കവിത;ത്രിമാനതലങ്ങള്‍ (അപ്സര ആലങ്ങാട്ട് )

സംസ്കൃതവാക്കുകളുടെ അതിപ്രസരമില്ലാതെ ഭാഷയില്‍ പാണ്ഡിത്യമോ, വലിയ നൈപുണ്യമോ ഇല്ലാത്ത സാധാരണക്കാരനായ ഒരു വ്യക്തിക്ക് നിഘണ്ടുവിന്‍റെ സഹായമില്ലാതെ മനസ്സിലാക്കാവുന്ന ലളിതമായ വാക്കുകളാല്‍ സമൃദ്ധമായ വരികള്‍ ഉള്‍ക്കൊള്ളുന്ന ആശയങ്ങള്‍ അനുവാചകന്‍റെ ചിന്തയെ തൊട്ടുണര്‍ത്തുമെങ്കില്‍, അത് കവിതയാകും. കാരണം, ഇന്നു് കവിതകള്‍ രാജസദസ്സുകളിലെ പണ്ഡിതന്മാരുടെ കുത്തകയല്ല, അത് കൂടുതല്‍ ജനകീയമാണ്.

വൃത്തവും പ്രാസവും അലങ്കാരവുമൊക്കെ വിദ്യാഭ്യാസകാലഘട്ടത്തില്‍, മലയാളഭാഷ ഐച്ഛിക ഭാഷയായെടുത്ത് പഠിക്കുന്നവര്‍ക്ക് മാത്രം, മാര്‍ക്ക് വാങ്ങാനായി പരിമിതപ്പെടുത്തിയിരിക്കുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായമാണ് ഇന്നുള്ളത്. പഠിച്ച വ്യാകരണ പാഠങ്ങള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാനോ അത് പ്രായോഗികതലത്തിലേക്ക് കൊണ്ടുവരാനോ ഉള്ള അവസരങ്ങള്‍ ദുര്‍ല്ലഭമാണ്. അന്യഭാഷകള്‍ ,നിത്യ ജീവിതത്തിന്‍റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി മാറിയിരിക്കുന്ന ഈ കാലഘട്ടത്തില്‍ നിന്ന് ഒരു തിരിച്ചുപോക്ക് അസാദ്ധ്യമാണെന്നുതന്നെ പറയാം.

ശ്രേഷ്ഠഭാഷാപദവി കിട്ടിയ മലയാളഭാഷയെ രക്ഷിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ഭേദഗതികള്‍ വരുത്തിയിട്ടുണ്ടെങ്കിലും ( എഴുത്തുകുത്തുകള്‍ മലയാളത്തിലേക്ക് മാറ്റിയതും, പബ്ളിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷകളില്‍ മലയാളം നിര്‍ബന്ധമാക്കിയതും ഉള്‍പ്പെടെയുള്ളവ ) കാതലായ മാറ്റങ്ങള്‍ വരുത്തേണ്ടത് വിദ്യാഭ്യാസ സമ്പ്രദായത്തിലാണ്.

ഒന്നു ചിന്തിച്ചു നോക്കൂ… ഇന്നു കാണുന്ന കുറെയേറെ ഡിഗ്രികളൊന്നുമില്ലാത്ത കാലഘട്ടത്തില്‍ ജീവിച്ചിരുന്ന കവികളുടെ കാലഘട്ടമായിരുന്നില്ലേ മലയാളഭാഷാസാഹിത്യന്‍റെ സുവര്‍ണ്ണ കാലഘട്ടം എന്നത് ? അന്നുണ്ടായിരുന്ന കവികള്‍ രചിച്ചിരുന്നത് ലക്ഷണമൊത്ത കവിതകളായിരുന്നു. ഇന്നത്തെ തലമുറയ്ക്ക് കീറാമുട്ടികളായ് തോന്നുന്ന വൃത്തവും പ്രാസവും അലങ്കാരവുമൊക്കെയുള്ള , വ്യക്തമായ ആശയം സന്നിവേശിപ്പിച്ച വരികള്‍ നിഷ്പ്രയാസം കൈകാര്യം ചെയ്യാന്‍ കഴിയുന്നവരായിരുന്നു , അന്നത്തെ കവികള്‍…! അത് അതേപടി ഉള്‍ക്കൊള്ളാന്‍ കഴിയുന്ന നല്ലൊരു ശതമാനം അനുവാചകരും അന്നത്തെ കാലഘട്ടത്തിന്‍റെ പ്രത്യേകതയായിരുന്നു. ആഴത്തിലുള്ള അറിവാണ് അവരെ അതിന് സഹായിച്ചിരുന്നത്. പണ്ഡിതന്‍മാരും ശ്രേഷ്ഠരുമായ ഗുരുക്കന്‍മാരുടെ കഴിവു് തന്നെയായിരുന്നു അതിനുപുറകില്‍ എന്ന് പറയാതെ വയ്യ.

ഒരു വിധത്തിലും താരതമ്യം ചെയ്യാന്‍ കഴിയാത്ത …തികച്ചും വിഭിന്നമായ ഒരു സാഹചര്യമാണ് ഇന്നുള്ളത്. ഇന്നത്തെ കാലത്തിന്‍റെ എഴുത്ത് എന്നത് അറിവിലൂന്നിയുള്ളതല്ല, അനുഭവങ്ങളിലൂന്നിയുള്ളതാണ്. അനുഭവങ്ങള്‍, ആശയസമൃദ്ധമായ വരികള്‍ക്ക് ജന്മമേകുമെങ്കിലും അവിടെ മേല്‍പ്പറഞ്ഞ വ്യാകരണത്തിന്‍റെ വിവിധ മേഖലകള്‍ക്ക് പ്രസക്തിയുണ്ടാകുന്നില്ല. ഒരുപക്ഷേ ഇതൊരു ന്യൂനതയാകാം. എങ്കിലും ഭൂരിപക്ഷം വരികളും ഈ ഗണത്തില്‍ പെടുന്നവയാകയാല്‍ മോശം കവിതകള്‍ അഥവാ മോശം എഴുത്ത് എന്ന് വ്യാഖ്യാനിക്കപ്പെടുന്നില്ല എന്നതാണ് സത്യം.

ആ കാലത്ത് അക്ഷരശ്ളോക സദസ്സും മറ്റുമൊക്കെ സാമാന്യ വിദ്യാഭ്യാസമുള്ള ഒരാളുടെ നിത്യജീവിതത്തിന്‍റെ ഭാഗമായിരുന്നു….ഇന്നോ !?

വ്യാകരണങ്ങളാല്‍ വാര്‍ത്തെടുത്ത ലക്ഷണമൊത്ത കവിതകള്‍ ഈണത്തില്‍ ചൊല്ലാമെന്നുള്ളതും, അതിന്‍റെ ഒരു പ്രത്യേകത തന്നെയായിരുന്നു. അതുകൊണ്ടുതന്നെ ആ വരികള്‍ ഹൃദിസ്ഥമാക്കാനും മനസ്സില്‍ സൂക്ഷിക്കാനും എളുപ്പമായിരുന്നു. എന്നാല്‍ ഇന്നത്തെ അപൂര്‍വ്വം ചില കവിതകളൊഴിച്ച് ബാക്കിയെല്ലാം മനസ്സില്‍ സൂക്ഷിക്കുക എന്നത് അസാദ്ധ്യമായിരിക്കുന്നു. എങ്കിലും ഈ വരികള്‍ വഹിക്കുന്ന ആശയങ്ങള്‍ തീര്‍ച്ചയായും ചിന്തോദ്ദീപകങ്ങള്‍ തന്നെയാണ്.

മുഖപുസ്തകം പോലെയുള്ള സാമൂഹ്യമാധ്യമങ്ങള്‍ ചിന്തകളെയെല്ലാം വരികളാക്കി മാറ്റുകയാണ്….കാഴ്ചകളെയെല്ലാം വരികളാക്കി മാറ്റുകയാണ്… കേള്‍ക്കുന്നതെന്തും വരികളായ് രൂപാന്തരപ്പെടുകയാണ്. അര്‍ത്ഥം അനര്‍ത്ഥങ്ങളാകുന്ന ചിലവരികള്‍ വായിക്കുമ്പോള്‍, ചിലപ്പോള്‍ വിഷമം തോന്നാറുണ്ട്… എങ്കിലും മലയാളഭാഷയെ ജീവനോടെ…സജീവമായ് നിലനിര്‍ത്താന്‍ കഴിയുന്നുണ്ടെന്നോര്‍ക്കുമ്പോള്‍ സന്തോഷവുമുണ്ട്.

കവിതയെഴുതാന്‍ അഥവാ കവിതയിലെ വരികളെ പോഷിപ്പിക്കാന്‍ ചില മാര്‍ഗ്ഗരേഖകളും കീഴ്വഴക്കളും നിലനില്‍ക്കുന്നുവെങ്കിലും, ഇതാവണം കവിത…അഥവാ ഇങ്ങനെ എഴുതിയാല്‍ മാത്രമേ കവിതയാകൂ എന്ന് മലയാള സാഹിത്യ ശാഖയില്‍ എവിടേയും നിഷ്ക്കര്‍ഷിച്ചിട്ടില്ല. അതായത് വ്യക്തമായ അതിരുകള്‍ നിശ്ചയിച്ചിട്ടുള്ളതോ , ഏതെങ്കിലും പ്രത്യേക ചട്ടക്കൂടിനുള്ളില്‍ ഒതുക്കാന്‍ കഴിയുന്നതോ അല്ല കവിതകള്‍ എന്ന് വ്യാഖ്യാനിക്കാം. മനോധര്‍മ്മമാടുകയാണ് ഓരോ കവിയും കവയിത്രിയും..!

എനിക്ക് കവിതയെക്കുറിച്ചുള്ള പരിമിതമായ അറിവ് ഇതാണ്…….
” എന്‍റെ മനസ്സിലെ ചിന്തകള്‍ അഥവാ വികാരങ്ങള്‍ , ഞാനെഴുതുന്ന വരികളില്‍ പ്രതിഫലിപ്പിക്കാന്‍ എനിക്കു കഴിയുന്നുവെങ്കില്‍, എന്‍റെ വരികള്‍ ഉത്തമം. എന്‍റെ വരികള്‍ വായിക്കുന്നവര്‍ക്ക് ഞാനെഴുതിയ വരികളിലെ ആശയവും അതിന്‍റെ അര്‍ത്ഥവും പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ കഴിയുന്നുവെങ്കില്‍ , എന്‍റെ വരികള്‍ ശ്രേഷ്ഠം…!”