അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം ,മരണനിരക്ക് കണക്കുകള്‍ കൃത്യമല്ലെന്ന്

വാഷിംഗ്ടണ്‍ ഡിസി: കോവിഡ് വ്യാപനം കൂടുമ്ബോഴും അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം മരണനിരക്ക് എന്നിവ സംബന്ധിച്ച കണക്കുകള്‍ കൃത്യമല്ലെന്ന് ആരോപണം.

ഫെബ്രുവരി മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഏറ്റവും ചുരുങ്ങിയത് 1,80,000 പേര്‍ കോവിഡിനെ തുടര്‍ന്ന് അമേരിക്കയില്‍ മരിച്ചതായി വാഷിംഗ്ടണ്‍ പോസ്റ്റ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രതിദിനം രണ്ടായിരത്തിലേറെ പേര്‍ മരിച്ചിരുന്ന പലയിടത്തും ഏപ്രിലില്‍ നിന്നും ജൂലൈയിലെത്തിയപ്പോള്‍ മരണ നിരക്ക് 500ലും താഴെ ആയെന്നാണ് കണക്ക്. എന്നാല്‍, പൊതുജനങ്ങള്‍ സാധാരണ രീതികളിലേക്ക് മാറിയതോടെ പലയിടങ്ങളിലും രോഗവ്യാപന നിരക്ക് വര്‍ധിക്കുകയും മരണം വീണ്ടും ഉയരുകയും ചെയ്തു. പക്ഷേ ഇതൊന്നും കണക്കുകളില്‍ കൃത്യമായി ഉള്‍പ്പെടുത്തുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

ടെക്‌സസ്, ഫ്‌ളോറിഡ, കാലിഫോര്‍ണിയ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ആഴ്ചകളായി രോഗവ്യാപന നിരക്ക് വര്‍ധിക്കുന്നതിനെ തുടര്‍ന്ന് മരണ നിരക്കിലും വര്‍ധനവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിച്ചിരുന്നുവെന്ന് ആരോഗ്യ രംഗത്തെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്നാല്‍ നേരെ വിപരീതമാണ് സംഭവിച്ചത്- റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പല നഗരങ്ങളിലും സംസ്ഥാനങ്ങളിലും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെയും കണക്കെടുക്കുന്നതിന്റെയും മാനദണ്ഡങ്ങളില്‍ മാറ്റങ്ങളുണ്ടായിട്ടുണ്ട്. അതുകൊണ്ടായിരിക്കാം കണക്കുകളില്‍ ചാഞ്ചാട്ടം സംഭവിക്കുന്നതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.