പടരുന്ന ആശങ്ക; ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി 40 ലക്ഷം കടന്നു

ന്യൂഡല്‍ഹി: ലോകത്താകമാനം ആശങ്ക വര്‍ധിപ്പിച്ച്‌ കോവിഡ് കണക്കുകള്‍ ഉയരുകയാണ്. ഇന്ത്യയിലും രോഗവ്യാപനം രൂക്ഷമായതോടെ ആഗോള തലത്തിലും രോഗ ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇതിനോടകം 2 കോടി 40 ലക്ഷം പേര്‍ക്കാണ് ലോകത്ത് കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യയും എട്ട് ലക്ഷം പിന്നിട്ടു കുതിക്കുകയാണ്. പ്രതിദിന കണക്കില്‍ ഇന്ത്യ തന്നെയാണ് ഇപ്പോഴും മുന്നില്‍ നില്‍ക്കുന്നത്. ഇന്ത്യയ്ക്ക് പിന്നിലാണെങ്കിലും അമേരിക്കയിലും ബ്രസീലിലും വലിയൊരു ശതമാനം ആളുകളിലും പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നുണ്ട്.

ബ്രസീലില്‍ പ്രതിദിന കണക്ക് അമ്പതിനായിരത്തിന് അടുത്ത് തന്നെയാണ്. 46000 പേര്‍ക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ 36 ലക്ഷമായി. അമേരിക്കയില്‍ പ്രതിദിന കണക്കില്‍ കുറവ് രേഖപ്പെടുത്തുന്നത് ആശ്വാസകരമാണെങ്കിലും രോഗവ്യാപനം പൂര്‍ണമായും നിയന്ത്രിക്കാന്‍ സാധിച്ചിട്ടില്ല. ഇതുവരെ 59 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ത്യയിലും ഇന്നും രോഗബാധിതരുടെ എണ്ണം അറുപതിനായിരത്തിന് മുകളിലാണെന്നാണ് സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുകളില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം ആന്ധ്രാപ്രദേശില്‍ വീണ്ടും രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തി. മഹാരാഷ്ട്രയിലും കര്‍ണാടകയിലും തമിഴ്നാട്ടിലും രോഗവ്യാപനം രൂക്ഷമാണ്.

കേരളത്തിലും സ്ഥിതി മറിച്ചല്ല. ഇന്നലെയും സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടായിരം കടന്നു. 2375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന പേരുടെ 1456 പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 21,232 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 40,343 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 2142 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 174 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 61 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 118 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ