ക്ലാരായണം (ഡോ.ജയശ്രീ രാധാകൃഷ്ണൻ)

തൂവാനത്തുമ്പികളിലെ ജയകൃഷ്ണൻ ഒരു ശരാശരി മലയാളി പുരുഷനും, ക്ലാര എളിയ സാഹചര്യങ്ങളിൽ നിന്നും വന്നവൾ ആണെണെങ്കിലും കൂടി അങ്ങേയറ്റം സ്വതന്ത്രയും, ആരോടും വിധേയത്വം ഇല്ലാത്തവളും
ഒരു പുരുഷന് തന്റെ പ്രണയത്താൽ കുരുക്കി സ്വന്തമാക്കാൻ പറ്റാത്ത ഒരുവളും ആണ്. ജയകൃഷ്ണന് ക്ലാരയെ പൂർണമായി മനസ്സിലാക്കാനോ ഉൾക്കൊള്ളാനോ ആകുന്നില്ല. ക്ലാര എല്ലാം അറിയുന്നവൾ. യുക്തിക്കു വിശദീകരിക്കാൻ പറ്റാത്ത ഉൾക്കാഴ്ച ഉള്ള ഒരുവൾ. “മോനെ തടി കോൺട്രാക്ടറെ ..നീ…. ശെരിക്കും ആരാ “? എന്ന ആ ചോദ്യത്തിൽ ഉത്തരവും ഒളിപ്പിച്ചവൾ.

ക്ലാരയുടെ ജീവിതത്തിലെ ഒരു എട് അല്ലെങ്കിൽ ഒരു അനുഭവം മാത്രമാണ് മണ്ണാറത്തൊടി ജയകൃഷ്ണൻ. അയാളുടെ കൂടെ ആയിരിക്കുമ്പോൾ അയാളെ പ്രണയത്തിന്റെ മാസ്മരികതയിൽ നിസ്സഹായൻ ആക്കുന്നതിൽ
അവൾ വിജയിക്കുന്നു. ജയകൃഷ്ണൻ നനഞ്ഞ പ്രണയ മഴ, അതാണ് മല്ലു പുരുഷന്റെ obsession. എന്നാലും അയാളോട് അവളങ്ങു ചേരുന്നില്ല. അവൾക്ക് അയാളോട് സ്വാർത്ഥത ഇല്ല.അയാൾ അവളുടെ സ്വന്തമാകണം എന്നില്ല.

ഉപാധികൾ ഇല്ലാതെ ആണ് അവൾ അയാളെ പ്രണയിക്കുന്നത്.
ജയകൃഷ്ണന്റെ കമ്പനി ആസ്വദിക്കുമ്പോൾ തന്നെ അവൾക്ക് അറിയാം ഇതിൽ പൂർണമായി മുഴുകാൻ തനിക്ക് ആകില്ല, ക്ലാര എങ്ങാനും ജയകൃഷ്ണനെ കല്യാണം കഴിച്ചിരുന്നെങ്കിൽ ഈ സിനിമ നമ്മൾ ഓർത്തിരിക്കുക പോലുമില്ലായിരുന്നു.

തറവാട്ട് മഹിമയും, മേല്കോയ്മയും ഒക്കെ സ്വഭാവത്തിന്റെ ഭാഗമായ ജയകൃഷനോട് ഒന്നിച്ചു സ്ഥിരമായി ഒരു ജീവിതം അവൾ സങ്കൽപ്പിക്കുന്നു പോലുമില്ല. കെട്ടുപാടുകൾ ഇല്ലാതെ, ഉപാധികളില്ലാതെ പ്രണയം കൊടുക്കുന്ന ക്ലാര , സമയം വരുമ്പോൾ അത് അറുത്തു മാറ്റുകയും ചെയ്യുന്നു.

സ്വന്തം വഴികളിൽ, സ്വന്തം ഇഷ്ടപ്രകാരം, അലസമായി ഗമിക്കുന്ന ക്ലാരയാണ് ശെരിക്കും കഥ നിയന്ത്രിക്കുന്നത്. പത്മരാജൻ ബോധപൂർവം സൃഷ്ടിച്ച ക്ലാര യുടെ ജീവിത യാത്ര…. ക്ലാരായണം .

ഡോ.ജയശ്രീ രാധാകൃഷ്ണൻ