മരം ( കവിത -ഉഷ സുരേഷ് )

സ്വപ്‌നങ്ങൾപടർന്നു പന്തലിച്ചപ്പോഴാണ്
തണലായി ഞാൻ കുളിർ പാകിയത്…

വേനൽ ഭ്രാന്തമായി
എന്നെ പൊള്ളിച്ചപ്പോൾ
വസന്തം സ്നേഹംകൊണ്ടാണ്
എന്നിൽ രക്തപുഷ്പങ്ങൾ നിറച്ചത്.

ചിരിച്ചെത്തിയ ശൈത്യത്തിന്റെ
ഇറുക്കിയമർത്തിയ ആലിംഗനത്തിൽ
ഉന്മാദംകൊണ്ട ഞാൻ
ആഞ്ഞുവീശിയ കൊടുങ്കാറ്റിൽ
ആടിയുലഞ്ഞു…

മുടിയഴിച്ചാടി ആർത്തലച്ചുപെയ്ത്
മണ്ണിൽനിന്നും എന്റെ വേരുകളെ
അടർത്തി പറിച്ചെടുത്ത്, നിലത്തടിച്ച്‌, വർഷം
സംഹാരതാണ്ഡവമാടുകയാണ്.

പാതിചത്ത എന്റെ മാംസം
വീതംവെക്കുവാനായി
വിലപേശി മൂർച്ചകൂട്ടിയ കൊടുവാൾ
ആഴ്ന്നിറങ്ങി തുടങ്ങിയിട്ടുണ്ട്. ഞാൻ,
മരവിച്ചുറഞ്ഞ വെറുമൊരുമരംമാത്രം…

ഉഷ സുരേഷ്