ധരിത്രീ മാപ്പ് (കവിത -ശ്രീദേവി മധു )

പ്രളയത്തിലല്ല, ഞാൻ
ഓർക്കപ്പെടേണ്ടത് …

കൈ ചൂണ്ടി
പറയുന്നിരുചുമലിടിഞ്ഞ്
നടുതല്ലിത്തകർന്ന
പശ്ചിമഘട്ടം …

മക്കളെയൂട്ടി ഉറക്കുവാൻ
വിരിച്ചയെൻ മാറ്
നിർദ്ദയമിടിച്ചു തകർത്തു ,
മേൽവസ്ത്രമുരിച്ചു …
അടിനാഭി മാന്തിപ്പൊളിച്ചു,
ജെസിബി ,ഹിറ്റാച്ചി !
ഹോ, ഓർക്കുവാൻ വയ്യ !

കുടപിടിച്ചരുനിന്നു
ഇടതും വലതും
ഭൂമാഫിയകൾക്കായി…

ഗാഡ്ഗിൽ പറഞ്ഞത്
ശരിയെന്നു വിളിച്ചവർ
കേന്ദ്രത്തിലായപ്പോൾ
നിലപാടും മാറ്റി…

മതമേലാളരിടയുന്നു
ശവഘോഷയാത്രകൾ ,
കലാപരം, ….
ഗാഡ്ഗിൽ തുലയട്ടെ,
ഊറ്റണം പ്രകൃതിയെ ഞങ്ങൾക്ക്
അടിതെറ്റി വീഴും വരെയും !

അസന്തുലിതം സർവ്വതും
ആഗോള താപനം വേറെ
നിർബാധം മൈനിങ്ങും !

ക്ഷമയറ്റു ഭൂമിക്ക് …

ഒഴുക്കിനൊപ്പം
ഈവോട്ടു രാഷ്ട്രീയം

സർവ്വത്ര ക്വാറികൾ
മരം വെട്ടും മണലൂറ്റും
ഞെട്ടിത്തെറിച്ചടിവാരങ്ങളും !

നീതി ,നാം പുലർത്തണം
പ്രകൃതിയോടിനിയെങ്കിലും
വേണം,പാരിസ്ഥിതിക ജാഗ്രത
പടച്ചുണ്ടാക്കുമ്പോഴീ
പ്രത്യയശാസ്ത്രങ്ങൾ …

അക്കാഡമിക്കലീ
ചർച്ചകൾക്കപ്പുറം
പോകണം ,നമ്മുടെ
പാർപ്പിട നിർമാണ സൂത്രങ്ങൾ …

അടയ്ക്കാതിരിക്കുക :
നീരിന്നുറവുകൾ ,
തടയാതിരിക്കുക :
നീരൊഴുക്കുകൾ …
എന്തെന്നാൽ ,
ഹൈറേഞ്ചും കുട്ടനാടും
പ്രളയത്തിനൊരു പോലെ ….!

മാറ്റാം നമുക്കീ
ആൾക്കൂട്ട മനോഭാവം
നോവിക്കാതിരിക്കാം
മലയെ ,പുഴയെ ,
പിന്നെയാകാശത്തെയും !