പുറം ചൊറിയാനൊരു ബംഗാളി (കഥ -വിനീത അനിൽ)

പുതിയ വീടിന്റെ ഉമ്മറത്തെ സോഫാ സെറ്റിയിലിരുന്ന് കാരണവർ നീട്ടിത്തുപ്പാനോങ്ങി. ഇന്റർലോക്ക് വിരിച്ച മുറ്റത്തിന്റെ അസ്വാതന്ത്ര്യം കയ്പുനീർ പടർത്തി .  മീരയുടെ തീ പാറുന്ന നോട്ടം തികട്ടി വന്ന തുപ്പലിനെ തിരിച്ചെടുത്തു. മഴപ്പെയ്ത്തും കൊയ്ത്തുപാട്ടും പഴയ വീടിന്റെ ശാന്തിയുമെല്ലാം പുതിയ വീടിന്റെ ദംഷ്ട്രകൾ കാർന്നെടുത്തിരിക്കുന്നു. ഡോണ്ട് ഡു
ഡോണ്ട് ഡു എന്ന അരുതുകളുടെ മതിലുകൾ ….! ഒക്കെയും ഭേദിച്ചു പുറത്ത് കടക്കാനാവാത്ത സ്നേഹത്തിന്റെ കെട്ടുപാടുകൾ. ഹരിയെ ഓർക്കുമ്പോൾ മാത്രമാണ്.
എത്ര തന്നെ വളർന്ന് വലുതായാലും
അവനെനിക്ക് വള്ളിനിക്കറിട്ട ഹരിക്കുട്ടൻ തന്നെയാണ് .
പുതിയ വീട്ടിലേക്ക് വന്നപ്പോൾ എന്തൊക്കെയാണ് നഷ്ടമായത്?  വർഷങ്ങളോളം മുടങ്ങാതെ എഴുതുമായിരുന്ന ഡയറിക്കുറിപ്പുകൾ. അങ്ങനെ എന്തെല്ലാം . പഴയ സാധനങ്ങൾ കത്തിക്കുന്ന കൂട്ടത്തിൽ തന്റെ ഓർമയുടെ തുടിപ്പുകൾ നിഷ്കരുണം വലിച്ചെറിഞ്ഞ്, മലയാളത്തിന്റെ നനുപ്പിലേക്ക് ആംഗലേയത്തിന്റെ കറുത്ത ബൂട്ട് ആധിപത്യം സ്ഥാപിക്കുന്നത് നിസ്സഹായനായി നോക്കി നിൽക്കേണ്ടി വന്നു.
“പപ്പാ പപ്പാ ഗ്രാന്റ് പ കാണ്ട് സ്പീക് ഇംഗ്ലീഷ് …. ഷെയിം ”    കുഞ്ഞുമോൻ ഹരിയെ ഓർമിപ്പിക്കും. മീരയുടെ മുഖത്തും പുഛം അരിച്ചെത്തും. സ്നേഹസ്മൃതികൾ തീർത്തും അന്യം വന്നിട്ടില്ലാത്തതു കൊണ്ടാവണം ഹരി മൗനം പൂണ്ടിരിക്കും. പഴയ വീട്ടിൽ ഉപേക്ഷിച്ചു പോരേണ്ടി വന്ന സ്നേഹത്തിന്റെ വിളിയൊച്ചകൾ തിരിച്ചു കിട്ടാനാവാത്ത വിധം അന്യം വന്നിരിക്കുന്നു. തന്റെ ലക്ഷ്മി ഉണ്ടായിരുന്നെങ്കിൽ!

“അല്ല മാഷേ ങ്ങള് ഒറ്റക്കിരുന്ന് കിനാവ് കാണ്വാ ? തിളച്ചു പൊങ്ങുന്ന ഓർമകളെ മുറിച്ചു കൊണ്ട് ഗോവിന്ദൻ പടി കടന്നു വരുന്നു.  മനം മടുപ്പിക്കുന്ന ഏകാന്തതയിൽ ഇത്തിരി ആശ്വാസം ഗോവിന്ദനാണ്.
ആ…. ഗോവിന്ദനോ … ഇരിക്ക്. കുറച്ചായല്ലോ നെന്നെ കണ്ടിട്ട്.
മോളും കുട്ട്യേളും ണ്ടായി നു . കുട്ട്യേൾ വീട്ടിലുണ്ടേൽ  നേരം പോകുന്നതറിയില്ല. കളീം ചിരീം ആയി റ്റ് . ഓല് പോയാപ്പിന്നെ സങ്കടാ .
മക്കള്ണ്ടാവ് മ്പല്ലേ മാഷേ മ്പളൊക്കെ മറക്ക്വ.  ങ്ങക്കോർ മല്ലേ പണ്ട് ഹരി ണ്ടായപ്പൊള്ള സന്തോഷം. എനിക്കൊരാൺകുട്ടിള്ള സങ്കടായിരുന്നു അന്ന്. ഒരു കണക്കിന് പെൺകുട്ട്യോള് തന്യാ നല്ലത്. ഏടപ്പോയാലും അച്ഛൻ അമ്മ ന്നുള്ള വിചാരം ഓർക്ക് ണ്ടാകും. ഗോവിന്ദന്റെ അത്തരം ചില ഓർമപ്പെടുത്തലുകൾക്ക് കൂരമ്പിന്റെ മൂർച്ചയുണ്ടായിരുന്നു. ഒന്നും പറഞ്ഞില്ല. കുറച്ചു നാളായി കേറിക്കൂടിയ നിസ്സംഗതയുടെ ചിരി പടർത്തി കണ്ണുകളടച്ചു. ഇങ്ങള് നേരത്തിന് മരുന്ന് കുടിക്കലില്ലേ ലക്ഷ്മ്യമ്മ പോയേപ്പിന്നെ ….?
ശരിയാണ് അവൾ പോയതിൽപ്പിന്നെ ഇതുപോലൊരു കരുതലിന്റെ കരം തന്റെ നേർക്കുണ്ടായിട്ടില്ല.
” അതൊക്കെപ്പറഞ്ഞിട്ടെന്താ ഗോവിന്ദാ…. മക്കള് തന്നേക്കാളും വളർന്നാ നമ്മൾ അവർക്കനുസരിച്ച് ന്നല്ലേ? അവള് മരിക്കുമ്പളും പറഞ്ഞിട്ടുണ്ട്. ഹരീ നെ സങ്കടപ്പെടുത്തരുത് ന്ന് . പോയിട്ടിപ്പം രണ്ട് കൊല്ലായി.
കാരണവർ വികാരാധീനനായി. ഗോവിന്ദൻ വിഷയം മാറ്റാനേ ന്നോണം ….വരീം മാഷേ നമുക്കിത്തിരി നടക്കാം. എൺപതിലും ആരോഗ്യം വിടാതെ പാടവരമ്പത്തു കൂടി കൊയ്ത്തുപാട്ടിന്റെ താളം ചവിട്ടി കാരണവർ നടന്നു. പൊന്നു വിളയുമായിരുന്ന പാടമിപ്പോൾ ക്രിക്കറ്റ് കളിക്കാരുടെ കനത്ത പാദങ്ങളേറ്റ് അമർന്നു പോയിരിക്കുന്നു. പച്ചയുടെ ചെറിയ തുടിപ്പ് പോലും ബാക്കിയില്ലാതെ തരിശായ് കിടക്കുന്നു. ഉണങ്ങി വരണ്ട പ്രകൃതി കാരണവരുടെ മനസിനെ ഓർമിപ്പിച്ചു. ഒരിറ്റ് നനവ് പടർത്താതെ മഴ പോലും മടിച്ചു നിൽക്കുന്നു.
ഗോവിന്ദാ നിയ്യിത് കണ്ടോ ? ന്റെ ലക്ഷ്മി എല്ലാ ഐശ്വര്യവുമായിട്ടാ കടന്ന് പോയത്. ഒരു തരത്തിൽ പറഞ്ഞാൽ നിയ്യ് ഭാഗ്യ ള്ളോനാ. പേരക്കുട്ട്യേൾടെ സ്നേഹം ആവോളം അനുഭവിക്കാലോ ? ന്നാള് എന്റെ പുറം ഒന്ന് ചൊറിയാൻ പറഞ്ഞപ്പം ഹരീ ടെ മോൻ പറയാ മമ്മാ ഗ്രാന്റ് പ നീഡ് എ ബംഗാളി ….ന്ന് !
ഇപ്പം മാവേലി വരെ ബംഗാള്യാത്രെ. ഗ്രാൻ പയുടെ കാര്യം നോക്കാൻ ഒരു ബംഗാളിയെ ഏർപ്പാടാക്കണംന്ന്.
ഗ്രാന്റ് പ ദേഹത്ത് പുരട്ടുന്ന എണ്ണക്ക് ഡേർട്ടി സ്മെൽ ആണെത്രെ!
കാലിനും കൈക്കും ബലം കിട്ടാൻ വേണ്ടി  ലക്ഷ്മി ഹരിയെ പത്ത് വയസ്റ്റ് വരെ ഈ ഡേർട്ടി സ്മെൽ എണ്ണ തേച്ചിടുമായിരുന്നു. കുഞ്ഞു തോർത്തു മുണ്ടുടുത്ത് എണ്ണയിൽ മിനുങ്ങി വീടിനു ചുറ്റും ഓടുന്ന ഹരിയുടെ ചിത്രം ഒരോർമത്തെറ്റു പോലെ കാരണവരെ പൊതിഞ്ഞു.

കുത്തരിച്ചോറ് തിന്ന് വളർന്ന ഹരിയുടെ മകന് ഫ്രൈഡ് റൈസ് മതി. ഓഫീസ് വിട്ട് കയറി വന്നാൽ മീര ആദ്യം നോക്കുക പുതിയ വീട്ടിൽ താനെന്തെങ്കിലും അഴുക്കടയാളങ്ങൾ വരുത്തി യോ എന്നാണ്. പ്രാകിക്കൊണ്ട് അകത്തേക്ക് കയറുമ്പോൾ ഹരിയെ കുറ്റപ്പെടുത്തും. എത്ര നാളായ് പറയുന്നു ഓൾഡ് ഏജ് ഹോമിലാക്കാൻ! അച്ഛന്റെ കാര്യം പറയുമ്പോൾ ഇവിടൊരാളുടെ വായ് മൂടിക്കെട്ടിയിരിക്കയല്ലേ !
മുഖത്ത് നോക്കി തെറി വിളിക്കുന്ന മരുമക്കളെ വച്ച് നോക്കുമ്പോൾ മീര ഭേദമാണ്. മുഖം തരാതെ മുറുമുറുക്കുകയല്ലേയുള്ളൂ.

കുട്ടികളുടെ പ്രിയപ്പെട്ട മാഷും സ്കൂളിലെ ഹെഡ് മാഷും വീട്ടിലെ കാരണവരുമായി ജീവിച്ച ധാർഷ്ട്യത്തിന്റെ മുനയൊടിഞ്ഞു പോകുന്ന ചില നിമിഷങ്ങൾ. താനാണ് വലിയ ശരിയെന്നത് വെറും തോന്നലായിരുന്നുവെന്ന് കാലം ഓർമപ്പെടുത്തുന്നു. മാഷേ ങ്ങളെന്താ
ആലോചിക്കുന്നത് ?
ഗോവിന്ദാ വാ നമുക്ക് തിരിച്ചു നടക്കാം. പുറം ചൊറിയാനൊരു ബംഗാളിയെ തിരയാൻ സമയമായിരിക്കുന്നു. എന്റെ ഡേർട്ടി സ്മെല്ലിനോട് ചേർന്നിരിക്കാൻ പാകത്തിനൊരു ബംഗാളിയെ !