തുറക്കേണ്ടതകക്കണ്ണ് (കവിത-അപ്സര ആലങ്ങാട്ട് )

കാലിന്‍ ചുവട്ടിലെ
മണ്‍തരികളൊന്നൊഴിയാതെ
നീങ്ങിപ്പോയ്,
അഗാധഗര്‍ത്തത്തില്‍
വീണടിയുമ്പോഴും,

വീണതു സ്വര്‍ഗ്ഗത്തിലല്ലേ
എന്നു ചൊല്ലുന്ന വിഡ്ഢികള്‍
വാഴുന്നൊരീ ഭൂവില്‍,

അര്‍ത്ഥങ്ങളെല്ലാം,
അനര്‍ത്ഥങ്ങളാകുന്നു…
നേരായ ചിന്തകള്‍ വഴി തെറ്റുന്നൂ ..

ലോകം മുഴുവന്‍
തന്നെ ശ്രദ്ധിക്കുന്നുവെന്ന ചിന്ത
മനസ്സില്‍, വൃഥാവില്‍,
പേറി നടക്കുമ്പോള്‍,

ലോകര്‍ പറയുന്നതെല്ലാം
തന്നെക്കുറിച്ച് മാത്രമെന്നല്ലോ,
എതൊരു വിഡ്ഢിയും ചിന്തിച്ചീടും…!

മനസ്സിനെ മൂടുന്ന മറകളോരോന്നായ്
മാറ്റിത്തുടച്ചു നോക്കീടുകില്‍,
തിരിച്ചറിഞ്ഞീടും,
ആര്‍ക്കും,മറ്റൊരാളെ ചിന്തിക്കുവാന്‍
നേരവുമില്ലൊട്ടു മനസ്സുമില്ല..!

നീ പറയുന്നതെന്നെക്കുറിച്ചെന്നും,
ഞാന്‍ പറയുന്നതു നിന്നെക്കുറിച്ചെന്നും
ചിന്തിച്ചു കലഹിച്ചീടില്‍,

ഇറ്റു വീഴുന്ന രക്തം
ആര്‍ത്തിയോടെ നക്കിത്തുടക്കുവാന്‍,
ചെന്നായ്ക്കളനവധി
കാത്തിരിപ്പതുണ്ടോര്‍ക്ക, നീ..

സ്വന്തം ലോകത്തില്‍,
സുഖം സൃഷ്ടിക്കാന്‍
ശ്രമിക്കുന്ന മനുഷ്യനുണ്ടോ,
പാരിന്‍റെ വേദന
തിരിച്ചറിയാനായൊരൊട്ടു നേരം…?