അന്നുമിന്നും അവളെന്‍റെ പാറു (ശ്രീകുമാർ കോലാരി)

ഒരു മോഹമുണ്ട് ….
സത്യത്തില്‍ അതൊരു ആഗ്രഹമാണ്……
നടക്കുമെന്നുറച്ചു് വിശ്വസിക്കുന്ന ആഗ്രഹം…!
ഇങ്ങനെ ഉറപ്പിച്ചു പറയുവാന്‍ കാരണക്കാരിയും അവള്‍ തന്നെ… ഒരിക്കലും നടക്കില്ലെന്നു കരുതുന്ന കാര്യങ്ങള്‍ പോലും, തീവ്രമായ് ആഗ്രഹിച്ചാല്‍ നടക്കുമെന്ന് എന്‍റെ പാറു എപ്പോഴും പറയാറുണ്ട്…!

അവളോടൊപ്പം ഒരു യാത്ര പോകണം…!
കൊയ്തൊഴിയാത്ത വയല്‍ വരമ്പിലൂടെ…
നാട്ടിന്‍പുറത്തെ ഇടവഴികളിലൂടെ ..
പരസ്പരം കൈകോർത്ത്….തൊട്ടുരുമ്മി….
അനശ്വരപ്രണയത്തിന്‍റെ ഒടുങ്ങാത്ത കഥകള്‍ക്ക് സാക്ഷ്യം വഹിക്കുന്ന കടല്‍ത്തീരത്തേക്ക്….!
ചിദംബരത്തിന്‍റെ ചിതലരിക്കാത്തയോര്‍മ്മയില്‍ ജന്മജന്മാന്തരങ്ങളായ് കരുതിവെച്ചിരുന്നതെന്ന് ഞാനും അവളും വിശ്വസിക്കുന്ന നിറംമങ്ങിയ പട്ടിന്‍ചേലയുടുത്ത്….
കൈകള്‍ നിറയെ കിലുങ്ങുന്ന കുപ്പിവളകളണിഞ്ഞ് ,
വീതികുറഞ്ഞ നെറ്റിയില്‍ വലിയ സിന്ദൂരപ്പൊട്ടുതൊട്ട്… മുട്ടോളമെത്തുന്ന തുമ്പുകെട്ടിയ മുടിയില്‍ തലേദിവസം ചൂടിയ തമിഴ്മല്ലിയുടെ ഹരം പിടിപ്പിക്കുന്ന ഗന്ധവും പേറി,
അവള്‍ തൊട്ടടുത്തിരിക്കുമ്പോള്‍ ഒരു ദേവലോക സാന്നിദ്ധ്യം അനുഭവപ്പെടണം….!
പഴയകാല സ്ത്രീ ശില്പങ്ങളുടേതുപോലുള്ള അവളുടെ മൂക്കില്‍ പതിയെ തൊട്ട് അവളെ ശുണ്ഠി പിടിപ്പിക്കണം…!
അവളുടെ മടിയില്‍ തല ചായ്ച്ച് കിടന്ന് ഞാന്‍ കാണാറുള്ള സ്വപ്നങ്ങളിലെ കുസൃതികള്‍ പറഞ്ഞ് അവളെ തരളിതയാക്കണം….!
തീരത്തെ പുല്‍കുന്ന എണ്ണിയാലൊടുങ്ങാത്ത തിരകളെക്കുറിച്ച് വാചാലനാകണം…!
അവളോടൊത്ത് തീരത്തൊരു മണ്‍വീടുണ്ടാക്കണം… അവളെ ചൊടിപ്പിക്കാനായ് മെല്ലെയത് തട്ടിയുടയ്ക്കണം… പരിഭവത്താല്‍ ചുമക്കുന്ന അവളുടെ കവിളില്‍ മെല്ലെ നുള്ളണം… കൊച്ചുകുട്ടികളെപ്പോലെ പരസ്പരം മണല്‍ വാരിയെറിയണം….
പാദം നനച്ച തിരയോട് ദേഷ്യപ്പെട്ട്, തിരയുടെ പുറകേപ്പോകണം…
വീണ്ടും വരുന്ന തിരയില്‍ പാദം നനയുമ്പോള്‍ ചിറികോട്ടി കൊഞ്ഞനം കുത്തണം…
മനസ്സിന്‍റെ സന്തോഷം മാരിവില്ലായ് മാനത്തു തെളിയണം…
ഞങ്ങളെ നനയ്ക്കാനായ് മേഘങ്ങളൊന്നു ചിണുങ്ങി…
പതിയെ പതിയെ ആര്‍ത്തലച്ചു പെയ്യണം….
മനസ്സില്‍ പെയ്യുന്ന പ്രണയമഴയ്ക്കും കടലില്‍ പെയ്യുന്ന
തുലാമഴയ്ക്കും ഒരേ താളം…
ഒരേ ഭാവം…!
നനഞ്ഞു കുളിര്‍ന്ന് , ചോര്‍ന്നൊലിക്കുന്ന മുക്കുവക്കുടിലില്‍ അഭയം തേടണം… അര്‍ത്ഥംവെച്ച അവരുടെ നോട്ടങ്ങളില്‍ നാണിച്ചു തലതാഴ്ത്തുന്ന അവളെ ഒളികണ്ണിട്ടു നോക്കണം…
സ്നേഹത്തോടെ അവര്‍ തന്ന ചൂടുള്ള കട്ടന്‍ കാപ്പി ഊതിക്കുടിക്കുന്നതിനിടയില്‍,
അവര്‍ കാണാതെ പരസ്പരം ഗ്ളാസ്സുകള്‍ കൈമാറണം…
കെട്ടഴിഞ്ഞ അവളുടെ നനഞ്ഞ മുടി തോർത്തിയുണക്കണം..
അന്തിക്കുമുന്നേ അവളെ വീട്ടിലെത്തിക്കാനുള്ള തത്രപ്പാടില്‍, ശക്തികുറഞ്ഞ മഴയില്‍ തിരികെ നടക്കുമ്പോള്‍ ഒറ്റയടിപ്പാതയിലെ വാകമരത്തിന്‍ ചുവട്ടില്‍ ഒരു നിമിഷനേരത്തേക്കവളെയൊന്ന് നെഞ്ചോട് ചേര്‍ത്ത് പിടിക്കണം….
അവളുടെ വിറയ്ക്കുന്ന അധരങ്ങിലൊരു പ്രണയമുദ്രയര്‍പ്പിക്കണം… കുതറിയോടുന്ന അവളെ നോക്കി‍ ജീവിതം കൊതിതീരുവോളം മാത്രമല്ലെന്ന് മനസ്സിൽ വീണ്ടും പറഞ്ഞുറപ്പിക്കണം…!

വീടിന്‍റെ പടിക്കലവളെവിട്ട് തിരികെ നടക്കുമ്പോള്‍ , ഈ ലോകം മുഴുവന്‍ എന്നെ ശ്രദ്ധിക്കുന്നതായ് തോന്നണം…!

ആ രാത്രിയിലുറങ്ങാതെ ആകാശം നോക്കിയിരിക്കുമ്പോള്‍, കണ്ണെഴുതാനിഷ്ടമല്ലാത്ത, കണ്‍മഷിയെ വെറുക്കുന്ന അവളുടെ ആര്‍ദ്ര നയനങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍, ആകാശത്തോളം പോന്ന ഒരു കടല്‍ മനസ്സിലൊളിപ്പിച്ചാണെങ്കിലും, മന്ദസ്മിതവുമായ് അടുത്തുവരുന്ന അവളെക്കുറിച്ചൊരു കവിത ഞാനറിയാതെതന്നെ മനസ്സില്‍ ഒഴുകിയെത്തും… അതിലെ ഓരോ വരികളിലും അവളുടെ പാദസരത്തിന്‍റെ കിലുക്കമുണ്ടാകും…
പനംനൊങ്കിന്‍റെ ഗന്ധമുണ്ടാകും…
പരിഭവത്തിന്‍റെ മേമ്പൊടിയുണ്ടാകും… !
അതിരാവിലെ എണീറ്റിട്ടും ആലസ്യത്തോടെ പുതപ്പിനുള്ളില്‍ കിടന്നുകൊണ്ട്, രാത്രിയില്‍, ഞാന്‍ മുഖപുസ്തകത്താളില്‍ പകര്‍ത്തിയ ആ കവിതാശകലങ്ങള്‍ മെല്ലെ വായിക്കുമ്പോള്‍ നാണം കൊണ്ടവള്‍ കോരിത്തരിക്കണം…
അകലെയാണെങ്കിലും അവളുടെ ആത്മാവിന്‍റെയാ സ്പന്ദനം എന്‍റെ മനസ്സിലും തിരയിളക്കമുണ്ടാക്കും… മനസ്സറിയാതെ മന്ത്രിക്കും…എന്‍റെ പാറൂ…!!