രാമൻമാരോടൊപ്പം വീഭിഷണൻമാരും ഉണ്ടാകേണ്ടിയിരിക്കുന്നു

ദേവദേവൻ
ഇതിഹാസങ്ങളിലെ ഓരോ വ്യക്തിയുടേയും സ്വഭാവ-വിചാര-സൂക്ഷ്മതകൾ എത്ര ആഴത്തിലും കൃത്യതയോടേയും മനഃശാസ്ത്രപരവുമാണ് ചെയ്തിരിക്കുന്നത് പഠിക്കേണ്ടതാണ്. മഹാഭാരതത്തിൽ ദ്വാപരയുഗപാലകനായ കൃഷ്ണനും ദ്വാപരയുഗാധിപനുമായ ശകുനിയ്ക്കും ശേഷം യുധിഷ്ഠിരൻ ഇങ്ങനെയാണ് വ്യക്തിപരമായി ഇഷ്ടപെടുന്ന ക്രമം. ലക്ഷങ്ങൾ വരുന്ന ശ്ളോകങ്ങളിലേ കേവല ഈരടികളായ വികർണ്ണനും യുയുത്സുവുമെല്ലാം മനസിൽ തലയുയർത്തി തന്നെ നിൽക്കുന്നു.

രാമായണത്തിൽ ഒന്നിനൊന്ന് തുല്യരാണെല്ലാം. ഊർമ്മിള, ലക്ഷ്മണൻ, ജാംബവാൻ എന്നിങ്ങനെ എല്ലാവരേയും പറ്റി ഓരോരോ ഇതിഹാസങ്ങൾ വേറെയും എഴുതേണ്ടിയിരിക്കുന്നു. പക്ഷേ ഏറ്റവും ശ്രേഷ്ഠമായതും അസാധ്യവുമായ സൃഷ്ടി വിഭീഷണനാകാം. അതിവൈകാരികമായ തലങ്ങളിലൂടെയാണ് ആ ജൻമം പോകേണ്ടി വന്നത്. നിർദേവത്വം കാംഷിച്ച കുംഭകർണൻ, ജേഷ്ഠന്റെ അധർമ്മത്തെ കുറിച്ച് ബോധവാനാണ്. തെറ്റാണ് ചെയ്യുന്നതെന്നും കുലനാശമാണ് അനന്തര ഫലമെന്നും സഹോദരനെ ധർമ്മം പറഞ്ഞു
തിരുത്താൻ ശ്രമിച്ചു പരാജയപ്പെടുന്ന കുംഭകർണൻ, ജേഷ്ഠനു വേണ്ടി ഒടുങ്ങുകയാണ്.
കൈലാസമിളക്കിയ മഹാജ്ഞാനി രാവണനു മുൻപിൽ എന്ത് യോഗ്യതയിലാണ് നീ നിന്നു സാരോപദേശം ചെയ്യുന്നത് എന്ന ധ്വനിയിൽ പരിഹസിച്ചാണ് രാവണൻ അനുജനെ യുദ്ധക്കളത്തിലേക്ക് വിടുന്നത്.

വിഭീഷണനെന്നല്ല, രാക്ഷസ കുലത്തിലാരും രാവണനെ ഉപദേശിച്ചു നേടാൻ പോന്നവരല്ല. ഇരിക്കപിണ്ഡം വെച്ച് മാനായി പോയ മാരീചനും കുംഭകർണനും വിഭീഷണനുമെല്ലാം രാമന്റെ ധര്‍മ്മവിചാരത്തെ പുകഴ്ത്തിയാണ് രാവണനോട് സംസാരിച്ചത്. തിരുത്താൻ ശ്രമിച്ചത്, വിഭീഷണൻ ജേഷ്ഠനു വേണ്ടി മരിക്കാതെ, സഹോദരനെ ഉപേക്ഷിച്ച് പോയത് എന്തിനാകാം?. അതിനുത്തരം രാമയണം തന്നെ തരുന്നുണ്ട്.

നികുംഭിലയിൽ ഇന്ദ്രജിത്തിന്റെ ഹോമം മുടക്കിയപ്പോൾ, രോഷത്തോടെ രാവണ പുത്രൻ വിഭീഷണനുനേരെ ശകാരവര്‍ഷം തുടങ്ങി.
”നീയും രാക്ഷസവംശത്തില്‍ പിറന്നവനാണ്. എന്റെ ഇളയച്ഛനുമാണ്. സ്വന്തം ജ്യേഷ്ഠനേയും പുത്രന്മാരെയും മിത്രങ്ങളേയും വകവരുത്താന്‍ ശത്രുവിനു ഭൃത്യവേല ചെയ്യുന്നതോര്‍ത്താല്‍ വളരെ നന്നായി എന്നേ പറയാനുള്ളൂ. സ്വന്തം ഗോത്രനാശം വരുത്തുന്നവര്‍ക്ക് ഗതികിട്ടുകയില്ലെന്നാണു പ്രമാണം. സ്വര്‍ഗലോകപ്രാപ്തി സന്തതികളില്‍ നിന്നാണ് കിട്ടുക. നീയാകട്ടെ സന്തതികളെ നശിപ്പിക്കാന്‍ ശത്രുവിനോടൊപ്പം വേല ചെയ്യുന്നു”

ഇതിന് വിഭീഷണന്‍ മറുപടി പറഞ്ഞു

”നീയും നിന്റെ പിതാവും കൂടിയാണ് രാക്ഷസവംശം മുടിക്കുന്നത്. ഞാനാകട്ടെ സൂര്യവംശജാതന്റെ സഹായത്തോടെ നമ്മുടെ കുലത്തെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്”.

ആ വരിയിലുണ്ട് നീറിയെടുത്ത തീരുമാനത്തിന്റെ ചോദന. വിഭീഷണനാകുക എളുപ്പമല്ല. പിതൃതുല്യരേയും ജേഷ്ഠൻമാരെയുമാണ് എതിർക്കേണ്ടത്. സമൂഹത്തിലും കുടുംബത്തിലും എല്ലാം അവർ ഒറ്റപ്പെടും, തെറ്റിദ്ധരിക്കപ്പെടും. അതിജ്ഞാനികളായ രാവണൻമാർ കുലത്തിനു യശസ്സും വീര്യവും നേടിതന്നവരാണ്, തിരുത്താൻ ചെല്ലുന്നവർ അപഹസിക്കപ്പെടും. കുലദ്രോഹിയാക്കി പുകച്ചു ചാടിക്കും. എങ്കിലും കുലത്തെ സർവ്വനാശത്തിൽ നിന്നും
രക്ഷിക്കാൻ കുംഭകർണനോ മാരീചനോ സാധിക്കില്ല, വ്യക്തിഹത്യ സ്വയമേൽക്കുന്ന വിഭീഷണനേ കഴിയൂ. ഇത്രയും വികാരവിക്ഷോഭങ്ങളുള്ള കഥാപാത്രം ഉണ്ടാകില്ല. അതിനെയെല്ലാം അതിജീവിച്ച്, അത്ര പൂർണമാകാൻ ആർക്ക് കഴിയും. രാമൻമാരോടൊപ്പം വീഭിഷണൻമാരും ഉണ്ടാകേണ്ടിയിരിക്കുന്നു.