കരിപ്പൂർ വിമാനത്തിന് 375 കോടിയുടെ ഇൻഷുറൻസ്; മരിച്ചവരുടെ ആശ്രിതർക്ക് 75 ലക്ഷം മുതൽ ഒരു കോടി രൂപ വരെ ലഭിക്കും

മലപ്പുറം: കരിപ്പൂരിൽ വിമാനപകടത്തിൽപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസിന് ഉണ്ടായിരുന്നത് 375 കോടി രൂപയുടെ ഇൻഷുറൻസ്. അന്താരാഷ്ട്ര കീഴ്‌വഴക്കമനുസരിച്ച് അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 75 ലക്ഷംമുതൽ ഒരുകോടിവരെ രൂപ നഷ്ടപരിഹാരം ലഭിക്കാനാണ് സാധ്യത. ഇന്ത്യയിലെ നാലു പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളുടെ കൺസോർഷ്യമാണ് വിമാനം ഇൻഷുർ ചെയ്തിരിക്കുന്നത്. നഷ്ടപരിഹാരബാധ്യത കുറയ്ക്കാൻ വിദേശത്തെ ഇൻഷുറൻസ് കമ്പനികളിൽ പുനർ ഇൻഷുറൻസ് (റീ ഇൻഷുറൻസ്) നൽകിയിട്ടുമുണ്ട്.

അതേസമയം, അർഹതപ്പെട്ടവർക്ക് ഇൻഷുറൻസ് തുക ലഭിക്കുക എന്നതും വലിയ കടമ്പയായിരിക്കും. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) അന്വേഷണറിപ്പോർട്ടിനും ഇൻഷുറൻസ് കമ്പനികളുടെ സർവേ റിപ്പോർട്ടിനും ശേഷം മാത്രമെ തുക കിട്ടൂ. ഇതിന് ഏറെ സമയമെടുക്കും. വർഷങ്ങൾക്ക് മുമ്പ് നടന്ന മംഗളൂരു വിമാനദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതരിൽ പലരും ഇപ്പോഴും ഇൻഷുറൻസ് തുകയ്ക്കായി കാത്തിരിക്കുകയാണ്.

അതേസമയം, വിമാനടിക്കറ്റ് എടുക്കുമ്പോൾ തന്നെ ലഭിക്കുന്ന ഇൻഷുറൻസ് പരിരക്ഷയ്ക്കും ഇവർ അർഹരായിരിക്കും. എന്നാൽ, പരിക്കേൽക്കുന്നവരുടെ നഷ്ടപരിഹാരത്തുകയുടെ കാര്യത്തിൽ വ്യക്തതയില്ല. മംഗളൂരു വിമാനദുരന്തത്തിന് പിന്നാലെ, ഇതിനായി കോടതിയെ സമീപിക്കേണ്ട സ്ഥിതിവരെ ഉണ്ടായി. വിമാനത്തിന്റെ ഇൻഷുറൻസ് പരിരക്ഷയിൽ 95 ശതമാനത്തിൽ കൂടുതൽ റീ ഇൻഷുറൻസ് ആണ്.

കേന്ദ്രസംസ്ഥാന സർക്കാരുകൾ പ്രഖ്യാപിക്കുന്ന ആശ്വാസതുകയ്ക്ക് പുറമേയാണ് ഇൻഷുറൻസ് മുഖേനയുള്ള നഷ്ടപരിഹാരം. ക്രെഡിറ്റ് കാർഡുള്ള യാത്രക്കാരാണെങ്കിൽ, കാർഡ് എടുക്കുമ്പോൾ പ്രത്യേക ഇൻഷുറൻസ് അപേക്ഷാഫോറം നൽകിയിട്ടുണ്ടെങ്കിൽ അപകടമരണം സംഭവിച്ചാൽ ആ ഇൻഷുറൻസിനും അർഹരാണ്. രണ്ടുലക്ഷംമുതൽ മുകളിലേക്കാണ് ഇത്തരം നഷ്ടപരിഹാരത്തുക. ഇതിനുപുറമേ ട്രാവൽ ഇൻഷുറൻസ് ഉണ്ടെങ്കിൽ പ്രീമിയം അനുസരിച്ച് ആ തുകയും ലഭിക്കും.