ജനം ടിവിയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്നതായി കോഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍

കൊച്ചി: ജനം ടിവി തന്നെ ഏല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്തങ്ങളില്‍ നിന്ന് മാറിനില്‍ക്കുന്നെന്ന് കോഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍. കസ്റ്റംസ് മണിക്കൂറുകള്‍ ചോദ്യം ചെയ്തതിന് പിന്നാലെയാണ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അനില്‍ നമ്പ്യാര്‍ ഇക്കാര്യം അറിയിച്ചത്. അനില്‍ നമ്പ്യാര്‍ക്കെതിരായ സ്വപ്ന സുരേഷിന്റെ മൊഴി പുറത്തുവന്നതോടെ സ്വര്‍ണക്കടത്തുകേസില്‍ ബിജെപി പ്രതിരോധത്തിലായിരിക്കുകയാണ്. വി.മുരളീധരന്‍ പ്രതികള്‍ക്ക് പരോക്ഷനിര്‍ദേശം നല്‍കുകയായിരുന്നെന്ന് സിപിഎം ആരോപിച്ചു.

സ്വര്‍ണക്കടത്തുകേസില്‍ ശരിയായ അന്വേഷണം നടന്നാല്‍ പലരുടെയും നെഞ്ചിടിപ്പുകൂടുമെന്ന നിലപാട് ഇപ്പോള്‍ കൂടുതല്‍ ശരിയായെന്ന് അവര്‍ പറഞ്ഞു. കള്ളക്കടത്ത് നയതന്ത്ര ബാഗേജ് വഴിയല്ലെന്ന നിലപാടാണ് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരനും തുടക്കം മുതല്‍ സ്വീകരിച്ചത്.പ്രതികള്‍ക്ക് പരോക്ഷ നിര്‍ദേശം നല്‍കുകയാണോ മുരളീധരന്‍ ചെയ്യുന്നതെന്ന സംശയം ശക്തിപ്പെടുത്തുന്നതാണ് പുറത്തുവന്ന മൊഴിപകര്‍പ്പുകള്‍. ജനം ടിവിക്ക് ബിജെപിയുമായി ബന്ധമില്ലെന്ന നുണപ്രചാരണം വഴി ജനങ്ങളെ പറ്റിക്കാനുള്ള ശ്രമം വിലപ്പോവില്ല. അനില്‍ നമ്പ്യാരെ തള്ളിപ്പറഞ്ഞതോടെ ബിജെപിക്ക് എന്തോ മറച്ചുവയ്ക്കാനുണ്ടെന്ന് വ്യക്തമായെന്നും സിപിഎം പ്രതികരിച്ചു.