ഹനി ബാബുവിന് മാവോയിസ്റ്റ് ബന്ധമെന്ന് എന്‍ഐഎ; രേഖകള്‍ കിട്ടിയെന്ന് വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല അധ്യാപകനും മലയാളിയുമായ ഹനി ബാബുവിന്റെ മാവോയിസ്റ്റ് ബന്ധത്തിന് തെളിവ് കിട്ടിയെന്ന് എന്‍ഐഎ. വീട്ടില്‍ നടത്തിയ പരിശോധനയിലാണ് തെളിവുകള്‍ കിട്ടിയതെന്ന് എന്‍ഐഎ വ്യക്തമാക്കി. ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ടാണ് ഹനി ബാബുവിനെ അറസ്റ്റ് ചെയ്തത്.

മണിപ്പൂരിലെ മാവോയിസ്റ്റുകളുമായി ഹാനി ബാബു സമ്പര്‍ക്കത്തിലായിരുന്നു. മാവോയിസ്റ്റ് നേതാവ് പള്ളത്ത് ഗോവിന്ദന്‍ കുട്ടിക്കായി റോണാ വില്‍സണുമായി ചേര്‍ന്ന് ധനസഹായ ഫണ്ട് രൂപീകരിച്ചെന്നും എന്‍ഐഎ പറയുന്നു.ആനന്ദ് തെല്‍തുംബ്തെ, വരവര റാവു, സുരേന്ദ്ര ഗാഡ്ലിംഗ്, ജിഎന്‍ സായിബാബ എന്നിവരുമായി ഹനി ബാബുവിന് ബന്ധമുണ്ടെന്നും ഹനി ബാബുവിന്റെ വീട്ടില്‍ നിന്ന് ലെഡ്ജര്‍ ബുക്ക്, നിരവധി രേഖകള്‍, ഹാര്‍ഡ് ഡിസ്‌ക്, യുഎസ്ബി പെന്‍ഡ്രൈവ് എന്നിവ പിടിച്ചെടുത്തെന്നും എന്‍ഐഎ വ്യക്തമാക്കി.