രണ്ട് കോവിഡ് കാല അനുഭവങ്ങൾ ( സെബിൻ.എ..ജേക്കബ് )

ഒന്ന്
രണ്ടുദിവസം മുമ്പാണ്. കടയടപ്പിനുള്ള സമയം ആയതിനാൽ മരുന്നു മേടിക്കുന്നതിനായി ഞാൻ വീട്ടിൽ നിന്ന് ബൈക്ക് എടുത്തിറങ്ങി. കുറേക്കാലമായി ബൈക്ക് അങ്ങനെ ഓടിക്കാറില്ല. ഒരു നൂറുമീറ്റർ പോലും പിന്നിട്ടുകാണില്ല, വഴിയിൽ മഴയത്ത് ഒഴുകിയെത്തിയ ചരലിൽ തെന്നിയടിച്ച് ബൈക്കുമായി ഞാൻ വീണു. എവിടെല്ലാമോ ക്ഷതമേറ്റിട്ടും മുറിഞ്ഞിട്ടുമുണ്ട്. എന്റെ ഇടത്തെക്കാലിന്റെ പാദത്തിൽ ബൈക്കിന്റെ ഫുഡ്റെസ്റ്റോ മറ്റോ കൊണ്ടിരിക്കയാണ്. അത് അമങ്ങുന്നതിനനുസരിച്ച് വേദന കൂടുന്നു. ഞാൻ വീഴുന്നതുകണ്ട് എതിരെ വന്ന ഒരു സ്കൂട്ടർ സവാരിക്കാരൻ വെപ്രാളപ്പെട്ട് വണ്ടിനിർത്താൻ നോക്കിയപ്പോൾ പിടിച്ചെടുത്തുകിട്ടാതെ അയാളും ചെന്ന് അടുത്തുള്ള വീടിന്റെ ഗേറ്റിൽ പോയിടിച്ചു. എനിക്ക് വീണിടത്തുനിന്നെണീക്കാൻ പോലും പറ്റുന്നില്ല. ബൈക്ക് പിടിച്ചുമാറ്റാൻ കഴിയുന്നില്ല. ഫ്രീയായ വലങ്കാല് വച്ച് ഉന്തിമാറ്റാൻ ശ്രമിക്കുമ്പോൾ ബൈക്ക് നിലത്തുകിടന്ന് റേസ് ആവുകയാണ്. ആരെങ്കിലും അതെടുത്തു പൊക്കിമാറ്റിയേ തീരു. അയ്യോ എന്റെ കാല്, ആരേലും ബൈക്കെടുത്തു പൊക്കോ എന്നു ഞാൻ കരഞ്ഞുവിളിച്ചു. ഏതോ കൊച്ചുപയ്യനാണെന്നു കരുതി അപ്പുറത്തുനിന്നും ഇപ്പുറത്തുനിന്നുമൊക്കെ ആരെല്ലാമോ വന്നു. വരുന്നവർ വരുന്നവർ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആറടി അകലമിട്ട് ചുറ്റും നോക്കിനിൽക്കുകയാണ്. ആർക്കും ബൈക്കെടുത്തു മാറ്റാനോ എന്നെ പിടിച്ചെണീപ്പിക്കാനോ തോന്നുന്നില്ല. ഒരു ഒന്നര മിനിറ്റിന്റെ ഗ്യാപ്പിൽ അതിലെ ജോഗിങ് കഴിഞ്ഞ് വന്നയൊരാളാണ് ബൈക്ക് എടുത്തുമാറ്റി കൈപിടിച്ച് എന്നെ എണീപ്പിച്ചത്. അതുകഴിഞ്ഞതും പുള്ളി സ്ഥലം വിട്ടു. അത്രയും നേരം ഞാൻ വേദന തിന്ന് ബൈക്കിനടിയിൽ കിടക്കുകയായിരുന്നു. എനിക്കു പരിചയമില്ലാത്ത എന്നെ പരിചയമുള്ള ഒരാൾ അന്നേരം അതിലെ സ്കൂട്ടറിൽ വരികയും ഒരടി വയ്ക്കാൻ വയ്യാത്ത എന്നെ സ്കൂട്ടറിൽ കയറ്റി വീട്ടിലിറക്കുകയും ചെയ്തു. വേദന സഹിക്കാൻ വയ്യെങ്കിൽ മാത്രം ആശുപത്രിയിൽ പോയാൽ മതിയെന്ന മുന്നറിയിപ്പോടെ… കോവിഡ് കാലത്ത് ആരും റോഡ് അപകടത്തിൽ പെടാതിരിക്കട്ടെ എന്ന് ആഗ്രഹിക്കാനേ കഴിയൂ.
രണ്ട്
നഗരപ്രാന്തത്തിൽ എന്റെ ഭാര്യയുടെ അമ്മ ഒരു ഫാഷൻ കം ഗിഫ്റ്റ് ഷോപ്പ് നടത്തുന്നുണ്ട്. റിട്ടയർ ആയ ശേഷം തുടങ്ങിയതാണ്. തിരുവനന്തപുരത്തെ കോവിഡ് ലോൿ ഡൗൺ മൂലം കട രണ്ടാമതും അടച്ചിട്ടിട്ട് രണ്ടുദിവസം മുമ്പ് വീണ്ടും തുറന്നേയുള്ളൂ. ദിവസവും സഹകരണസംഘത്തിന്റെ കളക്ഷൻ ഏജന്റ് വരുന്നതാണ്. അതുപോലെ ഹോൾസെയ്ൽ ഏജന്റുമാരും. അവർക്കൊക്കെ വിഹിതം കൊടുക്കേണ്ടതുണ്ട്. ലോൿകൗൺ തുടങ്ങിയതിൽ പിന്നെ പരിതാപകരമാണ് കച്ചവടം. മൂന്നു ജീവനക്കാരുമുണ്ട്. ഇന്ന് കടയടയ്ക്കേണ്ട ഏഴുമണി കഴിഞ്ഞു. ഡിസ്പ്ലെ എല്ലാം എടുത്തുമാറ്റി ജോലിക്കാരൻ കടയുടെ മുൻവശം അടിച്ചുവാരി വൃത്തിയാക്കവെ പൊലീസുകാർ വന്നു. മമ്മിയുടെ വാച്ചിൽ 7.10, പൊലീസുകാരന്റെ വാച്ചിൽ 7.20. കടയിൽ കസ്റ്റമർ ആയി ആരുമില്ല. ഭർത്താവ് കാറുമായി വന്നിട്ടുവേണം വീട്ടിൽപോകാൻ. ആ സമയം കച്ചവടമൊന്നും നടത്തുകയല്ല, പരിസരം വൃത്തിയാക്കുകയാണ്. വേഗം സ്റ്റേഷനിൽ ചെല്ലാൻ ആവശ്യപ്പെട്ടു. രാത്രിയിൽ തന്നെ അമ്മ സ്റ്റേഷനിൽ ചെന്നു. കടയട്ക്കേണ്ട സമയം അതിക്രമിച്ചിട്ടും കടയടയ്ക്കാഞ്ഞതിന് 500 രൂപ പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടു. കൈയിൽ പണമില്ല, എടിഎമ്മിൽ നിന്ന് എടുത്തുതരാമെന്നു പറഞ്ഞെങ്കിലും സമ്മതിച്ചില്ല. ഒരു തുണിക്കട അടച്ചിട്ടു വരുന്ന ഉടമയുടെ കൈയിൽ ഒരു രൂപ മിച്ചമില്ലാത്ത അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. ഉടനടി എഫ്ഐആർ ഇട്ട് എപ്പിഡെമിൿ ആക്റ്റ് അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്തു. ഇനി കോടതിയിൽ പോയേ തീരു.
സാങ്കേതികമായി അവരെ കുറ്റം പറയാൻ പറ്റില്ല. എന്നാൽ സൂര്യൻ ഉദിച്ചില്ലെങ്കിലും അസ്തമിച്ചില്ലെങ്കിലും മാസാമാസം ശമ്പളം കിട്ടുന്ന ഉദ്യോഗസ്ഥർക്ക് കട തുറക്കുകയും ആളുകൾ വന്നു സാധനം വാങ്ങുകയും ചെയ്തില്ലെങ്കിൽ അന്നംമുട്ടുന്ന വ്യാപാരികളുടെ പ്രശ്നമൊക്കെ ഒരു പ്രശ്നമാകുമോ? നഗരത്തിൽ കണ്ടെയ്ൻമെന്റ് സോണിലൊഴികെ ലോൿഡൗൺ പിൻവലിച്ചശേഷവും ഈ ഏഴുമണിക്ക് കടയടപ്പ് എന്ന പരിപാടിയുടെ ലോജിൿ പിടികിട്ടുന്നില്ല. കട ഏഴുകഴിഞ്ഞ് തുറന്നുവച്ചാൽ കോവിഡ് ബാധിക്കുകയും പൊലീസുകാർ 24 മണിക്കൂർ ഡ്യൂട്ടി ചെയ്താലും കോവിഡ് ബാധിക്കാതിരിക്കുകയും ചെയ്യുമോ? നിലവിലെ നിയമം അനുസരിച്ച് കേസ് എടുത്തതിനെ കുറിച്ചല്ല പരാതി. ഇമ്മാതിരി ഊള നിയമത്തെ കുറിച്ചാണ്. മുഖ്യമന്ത്രി പൊന്നുകൊണ്ട് പുളിശ്ശേരിവച്ചു തന്നാലും കോവിഡ് നിയന്ത്രണം മുഴുക്കെ പൊലീസിനെ ഏൽപ്പിച്ചു നടപ്പാക്കുന്ന ഈ രീതികൊണ്ട് ഒരു ഹൃദയവും നേടാൻ പോകുന്നില്ല.