രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കൊവിഡ് രണ്ടാം ഘട്ട വ്യാപനം തുടങ്ങി: 2021ലും രോഗവ്യാപനം തുടർന്നേക്കുമെന്ന് എയിംസ് ഡയറക്ടർ

ന്യൂഡൽഹി: രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കൊവിഡ് 19 ന്റെ രണ്ടാംഘട്ട വ്യാപനം ആരംഭിച്ചുകഴിഞ്ഞെന്ന് എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ. 2021 ലും കൊവിഡ് വ്യാപനം തുടർന്നേക്കുമെന്നും കൊവിഡ് കേസുകൾ ദിനംപ്രതി വർധിച്ചുവരുന്ന പ്രവണത സൂചിപ്പിക്കുന്നത് അതാണെന്നും അദ്ദേഹം ഇന്ത്യടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അടുത്തവർഷം ആദ്യമാസങ്ങളിൽ കൊവിഡ് രോഗത്തിന് ശമനമുണ്ടായേക്കാം. കൊവിഡ് കേസുകൾ വർധിക്കുന്നതിന്റെ കാരണങ്ങളിൽ ഒന്ന് ടെസ്റ്റുകളുടെ എണ്ണം വർധിച്ചുവെന്നതാണ്. പത്തു ലക്ഷത്തിലധികം ടെസ്റ്റുകളാണ് ഓരോ ദിവസവും നടത്തുന്നത്. സ്വാഭാവികമായും കൂടുതൽ കൊവിഡ് രോഗികളെ കണ്ടെത്താൻ കഴിയുമെന്നും ഗുലേറിയ പറഞ്ഞു.

അതേസമയം, കൊവിഡിനെതിരെ ജാഗ്രത പുലർത്തുന്നതിൽ ജനങ്ങൾക്കുണ്ടായ അലംഭാവമാണ് രണ്ടാംഘട്ട വ്യാപനത്തിലേക്ക് നയിക്കുന്ന ഘടകമെന്നും മുൻകരുതൽ നടപടികൾ സ്വീകരിച്ചുവന്ന പലരും മടുത്ത് പിന്മാറി തുടങ്ങിയിരിക്കുന്നു. ഡൽഹിയിൽ ജനങ്ങളെ മാസ്‌ക് പോലും ധരിക്കാതെ പൊതുസ്ഥലങ്ങളിൽ കണ്ട് തുടങ്ങിയിരിക്കുന്നെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

പലസ്ഥലത്തും ആൾക്കൂട്ടങ്ങൾ രൂപപ്പെട്ടതെല്ലാം കൊവിഡ് കേസുകൾ വർധിക്കാൻ കാരണമാകും. രോഗവ്യാപനം കുറഞ്ഞ് തുടങ്ങുന്നതിനു മുമ്പ് രോഗികളുടെ എണ്ണം വർധിച്ചേക്കാം. വാക്‌സിൻ യാഥാർത്ഥ്യമാകാൻ ഏതാനും മാസങ്ങൾകൂടി കാത്തിരിക്കേണ്ടി വന്നേക്കാം. വാക്‌സിൻ വൻതോതിൽ നിർമ്മിക്കുകയും ലോകം മുഴുവനും എത്തിക്കുകയും ചെയ്താൽ മാത്രമെ എല്ലാവർക്കും വാക്‌സിൻ എടുക്കാൻ കഴിയൂ. സാമൂഹ്യ അകലം ഉറപ്പാക്കുക, മാസ്‌ക ധരിക്കുക, കൈ കഴുകുന്ന എന്നീ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചാൽ കോവിഡ് ബാധിക്കുന്നത് ഒരു പരിധിവരെ തടയാൻ കഴിയുമെന്നും അദ്ദേഹം നിർദേശിച്ചു.

എന്നാൽ മെട്രോ സർവീസുകൾ പുനരാരംഭിക്കുന്നതോടെ അവയിൽ ജനങ്ങൾ തിങ്ങിനിറഞ്ഞ് സഞ്ചരിക്കുന്ന സാഹചര്യമുണ്ടായാൽ കാര്യങ്ങൾ കൈവിട്ടുപോകും. പബ്ബുകളും ബാറുകളും അടക്കമുള്ളവ വ്യാപകമായി തുറക്കുന്നതോടെ അവിടേക്ക് പോകുന്നവരും അതീവ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് ഡോ. രൺദീപ് ഗുലേറിയ മുന്നറിയിപ്പ് നൽകി.