ഇന്ത്യയുമായി കൈകോര്‍ത്ത് വാക്‌സീന്‍ നിര്‍മ്മാണത്തിന് യുഎസിലെ ബെയ്ലര്‍ കോളജ് ഓഫ് മെഡിസിന്‍

ഹൂസ്റ്റണ്‍: ഇന്ത്യന്‍ കമ്പനിയുമായി കൈകോര്‍ത്തു യുഎസിലെ ബെയ്ലര്‍ കോളജ് ഓഫ് മെഡിസിന്‍ (ബിസിഎം) കോവിഡ് വാക്സീന്‍ നിര്‍മാണത്തിലേക്ക്. കൂടുതല്‍ സുരക്ഷിതവും ഫലപ്രദവും ചെലവു കുറഞ്ഞതുമായ വാക്സീന്‍ വികസിപ്പിക്കാന്‍ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ബയോളജിക്കല്‍ ഇ ലിമിറ്റഡുമായാണ് (ബിഇ) ബിസിഎം ലൈസന്‍സിങ് കരാറില്‍ എത്തിയിരിക്കുന്നത്.

ബെയ്ലര്‍ വികസിപ്പിച്ച റീകോമ്പിനന്റ് പ്രോട്ടീന്‍ വാക്സീന്റെ നിര്‍മാണത്തിനു വേണ്ടിയാണു ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിഇയ്ക്കു ലൈസന്‍സ് നല്‍കിയിരിക്കുന്നത്. വാക്സീന്റെ തുടര്‍ന്നുള്ള പരീക്ഷണങ്ങളും വാണിജ്യപരമായ കാര്യങ്ങളും ബിഇ ആയിരിക്കും ഏകോപിപ്പിക്കുക. സാര്‍സ്, മെര്‍സ് എന്നിവയ്ക്കുള്ള വാക്സീനുകള്‍ ബിസിഎം നിര്‍മിക്കുന്നുണ്ട്. പരീക്ഷണം ഇന്ത്യയില്‍ നടന്നുവരികയാണെന്നും അടുത്ത വര്‍ഷത്തോടെ വാക്‌സീന്‍ വിപണിയില്‍ എത്തിക്കാനാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ബിസിഎം അധികൃതര്‍ പറഞ്ഞു.