്
ചെവി കൊടുക്കാതെ
പ്രണയ പാരവശ്യത്തോടോടിയടുക്കും
മഴത്തുള്ളികളെ
ഹൃദയത്തിലേക്കാവാഹിക്കാതെ
തുടരുകയാണീ യാത്ര…
തിരയും തീരവും
ഒന്നു ചേരുന്നയിടം
ആത്മനൊമ്പരങ്ങളുടെ
ഭാണ്ഡക്കെട്ടുകളിറക്കി വെച്ച്
മനസ്സും ശരീരവും ശുദ്ധമാക്കി
പാവനമാം ധരിത്രിയെ
തൊട്ടു വണങ്ങി
അന്ത്യമില്ലാത്ത യാത്രയിലേക്കു
ഊളിയിടണം ഏകയായ്….