നമ്മുടെ ജീവിതവും സമൂഹത്തിന്റെ സ്വാധീനവും (ശിവകുമാർ)

“മുൻപേ ഗമിച്ചീടിന ഗോവു തന്റെ പിൻപേ ഗമിക്കും ബഹു ഗോക്കളെല്ലാം” എന്ന വരികൾ കേൾക്കാത്ത മലയാളിയുണ്ടാവില്ല. പക്ഷേ ഈ  വരികളുടെ അർത്ഥം, പൂർണ്ണമായി മനസ്സിലാക്കി ജീവിതത്തിൽ പ്രയോജനപ്പെടുത്തുന്നവർ വളരെ കുറവാണ് എന്നതാണ് യാഥാർത്ഥ്യം.
ബാൻഡ് വാഗൺ ഇഫക്ട്

ബാൻഡ് വാഗൺ ഇഫക്ട് എന്ന് ഇംഗ്ലീഷിൽ  പറയാറുണ്ടെങ്കിലും, മലയാളത്തിലെ മേൽപ്പറഞ്ഞ  വരികൾ നൽകുന്ന അർത്ഥവ്യാപ്തി അതിനില്ല എന്നതാണ് വാസ്തവം.
ഒരാൾ ഒരു കാര്യം ചെയ്താൽ, അത് എന്തിനാണെന്നോ, അങ്ങിനെ ചെയ്യാനിടയാക്കിയ സാഹചര്യം എന്താണെന്നോ ആലോചിക്കാതെ, അഥവാ അതിനെക്കുറിച്ച്  മുൻപിൻ  ചിന്തിക്കാതെ, അതിന് പുറകെ പോകുന്നവരാണ് ഭൂരിപക്ഷം പേരും.  ഒരു ഘോഷയാത്ര പോകുമ്പോൾ എന്തിനെന്നറിയാതെ അതിന്റെ പുറകേ പോകുന്നവരെപ്പോലെ,  സ്വയമറിയാതെ ജീവിതത്തിൽ തീരുമാനമെടുക്കുന്നവർ ധാരാളമുണ്ട് നമ്മുക്ക് ചുറ്റും.
അങ്ങിനെ മറ്റുള്ളവരെ അനുകരിച്ച്, തങ്ങൾക്ക് ആവശ്യമില്ലാത്ത കാര്യങ്ങൾക്കായി പണം ചിലവഴിച്ച് കടക്കെണിയിലാവുന്നവരാണ് ഇവരിൽ മഹാഭൂരിപക്ഷം പേരും എന്നത് വേദനിപ്പിക്കുന്ന യാഥാർത്ഥ്യമാണ്.
സുഹൃത്തിന്റേത് പോലുള്ള ഫോൺ, ആഭരണങ്ങൾ, വലിയ ഫ്രിഡ്ജ്, തുടങ്ങിയ കാര്യങ്ങൾ  മുതൽ വൻ മുതൽ മുടക്കുള്ള, എന്നാൽ അത്യാവശ്യമല്ലാത്ത  SLR ക്യാമറ, വലിയ ടെലിവിഷൻ,  സ്പോർട്ട്സ്  ബൈക്ക്, 4 വീൽ ഡ്രൈവ് കാർ, വലിയ വീട് തുടങ്ങി മിക്ക കാര്യങ്ങളിലും  മറ്റുള്ളവരെ അനുകരിച്ചാണ്, ഒരു പാട് പേർ വൻ സാമ്പത്തിക ബാദ്ധ്യതയിൽ വീണു പോവുന്നത്.
സ്ഥല പരിമിതിയുള്ള വ്യക്തി, രണ്ടു നിലയിൽ വീട് നിർമ്മിച്ചാൽ ഏക്കർ കണക്കിന് സ്ഥലമുള്ളവരും രണ്ടു നില വീടാണ് നിർമ്മിക്കുക. ഹൈറേഞ്ചിൽ താമസിക്കുന്നയാൾ സൗകര്യാർത്ഥം ഓഫ് റോഡ് വെഹിക്കിൾ വാങ്ങിച്ചാൽ, സിറ്റിക്കകത്ത് താമസിക്കുന്ന സുഹൃത്തും അത് തന്നെയാവും  വാങ്ങുന്നത്.
നിത്യജീവിതത്തിൽ ഇത്തരത്തിൽ ഒരു പാട് കാര്യങ്ങൾ ഉണ്ടെങ്കിലും, സമീപകാലത്ത് നമ്മുടെ നാട്ടിൽ നടക്കുന്ന വിവാഹ ആഘോഷങ്ങൾ ( പലതും ആഭാസങ്ങളായി മാറിയിട്ടുമുണ്ട്) മിക്കതും, മേൽപ്പറഞ്ഞ  ബാൻഡ് വാഗൺ ഇഫക്ടിന്റെ പ്രകടമായ ഉദാഹരണമാണ്.
പുത്തൻ പണക്കൊഴുപ്പ് കാണിക്കാനായി, ഒന്നോ രണ്ടോ പേർ കാണിച്ച വിവാഹ ധൂർത്തിന് പുറകെ, മറ്റുള്ളവർ വരിവരിയായി നീങ്ങിയപ്പോൾ,  അത്രയും പണമില്ലാത്തവർ കൊള്ളപ്പലിശക്ക് കടമെടുത്താണ് മക്കളുടെ വിവാഹാഘോഷം കെങ്കേമമാക്കിക്കൊണ്ടിരിക്കുന്നത്. നല്ലൊരു വിവാഹത്തിനായി  മികച്ച ഹാൾ, നല്ല ഭക്ഷണം പോലുള്ള ആവശ്യങ്ങളിൽ   നിന്ന് മാറി, ബാൻറ് വാദ്യത്തിലും ഗാനമേളയിലും തുടങ്ങിയ ധൂർത്ത്,   ഇന്ന്  ഐറ്റം ഡാൻസും കാവടിയാട്ടവും  വരെ എത്തി നിൽക്കുന്നു. ആനപ്പുറത്തും രഥത്തിലും  ഒക്കെ വധൂവരൻമാരെ ആനയിക്കുന്നത് ഇപ്പോൾ  സാധാരണമായിട്ടുണ്ട്.
ആദിവാസി സമൂഹങ്ങളിലും, വടക്കേയിന്ത്യയിലെ പല ജനവിഭാഗങ്ങളിലും, ജന്മദിനം മുതൽ എല്ലാ ആഘോഷങ്ങളിലും കുടുംബസമേതമുള്ള നൃത്തം ഒഴിച്ചു കൂടാനാവാത്ത ഒരിനമാണെന്ന് നമ്മുക്കറിയാം. പക്ഷേ നമ്മുടെ  കേരളത്തിലും സ്ഥിതി മാറി വരുന്നുണ്ട് എന്നതിന് ഉദാഹരണമാണ് വധൂവരൻമാരുടെ മാതാപിതാക്കളും ഇപ്പോൾ മക്കളുടെ  വിവാഹവേളയിൽ നൃത്തം ചെയ്യുന്നത്. ഇവരിൽ മിക്കവരും ഇഷ്ടം കൊണ്ടല്ല നൃത്തം ചെയ്യുന്നത്, മറിച്ച് നിവൃത്തികേട് കൊണ്ടാണ് എന്നറിയുമ്പോഴാണ്,  കാര്യത്തിന്റെ ഗൗരവം മനസ്സിലാവുക.
തൊട്ട് മുൻപ്  നാട്ടിൽ നടന്ന വിവാഹത്തിലെ പരിപാടികൾ അനുകരിച്ചോ,   അതിൽ കൂടുതൽ  ചിലവഴിച്ചോ  ധൂർത്ത് നടത്തുക എന്നതാണ് ഇന്നത്തെ രീതി.
വിവാഹം മാത്രമല്ല മറ്റ് ആഘോഷങ്ങളിലും ഇത്തരം ധാരാളിത്തം കടന്നു വരുന്നുണ്ട്.  ഒരാൾ, ഗൃഹവേശം നടക്കുന്ന വീടിനു മുന്നിലൂടെ കടന്നുപോയ ആനയ്ക്കും പാപ്പാനും പഴക്കുലയും സദ്യയും നൽകിയപ്പോൾ കുട്ടികളും മറ്റും ആനക്ക് ചുറ്റും കൂടി ഫോട്ടോ എടുക്കുകയുണ്ടായി. ഇതറിയാനിടയായ മറ്റൊരു വ്യക്തി തന്റെ ഗൃഹപ്രവേശത്തിന് ഗാംഭീര്യം കൂട്ടാൻ ആനയെ വാടകക്കെടുക്കുകയും  അപകടത്തിൽ കലാശിക്കുകയും ചെയ്തത് സമീപകാലത്താണ്.
കോവിഡ് വ്യാപനം കാരണം ഇത്തരം ധൂർത്തിന് താൽക്കാലികമായി മാറ്റം വന്നിട്ടുണ്ടെങ്കിലും  ജനങ്ങളുടെ മനോഭാവത്തിൽ മാറ്റമുണ്ടാവുന്നില്ല എന്നതാണ് ഖേദകരം. മലയാളികളുടെ മുന്നിൽ എന്ത് ധാരാളിത്തം കാണിച്ചാലും, ബഹുമാനമോ ആദരവോ കിട്ടുകയില്ലെന്നും, മറിച്ച് പുച്ഛവും ആക്ഷേപവും വിമർശനവും മാത്രമാണ് ലഭിക്കുകയെന്നുമുള്ള യാഥാർത്ഥ്യം നമ്മൾ തിരിച്ചറിയാൻ വൈകിയിരിക്കുന്നു,
പക്ഷേ ഇതൊന്നും ധൂർത്തല്ല, മറിച്ച് ഓരോരുത്തരുടെയും ഇഷ്ടമാണ്,  എന്നു പറയുന്നവരും ഇല്ലാതില്ല. പക്ഷേ പണമില്ലാത്തവരും ഇങ്ങിനെയൊക്കെ ചെയ്യാൻ നിർബന്ധിതരാവുന്നുണ്ട് ‘ എന്നത് വസ്തുതയാണ്.
എങ്ങിനെ വിവാഹച്ചടങ്ങ് നടത്തുന്നു എന്നതിലല്ല, എങ്ങിനെ വിവാഹത്തിന് ശേഷം ദമ്പതിമാർ  ജീവിക്കുന്നു എന്നതാണ് പ്രധാനം. അതിനുള്ള സൗകര്യങ്ങളും സാഹചര്യങ്ങളും ഒരുക്കുക എന്നതാവട്ടെ നമ്മുടെ പ്രഥമ പരിഗണന.
ഏതൊരു കാര്യത്തിലും നമ്മുക്ക് ബാൻഡ് വാഗണിന് പുറകെ പോവാതിരിക്കാം. ധൂർത്തിനായി നമ്മുടെ സമ്പാദ്യവും സമാധാനവും നശിപ്പാക്കിതിരിക്കാം. നമ്മുടെ ജീവിതം നമ്മുടെ ഉത്തരവാദിത്തമാണ്. നമ്മുടെ മാത്രം.
കേരളത്തിലെ അതിസമ്പന്നരൊന്നും, ഇത്തരം കെട്ടുകാഴ്ചകൾ നടത്താറില്ല എന്നതും കൂടെ ചേർത്തു വായിക്കാം.
സോഷ്യൽ പ്രൂഫ് ബയാസ്
——————————————
“നാടോടുമ്പോൾ നടുവേ ഓടണം” എന്നൊരു ചൊല്ലുണ്ടല്ലോ മലയാളത്തിൽ.. ഇനി അങ്ങിനെയൊരു ചൊല്ല് ഇല്ലെങ്കിലും, നമ്മൾ മിക്കവരും അങ്ങിനെയേ ചെയ്യുകയുള്ളു.
ആറ് മണിക്ക് പുറപ്പെടുന്ന ട്രെയിനിൽ പോകാനായി 5 മണിക്ക് തന്നെ നമ്മൾ സ്റ്റേഷനിലെത്തി എന്നു കരുതുക. ആരെങ്കിലും ചിലർ ആ ട്രെയിൻ ഇതാ വന്നു എന്നു പറഞ്ഞ് നമ്മുടെ മുന്നിലൂടെ ഓടിയാൽ നമ്മളും പുറകെ ഓടുമല്ലോ.
ഒരു ഹാസ്യ രംഗം കാണുമ്പോൾ  ആരെങ്കിലും കുറച്ചു പേർ ചിരിച്ചാൽ നമ്മളും ചിരിക്കും. കുറച്ച് പേർ കയ്യടിച്ചാൽ നമ്മളും കയ്യടിക്കും. ഇതിൽ തെറ്റൊന്നുമില്ല, എന്നു മാത്രമല്ല പലപ്പോഴും ഈ ബയാസ്  ഉപകാരപ്രദവുമാണ്.
എന്നാൽ ധാരാളം പേർ ചെയ്യുന്നത് കൊണ്ട് മാത്രം ഒരു കാര്യം ശരിയാവണമെന്നില്ല..വ്യക്തി ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കേണ്ടി വരുമ്പോൾ, മറ്റുള്ളവർ ചെയ്യുന്നത് കണ്ട് കൊണ്ട് മാത്രം തീരുമാനമെടുത്താൽ അബദ്ധമാവാനിടയുണ്ട്.   പ്രത്യേകിച്ചും സോഷ്യൽ മീഡിയയുടെ സ്വാധീനം ഏറെയുള്ള ഇക്കാലത്ത്.
നമ്മുടെ പല സുഹൃത്തുക്കളും ചില കാര്യങ്ങളിൽ നല്ല അഭിപ്രായം പറയുന്നത്, പലപ്പോഴും അവരുടെ അഭിപ്രായം തന്നെ ആവണമെന്നില്ല. അവരും മറ്റുള്ളവരുടെ സ്വാധീനം കൊണ്ട് പറയുന്നതുമാവാം. സോഷ്യൽ മീഡിയ ഏറ്റെടുത്ത പല കാര്യങ്ങളും ദിവസങ്ങൾക്കകം ശോഭ കെട്ടു പോവുന്നതിന് കാരണം യാഥാർത്ഥ്യത്തിൽ നിന്നും മാറി, വൈകാരികമായി പ്രതികരിക്കുന്നത് കൊണ്ടാണ്.
എന്നാൽ യഥാർത്ഥ പരസ്യക്കമ്പനികളാവട്ടെ, ലക്ഷക്കണക്കിന് ആളുകളുടെ സാക്ഷ്യപത്രമുണ്ടെന്ന അവകാശവുമായാണ് വരുന്നത്.
ലക്ഷക്കണക്കിന് ആളുകൾ വാങ്ങുന്നത് കൊണ്ട് മാത്രം, ഒരു ഉൽപന്നം നല്ലതാവണമെന്നോ നമ്മുക്കാവശ്യമുള്ളതാവണമെന്നോ, നിർബന്ധമില്ല.  ലക്ഷക്കണക്കിന് ആളുകൾ വാങ്ങിച്ചു എന്നവകാശപ്പെട്ട പല ഉൽപന്നങ്ങളും, പിന്നീട് വിപണിയിൽ നിന്നും അപ്രത്യക്ഷമാവുന്നത് നാം കണ്ടതാണ്.
ദാനം കിട്ടിയ ആടിനെ, ആളുകൾ ചേർന്ന്, പറഞ്ഞ് പറഞ്ഞ്  പട്ടിയാക്കിയ കഥ പഞ്ചതന്ത്രത്തിൽ നമ്മൾ വായിച്ചിട്ടുമുണ്ട്. എന്നാലിന്ന് പരസ്യങ്ങളും സോഷ്യൽ മീഡിയയും ചേർന്ന്,  പറഞ്ഞ് പറഞ്ഞ് പട്ടിയെ ആടാക്കുന്നതാണ് നമ്മൾ കാണുന്നത്.
ആളുകൾ ചെയ്യുന്നു, വാങ്ങുന്നു എന്നത് കൊണ്ട് മാത്രം  നമ്മൾ തീരുമാനമെടുക്കാതിരിക്കാം. വഞ്ചിതരാവാതെ സ്വയം സൂക്ഷിക്കാം. പ്രലോഭനങ്ങളിൽ വീഴാതെ തീരുമാനങ്ങൾ യുക്തിഭദ്രമാക്കാം. രാജാവ് നഗ്നനാണ് എന്ന് വിളിച്ച് പറഞ്ഞ കുട്ടിയെപ്പോലെ, സോഷ്യൽ പ്രൂഫ് ബയാസിൽ നിന്നും പുറത്ത് കടക്കാം. നമ്മുടെ സമ്പാദ്യവും ജീവിതവും നമ്മുടേതാണ്, അത് അമൂല്യവുമാണ്.