സുശാന്തിന്റെ മരണം; സിബിഐ അന്വേഷണം വേണ്ടെന്ന് ബിഹാര്‍ പൊലീസ്

മുംബൈ: നടന്‍ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐയ്ക്ക് വിടേണ്ടെന്ന് ബിഹാര്‍ പൊലീസ്. കേസന്വേഷണത്തില്‍ മുംബൈ പൊലീസ് സഹായിക്കുന്നില്ലെന്ന ആരോപണങ്ങളും ബിഹാര്‍ ഡിജിപി നിഷേധിച്ചു. എന്നാല്‍ അന്വേഷണത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുശാന്തിന്റെ സഹോദരി കത്തെഴുതിയിരിക്കുകയാണ്.

സുശാന്തിന്റെ അച്ഛനോ ബന്ധുക്കള്‍ക്കോ സിബിഐ അന്വേഷണം എന്ന ആവശ്യവുമായി മുന്നോട്ട് പോകാമെങ്കിലും ബിഹാര്‍ പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ തന്നെ സത്യം പുറത്ത് വരുമെന്ന് ബിഹാര്‍ ഡിജിപി ഗുപ്‌തേശ്വര്‍ പാണ്ഡെ പറഞ്ഞു. എന്നാല്‍ മുംബൈയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ബാന്ദ്രാ പൊലീസ് സ്റ്റേഷനിലെത്തിയ ബിഹാര്‍ പൊലീസ് സംഘത്തിന് വിവരങ്ങള്‍ കൈമാറാന്‍ മുംബൈ പൊലീസ് തയാറായില്ല.ബിഹാര്‍ പൊലീസ് നടത്തുന്ന അന്വേഷണത്തിനെതിരെ റിയ ചക്രബര്‍ത്തി നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ നിന്നൊരു ഉത്തരവ് വരും വരെ കാത്തിരിക്കാനായിരുന്നു മറുപടി. വിഷാദ രോഗത്തിന് സുശാന്തിനെ ചികിത്സിച്ച മനോരോഗ വിദഗ്ദനെയും അവസാനമായി അഭിനയിച്ച ദില്‍ ബേച്ചാര എന്ന ചിത്രത്തിലെ അണിയറ പ്രവര്‍ത്തകരെയും അടുത്തതായി ചോദ്യം ചെയ്യും.