ഭര്‍ത്താവിന്‍റെ ഔദ്യോഗിക വാഹനത്തിനുള്ളില്‍ പ്രിയതമയെ ചൂടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

മയാമി: ഭര്‍ത്താവിന്‍റെ ഔദ്യോഗിക വാഹനത്തിനുള്ളില്‍ പ്രിയതമയെ ചൂടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. 25 വര്‍ഷമായി മയാമി ലോക്കല്‍ പോലീസില്‍ ജോലി ചെയ്തുവരുന്ന അരിസ്റ്റിഡസ് പൗളിനയുടെ ഭാര്യ ക്ലാരക്കാ (57) ണ് ഈ ദാരുണ അന്ത്യം ഉണ്ടായത്.

സംഭവ ദിവസം അര്‍ധരാത്രി ഡ്യൂട്ടി കഴിഞ്ഞെത്തിയ അരിസ്റ്റിഡസ് വാഹനം മയാമി ഷോറിനു സമീപമുള്ള വീടിനു വെളിയില്‍ പാര്‍ക്ക് ചെയ്ത് അകത്ത് കിടന്നുറങ്ങുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ ഭാര്യ ക്ലാര, ഭര്‍ത്താവിന്‍റെ പോലീസ് വാഹനത്തിന്‍റെ പിന്‍ സീറ്റില്‍ എന്തോ തിരയുന്നതിനു കയറി. വാഹനത്തിന്‍റെ പുറകില്‍ കയറിയ ഉടന്‍ പിന്‍വാതില്‍ ഓട്ടോമാറ്റിക്കായി അടഞ്ഞു. വാഹനത്തില്‍ നിന്നും പുറത്തു കടക്കാനുള്ള ക്ലാരയുടെ എല്ലാശ്രമങ്ങളെല്ലാം വിഫലമാകുകയായിരുന്നു. സെല്‍ഫ് ലോക്കിംഗ് മെക്കാനിസമാണ് വാതില്‍ അടയുന്നതിനു കാരണമായതെന്നു കരുതുന്നു.

പിന്നീട് വൈകുന്നേരം അഞ്ചോടെയാണ് ഇവരുടെ മകന്‍ അമ്മയെ എസ്‌യുവിയുടെ പിന്‍സീറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എസ്‌യുവിയിലേക്കു പോകുമ്ബോള്‍ ക്ലാര സെല്‍ഫോണും കരുതിയിരുന്നില്ല. വെള്ളിയാഴ്ച പുറത്തെ താപനില 90 ഡിഗ്രി വരെ ഉയര്‍ന്നിരുന്നു. വാഹനത്തിനകത്ത് അകപ്പെട്ടതോടെ മുന്‍ സീറ്റിലേക്കു കടക്കുന്നതിനോ ഹോണ്‍ അടിക്കുന്നതിനോ ഇവര്‍ക്കു കഴിഞ്ഞില്ലെന്നു പറയപ്പെടുന്നു. പുറകിലെ സീറ്റില്‍ നിന്നും മുന്‍വശത്തെ സീറ്റിലേക്ക് കടക്കാതിരിക്കുന്നതിനു ശക്തമായ കമ്ബി കൊണ്ടുള്ള നെറ്റ് സ്ഥാപിച്ചിരുന്നു. വാഹനത്തില്‍ നിന്നും പുറത്തു കടക്കുന്നതിനു ശ്രമിച്ചതിന്‍റെ അടയാളങ്ങള്‍ കാണാമായിരുന്നുവെന്നു പോലീസ് പറയുന്നു.

ഇതൊരു അപകട മരണമാണെന്നും അന്വേഷണം നടത്തുമെന്നും മയാമി ലോക്കല്‍ പോലീസ് അറിയിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍