മാലാഖ (കവിത-അനുഷ പണിക്കർ)

ബാല്യത്തിൻ മധുരമാം
കുസൃതികൾ നുകരുന്ന കാലത്ത്,
എൻ ചരണങ്ങൾ ആരോ പിടിച്ച്
വലിയ്ക്കുന്ന പോലെ,
എങ്കിലും ഞാനെത്ര കളിച്ചുല്ലസിച്ചു…
പിന്നെ ഓരോന്നായ് നീ എന്നിൽ നിന്നെടുത്തൂ…
പാദത്തിൻ ചലനവും
കരങ്ങൾ തൻ ശേഷിയും
നാക്കിൻ ചലനവും ശേഷിച്ചതെൻ
തളർന്ന ദേഹവും തളരാത്ത ചേതസ്സും.

വേദന കൊണ്ടു പുളയുമ്പോഴും
ഈ ശയ്യയും ഞാനും മറ്റൊരു
സ്വപ്നലോകത്തിൽ വാഴവെ… അമ്മേ… എന്നച്ഛാ…
എന്നൊന്നു വിളിയ്ക്കാൻ വെമ്പുന്നുയെൻ മാനസം..

ഏറെ പറയണം ഏറെ ചിരിയ്ക്കണം
എന്നൊന്നുമില്ല ആശ അമ്മേ എന്നൊന്ന്
വിളിച്ചാൽ മതി…
ഏറെ കാലമായ് ഞാനിവിടെ ഈ ശയ്യയിൽ,
പുതപ്പുപോലുമെന്നെ വേദനിപ്പിച്ചീടുമ്പോൾ

പ്രാണൻ നിലയ്ക്കാതിരിക്കാൻ
ഞാനും ഒരുപാട് പ്രാർഥിച്ചമ്മേ…
എൻ അമ്മ തൻ പൈതലായ്
ജീവിച്ചു കൊതി തീർന്നില്ലയമ്മേ…

എൻ അമ്മയും അച്ഛനും എനിയ്ക്കായ്
ജീവിതം ഹോമിച്ചു സർവവും ത്യജിച്ച്
എനിയ്ക്കു കരുതലായ് ഉണ്ണാതെ ഉറങ്ങാതെ
ഉയിരുനോക്കാതെ എത്ര നാൾ നോമ്പുനോറ്റിരുന്നു !
എങ്കിലും ഒടുവിൽ ഈ ദേഹം വെടിഞ്ഞു ഞാൻ
അമ്മയെ തനിച്ചാക്കി പറന്നകലവെ…
എന്നാത്മാവ് കാണുന്നു അമ്മ തൻ ഹൃദയദു:ഖം…
അമ്മേ ഇവിടെ ഞാൻ ആനന്ദനടനമാടുന്നത്
കാണുവാൻ എന്നമ്മയുമച്ഛനും
ഇല്ലയെന്നൊരു നോവല്ലാതെ ദേഹത്തിനൊട്ടും നോവില്ല.

ഇവിടെ അമ്മമാർ നിഷ്കരുണം ഉപേക്ഷിച്ച
പിഞ്ചു മക്കൾക്കിടയിൽ,
എന്നമ്മ വിശ്വദേവത പോലെന്ന്
ദേവലോകം മുഴുക്കെ പുകഴ്ത്തീടവേ…
അമ്മ ഇനിയൊരു തുള്ളി കണ്ണുനീരും
വാർക്കേണ്ടതില്ല, അമ്മയെ പോലെ
മറ്റൊരമ്മയും ഈ പാരിലെങ്ങുമില്ല…

അമ്മ തൻ പൈതലായ് ഇനിയും
പിറവി കൊള്ളുമീ ഞാനും.
അമ്മേ… അമ്മ തൻ ഹൃദയദു:ഖം
എന്നെ തളർത്തുമെന്നറിക,
അമ്മ ചിരിയ്ക്കുമ്പോൾ ഇവിടെ
എന്നാത്മാവ് ആനന്ദാശ്രുവിൻ ശ്രുതിമീട്ടീടവേ…
അമ്മേ ഞാനിവിടെ ഉല്ലാസവതിയാണെന്നറിയുക…
ഇത്രകാലം അമ്മ എനിയ്ക്ക് മാലാഖ പോൽ
കരുതലായ് ജീവിച്ചു,
ഇനിയുള്ള കാലം ഒരു മാലാഖ പോൽ
അമ്മ തൻ കൂടെ കരുതലായ്
ഞാനുണ്ടെന്നറികയെന്നമ്മ.